കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി പിഞ്ചുകുഞ്ഞടക്കം മൂന്നുപേര്‍ മരിച്ച സാഹചര്യത്തില്‍ അപകടസാധ്യതാ മേഖലകളില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ മന്ത്രി എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍ദ്ദേശം നല്‍കി. ഇതിന് തദ്ദേശസ്ഥാപനങ്ങളും റവന്യു വകുപ്പ് അധികൃതരും നേതൃത്വം നല്‍കും. പൂളക്കുറ്റിയിലെ ഉരുള്‍പൊട്ടലില്‍ കണിച്ചാല്‍ വില്ലേജ് താഴെ വെള്ളറ കോളനിയിലെ അരുവിക്കല്‍ ഹൗസില്‍ രാജേഷ് (45), പൂളക്കുറ്റി ആരോഗ്യകേന്ദ്രം ജീവനക്കാരി നദീറ ജെ റഹീമിന്റെ രണ്ടര വയസ്സുകാരിയായ മകള്‍ നൂമ തസ്മീന്‍, കണിച്ചാര്‍ വെള്ളറ കോളനിയിലെ മണ്ണാളി ചന്ദ്രന്‍ (55) എന്നിവരാണ് മരിച്ചത്.
ഉരുള്‍പൊട്ടി ഗതാഗതം പൂര്‍ണ്ണമായി നിര്‍ത്തിവെച്ച നിടുംപൊയില്‍-മാനന്തവാടി റോഡില്‍ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി നടക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. കണ്ണൂര്‍, വയനാട് പൊതുമരാമത്ത് വകുപ്പുകള്‍ സഹകരിച്ച് പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. ചന്ദ്രന്‍ തോടിന് താഴെ മൂന്ന് കിലോമീറ്ററോളം റോഡാണ് മണ്ണിടിച്ചിലില്‍ തകര്‍ന്നത്. മണ്ണ് നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്നോടെ ഭാഗികമായെങ്കിലും ഗതാഗതം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, എല്ലാ കരിങ്കല്‍ ക്വാറികളുടെയും ചെങ്കല്‍ ക്വാറികളുടെയും പ്രവര്‍ത്തനം ആഗസ്ത് ഏഴ് വരെ നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചു. ഉരുള്‍പൊട്ടല്‍ നാശം വിതച്ച ദുരന്തമേഖലകളിലേക്ക് സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കേര്‍പ്പെടുത്താന്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിക്ക് മന്ത്രി നിര്‍ദേശം നല്‍കി. സന്ദര്‍ശക പ്രവാഹം അപകടസാധ്യത വര്‍ധിപ്പിക്കുന്നതിനൊപ്പം രക്ഷാപ്രവര്‍ത്തനത്തേയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളേയും ബാധിക്കുന്നുണ്ട്.
വീടുകളില്‍ ഒറ്റപ്പെട്ട് കഴിയുന്ന കുടുംബങ്ങള്‍ക്ക് ഭക്ഷണമെത്തിച്ച് നല്‍കാന്‍ ആവശ്യമെങ്കില്‍ സാമൂഹ്യ അടുക്കളയൊരുക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കനത്തമഴയില്‍ ഒറ്റപ്പെടുന്ന ആദിവാസി കോളനികള്‍ സുരക്ഷിതമാണെന്ന് ഉറപ്പാക്കാനും ആവശ്യത്തിന് ഭക്ഷണവും മറ്റും എത്തിക്കാനും പട്ടിക വര്‍ഗ വികസന വകുപ്പിനും റവന്യു വകുപ്പിനും നിര്‍ദേശം നല്‍കി.
അടിയന്തരഘട്ടത്തില്‍ ഉപയോഗപ്പെടുത്താന്‍ ദുരിതാശ്വാസ ക്യാമ്പിനുള്ള സംവിധാനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ സജ്ജമാക്കി നിര്‍ത്തണം. കണ്‍ട്രോള്‍ റൂം സംവിധാനവും ഒരുക്കണം. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വേഗത്തിലാക്കി ധനസഹായം ലഭ്യമാക്കാന്‍ പ്രത്യേക റവന്യു സംഘങ്ങളെ നിയോഗിക്കും. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ യഥാസമയം ഇടപെടാന്‍ പ്രാേദശിക തലങ്ങളില്‍ യോഗങ്ങള്‍ ചേര്‍ന്ന് ദുരന്ത നിവാരണ നടപടികള്‍ കൈക്കൊള്ളാനും നിര്‍ദേശം നല്‍കി.
ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ അധ്യക്ഷനായി. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി, എംഎല്‍എമാരായ അഡ്വ. സണ്ണി ജോസഫ്, കെ.കെ. ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.പി. മോഹനന്‍, കെ.വി. സുമേഷ്, കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ ടി.ഒ. മോഹനന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരന്‍, കെ. സുധാകരന്‍ എംപിയുടെ പ്രതിനിധി ടി. ജയകൃഷ്ണന്‍, തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: