ബെംഗളുരു: ദക്ഷിണ കന്നഡയില്‍ കൊല്ലപ്പെട്ട യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാറിന് നീതി ലഭിക്കണമെന്ന് എബിവിപി കര്‍ണാടക നേതൃത്വം. കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്രയുടെ വസതിലേക്ക് മാര്‍ച്ച് നടത്തിയാണ് എബിവിപി ഇക്കാര്യം ആവശ്യപ്പെട്ടത്. ആഭ്യന്തരമന്ത്രിയുടെ വസതിക്ക് പുറത്ത് മാര്‍ച്ച് തടഞ്ഞ പോലീസ് ഒരു തവണ ലാത്തി വീശുകയും ചെയ്തു. ഹിന്ദുത്വ പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിന് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അതിന്റെ അനുബന്ധ സംഘടനകളെയും നിരോധിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.
അതേസമയം, കേരള അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകളിലെ പ്രധാന സ്ഥലങ്ങളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിജി, ഐജിപി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
എല്ലാ സെന്‍സിറ്റീവായ സ്ഥലങ്ങളിലും താല്‍ക്കാലിക പോലീസ് ക്യാമ്പുകള്‍ തുറക്കും. പോലീസ് സേനയില്‍ ഒഴിഞ്ഞുകിടക്കുന്ന എല്ലാ തസ്തികകളും നികത്തുകയും രാത്രികാല പട്രോളിംഗ് ശക്തമാക്കുകയും ചെയ്യും. ദക്ഷിണ കന്നഡ ജില്ലയിലേക്ക് മറ്റൊരു കെഎസ്ആര്‍പി ബറ്റാലിയനെ വിന്യസിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിലെ പ്രത്യേക പോലീസ് നടപടികള്‍ വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി, യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലപാതകം ആസൂത്രിതവും അന്തര്‍സംസ്ഥാന പ്രശ്നവുമാണെന്ന് പറഞ്ഞു.
താന്‍ സംസ്ഥാന ഡയറക്ടര്‍ ജനറലുമായും ഇന്‍സ്പെക്ടര്‍ ജനറലുമായി (ഡിജിഐജി) ചര്‍ച്ച ചെയ്യുകയും എല്ലാ വിശദാംശങ്ങളും ശേഖരിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അന്വേഷണം ഗൗരവത്തോടെയാണ് നടക്കുന്നത്. എല്ലാ വിശദാംശങ്ങളും ലഭിച്ച ശേഷം ഞങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതുമെന്നും അദ്ദേഹം പറഞ്ഞു.കഴിഞ്ഞ ദിവസം മംഗളൂരുവിന് സമീപം സൂറത്ത്കലില്‍ നടന്ന കൊലപാതകവും ഗൗരവമായി കാണും. പ്രതികളെ വേഗത്തില്‍ പിടികൂടാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ജില്ലാതലത്തിലെ പ്രമുഖ മതനേതാക്കളെ ഉള്‍പ്പെടുത്തി സമാധാന സമിതി യോഗങ്ങള്‍ സംഘടിപ്പിക്കുമെന്നും ബൊമ്മൈ പറഞ്ഞു.
തീരദേശ മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കും. തീരദേശ ജില്ലകളിലെ അക്രമസംഭവങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേരുമെന്നും കേരള അതിര്‍ത്തിയുമായി ബന്ധിപ്പിക്കുന്ന 55 റോഡുകളില്‍ കര്‍ശന നിരീക്ഷണം തുടങ്ങിയ വിഷയങ്ങളും മറ്റ് വശങ്ങളും ചര്‍ച്ച ചെയ്യുമെന്നും ബൊമ്മൈ പറഞ്ഞു.
ചില കടുത്ത തീരുമാനങ്ങള്‍ എടുക്കുന്നത് ചര്‍ച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 ദിവസങ്ങളിലുണ്ടായ മൂന്ന് കൊലപാതകങ്ങളും സംസ്ഥാന സര്‍ക്കാര്‍ അതീവ ഗൗരവത്തോടെയാണ് എടുത്തിരിക്കുന്നത്. അന്വേഷണം നടക്കുകയാണ്. ഇത്തരം പ്രവൃത്തികള്‍ പാടില്ല. സാമൂഹിക വിരുദ്ധ ശക്തികള്‍ക്ക് രാഷ്ട്രീയ പ്രേരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവങ്ങള്‍ക്ക് പല മാനങ്ങളുണ്ട്. ഇവയെല്ലാം നിയന്ത്രിക്കാന്‍ ഞങ്ങള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ബൊമ്മൈ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: