കൊച്ചി: കേന്ദ്ര സേനയായ സി.ഐ.എസ്.എഫ് കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷദ്വീപ് നിവാസികളുടെ നേതൃത്വത്തില്‍ കൊച്ചി നഗരത്തില്‍ നടത്തിയ മയക്കുമരുന്ന് കച്ചവടം പോലീസ് പിടികൂടി. ലക്ഷദ്വീപ് സ്വദേശികളും യുവതിയുമടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍.
ലക്ഷദ്വീപ് കല്പേനി സ്വദേശികളായ മുഹമ്മദ് താഹിര്‍ ഹുസൈന് (24), നവാല്‍ റഹ്മാന് (23), സി.പി. സിറാജ് (24), ചേര്‍ത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയന് (23), തൃശ്ശൂര്‍ അഴീക്കോട് സ്വദേശി അല്‍ത്താഫ് (24) എന്നിവരെയാണ് നര്‍ക്കോട്ടിക് സെല്‍ എ.സി.പി.ക്ക് കീഴിലുള്ള ഡാന്‍സാഫ് സംഘം പിടികൂടിയത്. ഇവരില്‍ നിന്നും 0.34 ഗ്രാം എം.ഡി.എം.എ.യും 155 ഗ്രാം കഞ്ചാവും കണ്ടെടുത്തു.
മയക്കുമരുന്നുമായി ലോഡ്ജില്‍ താമസിച്ചാണ് ഇവര്‍ വിതരണം നടത്തിയത്. യുവതിയെ ക്യാരിയറായാണ് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. കലൂര്‍ കറുകപ്പിള്ളിയിലെ ലോഡ്ജില്‍ നിന്നാണിവരെ പിടിച്ചത്. ലക്ഷദ്വീപിലേക്ക് കടത്തുകയായിരുന്ന 190 ഗ്രാം കഞ്ചാവുമായി അക്ബര്‍ എന്നയാളെ സി.ഐ.എസ്.എഫ്. പിടികൂടുകയും ഹാര്‍ബര്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇയാളെ ചോദ്യംചെയ്തപ്പോഴാണ് കറുകപ്പിള്ളിയിലെ ലോഡ്ജിലുള്ളവരെക്കുറിച്ച് വിവരം ലഭിച്ചത്. ഇവര്‍ക്ക് മയക്കുമരുന്ന് എത്തിച്ചുനല്‍കിയവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: