ന്യൂദല്‍ഹി: കമ്മ്യൂണിസ്റ്റ് ചൈനയുടെ അധീശത്വത്തെയും സൈന്യബലത്തെയും വെല്ലുവിളിച്ച നാന്‍സി പെലോസി ഇപ്പോള്‍ ലോകമെങ്ങും ഇരുമ്പുവനിതയായ് അവരോധിക്കപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മണിക്ക് ക്വാലലമ്പൂരില്‍ നിന്നും തയ് വാനിലേക്ക് ചൈനയുടെ വെല്ലുവിളികള്‍ക്ക് പുല്ലുവില കല്പിച്ച് യുഎസ് വ്യോമസേന വിമാനമായ സ്പാര്‍ 19ല്‍ പറക്കുമ്പോള്‍ ഫ്ളൈറ്റുകളുടെ സഞ്ചാരപഥം തത്സമയം നിരീക്ഷിക്കാവുന്ന ഫ്ളൈറ്റ് റഡാര്‍ 24ല്‍ ഇത് വീക്ഷിച്ചത് മൂന്നു ലക്ഷം പേരാണ്.
നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിക്കരുതെന്ന ആഗ്രഹക്കാരനായിരുന്നു ജോ ബൈഡന്. പക്ഷെ അദ്ദേഹത്തിന് പക്ഷെ നാന്‍സി ഒരു യാത്ര തീരുമാനിച്ചാല്‍ അത് മുട്ടക്കാനുള്ള അധികാരമില്ല. യുഎസ് പ്രസിഡന്റിനെപ്പോലെ യാത്രാക്കാര്യത്തിലെല്ലാം സ്വന്തം തീരുമാനമെടുക്കാനുള്ള സര്‍വ്വസ്വാതന്ത്ര്യം സഭയുടെ മറ്റൊരു മേധാവിയായ നാന്‍സി പെലോസിക്കുണ്ട്. സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് നാന്‍സി പെലോസി ഈ തീരുമാനം എടുത്തത്.
ഉടനെ നാന്‍സി പെലോസി തയ് വാന്‍ സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ടെന്നും അത് അമേരിക്കയുടെ രാഷ്ട്രീയ നയതീരുമാനമായി കാണരുതെന്നും പറഞ്ഞ് ജോ ബൈഡന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെ ഫോണില്‍ വിളിച്ചു. പക്ഷെ അദ്ദേഹം അതിനെ കര്‍ശനമായി വിമര്‍ശിക്കുകയും തീകൊണ്ട് കളിക്കരുതെന്ന് താക്കീത് നല്‍കുകയുമാണ് ചെയ്തത്. പിന്നീടങ്ങളോട്ട് ചൈനയുടെ വിദേശകാര്യമന്ത്രി ഉള്‍പ്പെടെ ഒട്ടേറെ നയതന്ത്രപ്രതിനിധികള്‍ ഇതിനെ വിമര്‍ശിക്കാന്‍ തുടങ്ങി. എന്തിന് ചൈനയുടെ ഔദ്യോഗിക ടാബ്ലോയ്ഡായ ഗ്ലോബല്‍ ടൈംസിന്റെ മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് നാന്‍സി പെലോസി തയ് വാനിലേക്ക് പറന്നാല്‍ വിമാനം വെടിവെച്ചിടുമെന്ന് വരെ ഭീഷണിപ്പെടുത്തി.
ഇതോടെയാണ് നാന്സിക്ക് വാശി ഇരട്ടിച്ചത്. എന്തിന് അമേരിക്കയുടെ പ്രതിരോധ വകുപ്പിന്റെ ചുക്കാന്‍ പിടിക്കുന്ന പെന്റഗണ്‍ വരെ തയ് വാനിലേക്ക് സന്ദര്‍ശനം നടത്തുന്നതിന് ഇത് പറ്റിയ സമയമല്ലെന്ന് ഉപദേശിച്ചതാണ്. പക്ഷെ നാന്‍സി പെലോസി ഒരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കുന്ന വ്യക്തിയാണ്. മാത്രമല്ല, തയ് വാനില്‍ കാലുകുത്തരുതെന്ന് ചൈന താക്കീത് നല്കി തന്റെ യാത്ര മുടക്കിയാല്‍ അത് ചൈനയുടെ അഹങ്കാരം കൂട്ടുമെന്നും ലോകത്തിന് മുന്നില്‍ യുഎസിനെക്കുറിച്ച് ദുര്‍ബലമായ ഒരു ചിത്രം വന്നേക്കുമെന്നും നാന്‍സി കരുതി. അതുകൊണ്ട് തന്നെയാണ് അവര്‍ തയ് വാന്‍ സന്ദര്‍ശനം ദൃഢതീരുമാനമാക്കി മാറ്റിയത്. ഇതേക്കുറിച്ച് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സിഐഎ മേധാവിയുമായി മാസങ്ങള്‍ക്ക് മുന്‍പേ തന്നെ ബൈഡന് ചര്‍ച്ച നടത്തിയിരുന്നു. നാന്‍സി തീരുമാനിച്ചതോടെ പെന്റഗണും അതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി.
ചൈന നടത്തുന്ന മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെ പൊരുതിയ ചരിത്രമുള്ള വ്യക്തിയാണ് നാന്‍സി പെലോസി. 31 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിയാനന്മെന് ചത്വരത്തില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പട്ടാളം വെടിവെച്ച് കൊന്ന യുവാക്കള്‍ക്ക് വേണ്ടി അവിടം സന്ദര്‍ശിച്ച് ബാനര്‍ ഉയര്‍ത്തിയിട്ടുള്ള വ്യക്തിയാണ് നാന്‍സി. ഇത് അന്നേ ചൈനീസ് സൈന്യത്തെ ചൊടിപ്പിച്ചിരുന്നു. മാത്രമല്ല തയ് വാനെ എന്തുവിലകൊടുത്തും സംരക്ഷിയ്ക്കുമെന്ന് നാന്‍സി തയ് വാനില്‍ തുറന്ന പ്രഖ്യാപനം നടത്തുകയും ചെയ്തു. പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്നും അമേരിക്ക രണ്ടും കല്പിച്ചുള്ള നീക്കമാണെന്നും മനസ്സിലായതോടെ ചൈനീസ് ഡ്രാഗണ്‍ അല്പം ഭയന്നു. കാരണം റഷ്യയ്ക്കെതിരായ നീക്കത്തില്‍ യൂറോപ്പും നാറ്റോയും അമേരിക്കയും ബ്രിട്ടനും ജപ്പാനും എല്ലാം ഒറ്റക്കെട്ടാണ്. ഇപ്പോള്‍ തയ് വാനില്‍ ഒരു ആക്രമണം നടത്തിയാല്‍ അത് വിനാശകരമായിരിക്കും എന്ന ചിന്ത ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങിനെയും ഒരു നിമിഷം ഭയപ്പെടുത്തിയിരിക്കണം. മാത്രമല്ല, യുദ്ധം തുടങ്ങിയാല്‍ തങ്ങള്‍ ഒറ്റയ്ക്ക് എല്ലാവരെയും നേരിടേണ്ടി വരുമെന്ന ചിന്തയും ചൈനയെ കടുത്ത നീക്കങ്ങളില്‍ നിന്നും പിന്തിരിപ്പിച്ചിരിക്കണമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഒരു സൈനിക ഏറ്റുമുട്ടലിന് മുതിരാതെ നയതന്ത്ര പ്രതിഷേധങ്ങളില്‍ ചൈന രോഷം ഒതുക്കിയിരിക്കുകയാണ്. മാത്രമല്ല, ചൈനയുടെ അടുത്ത ബന്ധുവായ യൂറോപ്പിലെ ഇറ്റലി ഉള്‍പ്പെടെ എല്ലാ വികസിത രാഷ്ട്രങ്ങളും ഉല്പന്നങ്ങള്ക്ക് ചൈനയ്ക്ക് പകരം മറ്റേതെങ്കിലും രാജ്യം മതിയെന്ന തീരുമാനത്തിലേക്ക് അതിവേഗം നീങ്ങുകയാണ്. ഇനി ഈ നീക്കത്തിന് ആക്കം കൂടും.
പണ്ട് ചൈനയെ തങ്ങളുടെ ഫാക്ടറി ആക്കിമാറ്റുമ്പോള്‍ യുഎസ് കരുതിയത് ചൈന സമ്പത്ത് കുമിഞ്ഞുകൂടുമ്പോള്‍ നല്ലതുപോലെ ജനാധിപത്യ വല്‍ക്കരിക്കപ്പെടുമെന്നാണ്. എന്നാല്‍ ചൈന സൈനിക ശക്തി വര്‍ധിപ്പിച്ച് ഏകാധിപത്യപ്രവണതകളും സാമ്രാജ്യത്വ വികസനമോഹങ്ങളും പ്രകടിപ്പിച്ചതോടെ യുഎസിന് അത് വലിയ തലവേദനയായി മാറി. ഇപ്പോള്‍ ആ തലവേദന എന്നെന്നേക്കുമായി അവസാനിപ്പിക്കാന്‍ യുഎസും ഉറച്ച തീരുമാനത്തിലെത്തി എന്ന് വേണം കരുതാന്‍.
എന്തായാലും അമേരിക്ക ദുര്‍ബ്ബലമാകുന്നു എന്ന ചിന്തയ്ക്ക് ഇനി സ്ഥാനമില്ല. കാരണം അവര്‍ക്ക് ഇതാ ഒരു ഇരുമ്പു വനിതയെ കിട്ടിയിരിക്കുന്നു. 64വയസ്സ് മാത്രം പ്രായമുള്ള നാന്‍സി പെലോസിയെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: