തൃശൂര്‍: രണ്ടു പതിറ്റാണ്ടോളമായി ഓട്ടോ ഓടിക്കുന്ന അമ്മയ്ക്ക് കാറോടിക്കാന്‍ പരിശീലനം നല്‍കുകയാണ് ഡ്രൈവിങ്ങ് ടീച്ചറായ മകള്‍. കുടുംബം പോറ്റാനായി വനിതാ ഡ്രൈവറുടെ വേഷമണിഞ്ഞ ബീനയ്ക്കാണ് മകള്‍ ശ്രീതി വളയം പിടിക്കാന്‍ പരിശീലനം നല്‍കുന്നത്.
പെരിങ്ങോട്ടുകര സ്വദേശിനി തെറ്റില്‍ വീട്ടില്‍ ശ്രീതിയാണ് തന്റെ അമ്മ ബീനയുടെ പരിശീലക. കാഞ്ഞാണിയിലും അയ്യന്തോളിലുമായി മാസ്റ്റേഴ്സ് ഡ്രൈവിങ്ങ് സ്കൂളിന്റെ കീഴില്‍ വിവിധ പ്രായക്കാരായവര്‍ക്ക് വര്‍ഷങ്ങളായി ഡ്രൈവിങ്ങ് പഠിപ്പിക്കുന്നയാളാണ് ശ്രീതി. പ്ലസ് ടു കഴിഞ്ഞ ശേഷമാണ് ശ്രീതി ഈ മേഖല തിരഞ്ഞെടുക്കുന്നത്. അച്ഛന് ചന്ദ്രന് തൃശൂര്‍ ടൗണില്‍ ഓട്ടോ ഓടിക്കുകയാണ്. അമ്മ ബീന 19 വര്‍ഷമായി ഓട്ടോ ഡ്രൈവറുടെ വേഷമണിഞ്ഞിട്ട്. മൂന്ന് പെണ്മക്കളുള്ള കുടുംബത്തെ പോറ്റാന്‍ ഒരാളുടെ മാത്രം വരുമാനം തികയില്ലെന്ന തിരിച്ചറിവാണ് ചന്ദ്രന് താങ്ങായി ബീനയും ഓട്ടോറിക്ഷാ ഡ്രൈവറുടെ വേഷമണിയാന്‍ കാരണം.
സാധാരണ മുച്ചക്ര ഓട്ടോറിക്ഷകളില്‍ നിന്നും മാറി ജനങ്ങള്‍ നാലുചക്രമുള്ള ഓട്ടോടാക്സി വിളിക്കുന്നതിലേക്ക് തിരിഞ്ഞതാണ് ഫോര്‍വീലര്‍ ഡ്രൈവിങ്ങ് പഠിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ബീന പറയുന്നു. ബീനയുടെ ആഗ്രഹം സാധിക്കാന്‍ മകള്‍ പരിശീലനം നല്കി തുടങ്ങിയിട്ട് 20 ദിവസം കഴിഞ്ഞു. 10 ദിവസം കൂടി കഴിഞ്ഞാല്‍ ടെസ്റ്റ് നല്‍കാം. ലൈസന്‍സ് ലഭിച്ചാല്‍ ഓട്ടോ ടാക്സി ഓടിക്കാനാണ് ബീനക്ക് താല്പര്യം. ഇതിനായി അയ്യന്തോള്‍ ഗ്രൗണ്ടിലും കാഞ്ഞാണി പ്രദേശത്തുമായി ശ്രീതി അമ്മക്ക് പരിശീലനം കൊടുത്തുവരികയാണ്.
രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയാണ് ശ്രീതി ഡ്രൈവിങ്ങ് സ്കൂളിന്റെ ആള്‍ട്ടോ കാറില്‍ ഡ്രൈവിങ്ങ് ക്ലാസെടുക്കാന്‍ പോകുന്നത്. ഞായര്‍ ദിവസങ്ങളില്‍ പ്രൈവറ്റ് കാറുകളുമായി വരുന്നവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കുന്നുണ്ട്. രഞ്ജിത്താണ് ശ്രീതിയുടെ ഭര്‍ത്താവ്. സഹോദരങ്ങള്‍: ശ്രീഷ, ശ്രീനു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: