Categories: India

ആത്മനിര്‍ഭരില്‍ കൊച്ചിയില്‍ ഒരുങ്ങിയ പടക്കപ്പല്‍; പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ഐഎന്‍എസ് വിക്രാന്തിന്റെ ആപ്തവാക്യം “ജയേമ സം യുധി സ്പൃധ:”

പ്രധാനമന്ത്രി മോദി കണ്ട സ്വപ്നമായിരുന്നു "മെയ്ക്ക്‍ ഇന്‍ ഇന്ത്യ" വഴി സ്വന്തം കാലില്‍ നില്‍ക്കുന്ന ആത്മനിര്‍ഭര്‍ ഭാരതം. ഇപ്പോള്‍ ഈ ആത്മനിര്‍ഭര്‍ ഭാരതത്തിന്‍റെ ഭാഗമായി 20,000 കോടി രൂപ ചെലവില്‍ പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് അവിശ്വസനീയമായ് സ്വപ്നസാക്ഷാല്‍ക്കാരമാണ്.

Published by

കൊച്ചി: പ്രധാനമന്ത്രി മോദി കണ്ട സ്വപ്നമായിരുന്നു “മെയ്‌ക്ക്‍ ഇന്‍ ഇന്ത്യ” വഴി സ്വന്തം കാലില്‍ നില്‍ക്കുന്ന ആത്മനിര്‍ഭര്‍ ഭാരതം. ഇപ്പോള്‍ ഈ ആത്മനിര്‍ഭര്‍ ഭാരതത്തിന്റെ ഭാഗമായി പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്ത് അവിശ്വസനീയമായ് സ്വപ്നസാക്ഷാല്‍ക്കാരമാണ്.  കാരണം 333 നീലത്തിമിംഗലങ്ങളുടെ വലുപ്പവും 45,000 ടണ്‍ കേവുഭാരവുമുള്ള 20,000 കോടി രൂപ ചെലവില്‍ ഒരു വിമാനവാഹിനിക്കപ്പല്‍ ഇന്ത്യയെപ്പോലെ ഒരു രാജ്യം നിര്‍മ്മിച്ചുവെന്നത് അവിശ്വസനീയമാണ്. ആഗസ്ത് 15ന് ഇന്ത്യയുടെ  സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷിക ദിനത്തില്‍ പ്രധാനമന്ത്രി മോദി കപ്പല്‍ രാജ്യത്തിന് സമര്‍പ്പിക്കും.  

ഐഎന്‍എസ് വിക്രാന്തിന്റെ ആപ്തവാക്യം ഋഗ്വേദത്തില്‍ നിന്നാണ് കടം കൊണ്ടിട്ടുള്ളത്. “ജയേമ സം യുധി സ്പൃധ:“. ഇതിന്റെ അര്‍ത്ഥം ഇതാണ്:  “യുദ്ധം ചെയ്യാന്‍ വരുന്നവരെ ഞാന്‍ പരാജയപ്പെടുത്തും.”. ഇന്ത്യയുടെ ആദ്യ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ ആപ്തവാക്യവും ഇതു തന്നെ.  

ഈ വിമാനവാഹിനിക്കപ്പലിനെ മുഴുവനായി അറിയണമെങ്കില്‍ കപ്പലിനുള്ളില്‍ എട്ടുകീലോമീറ്റര്‍ ദൂരം നടക്കണം. അത്രയ്‌ക്കാണ് ഇതിന്റെ ദൈര്‍ഘ്യം. ഉള്ളില്‍ 684 കോവണികളുണ്ട്. ഇന്ത്യ നിര്‍മ്മിച്ച ഏറ്റവും വലിയ പടക്കപ്പലാണ് ഐഎന്‍എസ് വിക്രാന്ത്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഐഎന്‍സ് വിക്രാന്ത് നാവികസേനയുടെ ഭാഗമാകും.  

രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിക്കുന്നതോടെ ഐഎന്‍എസ് വിക്രാന്ത് നാവികസേനയുടെ ഭാഗമാകും. ഇതോടെ തദ്ദേശീയമായി വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന ആറു രാജ്യങ്ങളില്‍ ഒന്നായി ഇന്ത്യ മാറുകയാണ്. കേരളത്തിനും ഇതില്‍ അഭിമാനിക്കാന്‍ വകയുണ്ട്. ഒരു വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മിക്കുന്ന രാജ്യത്തെ ആദ്യത്തെ കപ്പല്‍ശാലയാവുകയാണ് കൊച്ചിന്‍ ഷിപ് യാര്‍ഡ്.  

കപ്പലിന്റെ തദ്ദേശീയ രൂപകല്‍പ്പനയും നിര്‍മ്മാണവും എല്‍ ആന്‍റ് ടിയുടേതാണ്. വൈദ്യുതോല്‍പാദനത്തിന് ഉപയോഗിക്കുന്നത് മൂന്ന് മെഗാവാട്ടിന്റെ എട്ട് ഡീസല്‍ ജനറേറ്ററുകളാണ്. കപ്പലിനുള്ളില്‍ ഉപയോഗിച്ചിട്ടുള്ളത് 3000 കിലോമീറ്റര്‍ നീളമുള്ള ഇലക്ട്രിക് കേബിളുകളാണ്.  

പൊതുമേഖല സ്ഥാപനമായ ഭെല്‍ (ഭാരത് ഹെവി ഇലക്ട്രിക് ലി.) ആണ് കേന്ദ്രീകൃത നിയന്തണ സംവിധാനം ഒരുക്കിയിരിക്കുന്നത്. കപ്പലിനെ ശരിയായ ദിശയില്‍ നയിക്കുക എന്നതാണ് ഷിപ്സ് കണ്‍ട്രോള്‍ സെന്‍റിന്റെ കര്‍ത്തവ്യം.  

വിമാനങ്ങള്‍ കപ്പലിലേക്ക് പറന്നിറങ്ങാനുള്ള സംവിധാനവും വിമാനവാഹനിയിലേക്ക് ഇറങ്ങുന്ന യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും സൂക്ഷിക്കാനുള്ള സൗകര്യം ഹാംഗറിലുണ്ട്. 360 ഡിഗ്രിയില്‍ വിമാനത്തെ തിരിക്കാനുള്ള ടേണ്‍ ടേബിളും ഇവിടെയുണ്ട്.  

കൂറ്റന്‍ അടുക്കളയും ചെറിയൊരു സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും ഉള്ളിലുണ്ട്. കപ്പലിന്റെ പ്രധാന കണ്‍ട്രോള്‍ സെന്‍റര്‍ ബ്രിഡ്ജാണ്. 180 ഡിഗ്രി വരെ കാണാവുന്ന ബ്രിഡ്ജാണ്. കമാന്‍റിംഗ് ഓഫീസറും എക്സിക്യൂട്ടീവ് ഓഫീസറും ഇവിടെയാണ്. റഡാറുകള്‍, ഇലക്ട്രോണിക് ഡിസ്പ്ളേ ബോര്‍ഡും ഗതി നിര്‍ണ്ണയിക്കാനുള്ള ജിറോ കോംപസും ഇവിടെയുണ്ട്. യുദ്ധവിമാനങ്ങള്‍ക്ക് പറന്നുയരാനുള്ള ഫ്ളൈറ്റ് ഡെക്കും പ്രധാനമാണ്.  

കൊച്ചിന്‍ ഷിപ് യാര്‍ഡിലെ രണ്ടായിരത്തിലേറെ പേരും വിവിധ വ്യവസായ മേഖലകളിള്‍ നിന്നുള്ള 12000 പേരും വിക്രാന്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളായി. 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക