അഹമ്മദബാദ്: കള്ളരേഖകള്‍ ചമത്ത് 2002ലെ ഗുജറാത്ത് കലാപക്കേസില്‍ മോദി ഉള്‍പ്പെടെയുള്ളവരെ കുടുക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ സാമൂഹ്യപ്രവര്‍ത്തക തീസ്ത സെതല്‍വാദിനും മുന്‍ ഗുജറാത്ത് ഡിജിപി ആര്.ബി. ശ്രീകുമാറിനും ഗുജറാത്ത് കോടതി ജാമ്യം നിഷേധിച്ചു. ഗുജറാത്ത് സെഷന്‍സ് കോടതിയാണ് ശനിയാഴ്ച ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചത്. ഇരുവരുടെയും ജാമ്യാപേക്ഷ നിരസിക്കുന്നതായി അഡീഷണല്‍ പ്രിന്‍സിപ്പില്‍ ജഡ്ജി ഡി.ഡി. തക്കര്‍ പറഞ്ഞു.
നേരത്തെ നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ഈ ഭരണം അട്ടിമറിക്കാന്‍ മരണപ്പെട്ട കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലില്‍ നിന്നും പണം വാങ്ങി മോദിക്കെതിരെ കള്ളരേഖകള്‍ ചമച്ചുവെന്നാണ് കുറ്റം. 2002ലെ ഗുജറാത്തിലെ കലാപക്കേസില്‍ ഈയിടെ മോദിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഗുജറാത്ത് കലാപക്കേസില്‍ സെതല്‍വാദിന്റെ പ്രേരണയോടെ മോദിയ്ക്കെതിരെ സക്കിയ ജഫ്രി നല്കിയ കേസാണ് സുപ്രീംകോടതി തള്ളുകയും മോദിയെ കുറ്റവിമുക്തനാക്കുകയും ചെയ്തത്.
ഇതേ തുടര്‍ന്നാണ് ഗുജറാത്ത് ക്രൈംബ്രാഞ്ച് സെതല്‍വാദിനെ അറസ്റ്റ് ചെയ്തത്. കള്ളരേഖകള്‍ ചമച്ച് അന്നത്തെ മുഖ്യമന്ത്രിയെ കുടുക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് സെതല്‍വാദിനെയും ആര്.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 468 (വഞ്ചനയ്ക്കായി കള്ളരേഖ ചമയ്ക്കല്‍), 194( വധശിക്ഷ കിട്ടാവുന്ന കുറ്റത്തിന് ശിക്ഷ നല്കാന് കെട്ടിച്ചമച്ച തെളിവ് ഉണ്ടാക്കുക) എന്നീ വകുപ്പുകള്‍ പ്രകാരമായി ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്.
ഇരുവരും പ്രവര്‍ത്തിച്ചത് വലിയൊരു ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്ന് ഗുജറാത്ത് കലാപത്തെക്കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണക്കമ്മീഷന് പറയുന്നു. അന്ന് ഗുജറാത്ത് ഭരിച്ച ബിജെപി സര്‍ക്കാരിനെയും മുഖ്യമന്ത്രി മോദിയെയും അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് നേതാവ് അന്തരിച്ച അഹമ്മദ് പട്ടേലിന്റെ നിര്‍ദേശപ്രകാരമായിരുന്നു സെതല്‍വാദും ശ്രീകുമാറും പ്രവര്‍ത്തിച്ചതെന്നും പ്രത്യേക അന്വേഷണ സംഘം പറയുന്നു. 2002ലെ ഗോധ്ര തീവണ്ടി കത്തിക്കല്‍ സംഭവത്തിന് ശേഷം അഹമ്മദ് പട്ടേല്‍ സെതല്‍വാദിന് 30 ലക്ഷം നല്‍കിയിരുന്നതായി ആരോപിക്കപ്പെടുന്നു. അസംതൃപ്തനായ പൊലീസ് ഉദ്യോഗസ്ഥനായ ശ്രീകുമാര്‍ ചില ഗൂഢോദ്ദേശ്യങ്ങളോടെ കേസില്‍ സര്‍ക്കാരിനെയും ബ്യൂറോക്രസിയെയും പൊലീസിനെയും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെയും അധിക്ഷേപിക്കുകയായിരുന്നു ഈ കേസില്‍ എന്നും പ്രത്യേക അന്വേഷണ സംഘം വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: