ത്രതായുഗത്തിലെ ഓര്‍മകളിലേക്കും പ്രൗഢിയിലേക്കും ചിറകുവിടര്‍ത്തുകയാണ് ചടയമംഗലം എന്ന ചെറുഗ്രാമം. ലോകാത്ഭുതത്തിന്റെ ഭാഗമാവുകയാണ് ചടയമംഗലം ജടായുപ്പാറയില്‍ പണിതീര്‍ന്ന കൂറ്റന്‍ ജടായു ശില്‍പ്പവും ഉത്തരേന്ത്യന്‍ വാസ്തുവിദ്യയില്‍ പണിതീര്‍ത്ത രാമക്ഷേത്രവും.
സമുദ്രനിരപ്പില്‍ നിന്ന് 850 അടി ഉയരത്തിലാണ് ജടായുപാറ എന്ന ഇതിഹാസപ്പാറ. ഇവിടെയാണ് സ്ത്രീ സംരക്ഷണത്തിനായി പോരാടിയ ജടായു രാവണന്റെ വെട്ടേറ്റ് ചിറകറ്റ് വീണത്. സ്ത്രീത്വത്തിനു നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ജീവന് ബലികൊടുത്ത ഇതിഹാസകാലം മുതലുള്ള കഥയാണിത്.
പശ്ചിമഘട്ട സാനുക്കളുടെ മടിത്തട്ടാണ് ജടായുപ്പാറ. മരതകപ്പട്ടണിഞ്ഞ മലമടക്കുകള്‍ ധാരാളമുണ്ടിവിടെ. വയ്യാനം മല, പാവൂര്‍ മല, ആലത്തറ മല, ഇളമ്പ്രക്കോട് മല, അര്‍ക്കന്നൂര്‍മല, തേവന്നൂര്‍മല, മലപ്പേരൂര്‍ മല, മലമേല്‍പ്പാറ അങ്ങനെ ഒരുപാടു മലകള്‍ ജടായുപ്പാറയുടെ കാവല്‍ മലകളായി തൊട്ടടുത്തുണ്ട്.
ത്രേതായുഗത്തില്‍ ഈ മലമടക്കുകള്‍ക്കു മുകളിലൂടെയാണ് സീതാപഹരണശേഷം രാവണന്റെ പുഷ്പക വിമാനം പറന്നുപോയത്. അപമാനിക്കപ്പെട്ട സീതാമാതാവിന്റെ നിലവിളി മുഴങ്ങിയതും ഇവിടെയാണ്. സ്വന്തം ജീവന് വെടിഞ്ഞ് സീതാമാതാവിന്റെ മാനം രക്ഷിക്കാന്‍ പറന്നുയര്‍ന്ന പക്ഷിശ്രേഷ്ഠന് ചിറകറ്റു വീണതും ഇവിടെത്തന്നെയെന്നാണ് ഐതിഹ്യം. അധര്‍മത്തിന്റെ ചന്ദ്രഹാസമേറ്റ് നിലംപതിച്ച ആ പക്ഷി വീണ്ടുമീ കലിയുഗത്തില്‍ പുനര്‍ജനിച്ചിരിക്കുകയാണ് ലോകാദ്ഭുതമാകാനുള്ള തയ്യാറെടുപ്പോടെ.
കൊല്ലം ജില്ലയിലെ ചടയമംഗലമെന്ന ഗ്രാമത്തിലാണ് ജടായുപക്ഷിക്ക് പുനര്‍ജന്മമാകുന്നത്. ചടയമംഗലത്തിനു ചുറ്റുമുള്ള മലകള്‍ക്കൊത്ത നടുവിലാണ് ജടായു പാറയുടെ സ്ഥാനം. ആകാശവും ഐതിഹ്യവും അതിരിടുന്ന ഇവിടെ ഓരോ പാറയും ഓരോ ശില്പം പോലെ. ഒരിക്കല്‍ കണ്ടവര്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാത്ത മനോഹാരിതയുണ്ട് ഇവിടെ പ്രകൃതിക്ക്. ആ പാറമുകളില്‍ രാജീവ് അഞ്ചല്‍ എന്ന ശില്‍പ്പി കണ്ട സ്വപ്നങ്ങളുടെ തുടര്‍ച്ചയാണ് ആകാശത്തേക്കുയര്‍ന്നു നില്ക്കുന്ന ജടായു ശില്പം.
വീരജടായു രാമദര്‍ശനം കാത്ത്കിടന്ന, രാമപാദമേറ്റിടത്ത് ഇന്ന് വലിയ രാമക്ഷേത്രമുണ്ട്. രാമപാദവും ജടായുവിന്റെ കൊക്കുരഞ്ഞ് കുളമായി മാറിയ കൊക്കരുണിയും ഇവിടുത്തെ പ്രത്യേകതകളാണ്.
ജടായുവിനെ ചന്ദ്രഹാസംകൊണ്ട് കീഴ്പ്പെടുത്തിയ രാവണന് ജടായുപ്പാറയില്‍ നിന്ന് രാമേശ്വരം, ധനുഷ്കോടി വഴി ശ്രീലങ്കയിലേക്ക് പുഷ്പക വിമാനത്തല്‍ പറന്നു പോയെന്നാണ് ഐതിഹ്യം. ശ്രീരാമദര്‍ശനം വരെ ജീവന് നിലനിര്‍ത്താന്‍ ജടായു ചുണ്ട് പാറയില്‍ ഉരസി പ്രാണജലപ്രവാഹമുണ്ടാക്കി എന്നാണു വിശ്വാസം. അതില്‍ നിന്നു രൂപപ്പെട്ടതാണ് പാറയ്ക്കു മുകളിലുള്ള തീര്‍ഥക്കുളമെന്നാണ് കരുതുന്നത്.
ജടായുവിന്റെ വീരകഥകള്‍ കൊത്തിവച്ച പാറകളാണിത്. ഇവിടെ കൊക്കരുണിയിലുള്ളത് ഗംഗാതീര്‍ഥം. ശ്രീരാമന്റെ പാദം സ്പര്‍ശിച്ച അടയാളവുമുണ്ട്. അതുകൊണ്ടാണ് രാമക്ഷേത്രമായി ഇവിടം മാറിയത്.
സുവര്‍ണ കിരീടമായി കോദണ്ഡസ്വാമി ക്ഷേത്രം
ജടായുപ്പാറയ്ക്ക് സുവര്‍ണകിരീടം ചാര്‍ത്തിയപോലെ സുന്ദരമാണ് പാറമുകളിലെ കോദണ്ഡരാമക്ഷേത്രം. കേരളത്തിലെ പ്രമുഖ സന്യാസിവര്യനായിരുന്ന സ്വാമി സത്യാനന്ദസരസ്വതി 1973-ല്‍ പ്രതിഷ്ഠിച്ച പന്ത്രണ്ടടി ഉയരമുള്ള ശ്രീരാമ പ്രതിഷ്ഠയാണിവിടെ. ബൃഹദ് ക്ഷേത്രത്തിന്റെ അടിസ്ഥാന സൗകര്യങ്ങളുടെയും കല്‍പ്പടവുകളുടേയും നിര്‍മ്മാണം നടന്നുവരുന്നു. മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനാണ് ഇതിനു നേതൃത്വം നല്‍കുന്നത്.
ക്ഷേത്രത്തിനോടനുബന്ധിച്ച് ശ്രീരാമ മ്യൂസിയം, ഇന്റ്റര്‍നാഷണല്‍ രാമായണ കേന്ദ്രം എന്നിവയും, വനിതാ ശാക്തീകരണം, അഭയകേന്ദ്രം, സ്വയംതൊഴില്‍ പരിശീലന കേന്ദ്രം, ആശ്രമം അന്നദാന മണ്ഡപം, വിശ്രമകേന്ദ്രം, ഗോശാല, സാംസ്കാരിക സമുച്ചയം എന്നിവയടങ്ങുന്ന ബൃഹദ് പദ്ധതിക്കാണ് കോദണ്ഡരാമ ക്ഷേത്ര ട്രസ്റ്റ് രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്.
രാമായണ മാസത്തില്‍ വര്‍ഷം തോറും നടത്തുന്ന രാമായണോത്സവത്തില്‍ ദേശീയതലത്തിലെ പ്രമുഖരാണ് പങ്കെടുക്കുന്നത്. വിവിധ പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ ദേശീയതലത്തിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാകും ജടായുപ്പാറ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: