പത്തനംതിട്ട: തൃശൂരില്‍ യുവാവ് മരിച്ച സംഭവത്തില്‍ മങ്കി പോക്സ് ആണെന്ന സംശയം ഉയര്‍ന്നതിനെതുടര്‍ന്ന് വിശദമായി അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുവാവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്നതിന് ഉന്നതല സംഘത്തെ നിയമിക്കും. മങ്കി പോക്സ് മൂലം സാധാരണ ഗതിയില്‍ മരണമുണ്ടാകാനുള്ള സാധ്യതയില്ല. മങ്കി പോക്സ് ലക്ഷണങ്ങളില്ലാതിരുന്ന യുവാവ് തൃശൂരില്‍ ചികിത്സ തേടിയത് കടുത്ത ക്ഷീണവും മസ്തിഷ്ക ജ്വരവും മൂലമായിരുന്നുവെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
‘വിദേശ രാജ്യത്ത് വച്ച് നടത്തിയ ഇയാളുടെ മങ്കി പോക്സ് പരിശോധന ഫലം പോസിറ്റീവ് ആയിരുന്നു ‘ ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്നലെയാണ് ബന്ധുക്കള്‍ തൃശൂരിലെ ആശുപത്രി അധികൃതര്‍ക്ക് നല്‍കിയത്.
21 ന് കേരളത്തിലെത്തിയ യുവാവ് കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് കഴിഞ്ഞത്. 27ന് മാത്രമാണ് ഇയാള്‍ ആശുപത്രിയിലെത്തിയത്. എന്ത് കൊണ്ട് ആശുപത്രിയില്‍ ചികിത്സ തേടാന്‍ വൈകിയെന്നതടക്കമുള്ള കാര്യങ്ങള്‍ ഉന്നതതല സംഘം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. യുവാവിന്റെ സാമ്പിള്‍ ഒരിക്കല്‍ കൂടി ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധിക്കും. യുവാവിന് മറ്റ് ചില സംശയങ്ങള്‍ ഉണ്ടായിരുന്നതായും സംശയിക്കുന്നുണ്ട്.
സംസ്ഥാനത്ത് മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്ത മറ്റിടങ്ങളില്‍ രോഗബാധിതരുമായി ഇടപെട്ട ആളുകള്‍ക്ക് അസുഖമുണ്ടായില്ല എന്നത് ആശ്വാസകരമാണ്. പകര്‍ച്ചവ്യാധി ആണങ്കിലും മങ്കി പോക്സിന് വലിയ വ്യാപനശേഷി ഇല്ല. പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് പ്രധാനപ്പെട്ട കാര്യമാണ്. സ്ഥിരീകരിച്ചിട്ടുള്ള രാജ്യങ്ങളിലും രോഗത്തെ കുറിച്ച് കാര്യമായ പഠനങ്ങള്‍ നടന്നിട്ടില്ലെന്നും വീണാ ജോര്‍ജ് പറഞ്ഞു. നിലവില്‍ കേരളത്തില്‍ കണ്ടെത്തിയ മങ്കി പോക്സ് വകഭേദം വലിയ വ്യാപന ശേഷി ഉള്ളതല്ല. പകര്‍ച്ചവ്യാധി രോഗ വ്യാപനം ഉണ്ടാകാതിരിക്കാന്‍ മുന്‍ കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: