തിരുവനന്തപുരം: കേരളത്തിലെ 164 സഹകരണസംഘങ്ങളിലൂടെ നിക്ഷേപകരുടെ കോടിക്കണക്കിന് രൂപ കൊള്ളയടിച്ചതിന് പുതിയ ന്യായീകരണവുമായി സിപിഎം. 2.5 ലക്ഷം കോടിയോളം നിക്ഷേപം ഈ മേഖലയിലുണ്ട്. അത്രത്തോളം തന്നെ വായ്പയും ഈ സംഘങ്ങള്‍ നല്‍കിയിട്ടുണ്ട്. ഒരു ലക്ഷത്തോളം ജീവനക്കാരും സഹകരണ പ്രസ്ഥാനത്തെ ആശ്രയിച്ച് ജീവിക്കുകയാണ്. അതുകൊണ്ട് അഴിമതിയെകുറിച്ച് മിണ്ടെരുതെന്നാണ് സിപിഎം പറയുന്നത്.
നാടിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും നിറഞ്ഞ് നില്ക്കുന്ന സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള നീക്കം ആഗോളവല്‍ക്കരണ നയങ്ങളാരംഭിച്ചതോടെ രാജ്യത്ത് സജീവമായതാണ്. രാജ്യത്തിന്റെ ധനകാര്യ മേഖല ധനമൂലധന ശക്തികള്‍ക്ക് വിട്ട് കൊടുക്കുവാനുള്ള ഗൂഢ പദ്ധതികളാണ് ഇതിന്റെ പിന്നിലുള്ളത്. പൊതുമേഖലാ ബാങ്കുകളുടെ നിലനില്‍പ്പ് തന്നെ അപകടാവസ്ഥയാക്കുന്ന തരത്തില്‍ കോര്‍പ്പറേറ്റുകളുടെ കടങ്ങള്‍ എഴുതി തള്ളുന്ന നിലവരെ ഉണ്ടായിരിക്കുകയാണ്.
കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കുക എന്ന സംഘപരിവാര്‍ അജണ്ടകള്‍ക്ക് കുഴലൂത്ത് നടത്തുന്ന പ്രവര്‍ത്തനമാണ് ചില മാധ്യമങ്ങള്‍ നടത്തുന്നത്. പൊടിപ്പും തൊങ്ങലുംവെച്ച് വാര്‍ത്ത ചമക്കുന്നതിന് പിന്നിലുള്ള ഈ താല്പര്യങ്ങളും തിരിച്ചറിയണം. സഹകരണ ബാങ്കുകളില്‍ ഉയര്‍ന്നുവന്ന ഒറ്റപ്പെട്ട സംഭവത്തെ ഉയര്‍ത്തിക്കാട്ടി സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിക്കുവരെ തിരിച്ചറിയേണ്ടതുണ്ട്.
ഒറ്റ പൈസ പോലും നിക്ഷേപകര്‍ക്ക് നഷ്ടമാകില്ലെന്നും അവ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി തന്നെ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഉയര്‍ന്നുവന്ന പ്രശ്നങ്ങളില്‍ ശരിയായ പരിശോധന സംസ്ഥാന സര്‍ക്കാര്‍ നടത്തുകയും, ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. വസ്തുത ഇതായിരിക്കെ ആശങ്കകള്‍ വാരിയെറിഞ്ഞ് സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: