തൃശൂര്‍: സിപിഎം ഭരിക്കുന്ന ഇഞ്ചക്കുണ്ട് സര്‍വീസ് സഹകരണ ബാങ്കില്‍ ‘കരുവന്നൂര്‍’ മോഡലില്‍ വ്യാപക ക്രമക്കേടെന്ന് പരാതി. ജീവനക്കാരുടെ നിയമനം, അനധികൃതമായി വായ്പ അനുവദിക്കല്‍, എസ്ബി അക്കൗണ്ടിലെ അഴിമതി തുടങ്ങിയ സംബന്ധിച്ചാണ് പരാതിയുള്ളത്. പരാതി സംബന്ധിച്ച് അന്വേഷിക്കാന്‍ കമ്മീഷനെ നിയമിച്ച് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ ഉത്തരവായി.
മുപ്ലിയം വില്ലേജ് പരിധിയിലെ പാവപ്പെട്ടവരുടെ ചെറിയ സമ്പാദ്യം എടുത്താണ് ബാങ്ക് ഭരണസമിതി നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് പരാതിയില്‍ പറയുന്നു. നന്തിപുലം സ്വദേശി തൃക്കാശേരി ടി.ആര് രമേഷാണ് സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. ബാങ്കിൽ ജീവനക്കാരെ നിയമിച്ചതും അനധികൃതമായാണ്. ഇ.എസ് ഗിരീഷ് എന്നയാളെ ഭരണസമിതി നിയമിച്ച തസ്തികക്ക് ബിരുദധാരികള്‍ അപേക്ഷിക്കാന്‍ പാടില്ല. എന്നാല്‍ ബിരുദധാരിയായ ഗിരീഷ് ഇക്കാര്യം മറച്ചുവെച്ച് വ്യാജമായാണ് ജോലി സമ്പാദിച്ചത്.
ബാങ്കില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ഭരണസമിതിക്ക് നേരിട്ട് നിയമിക്കാന്‍ അധികാരില്ല. സഹകരണ പരീക്ഷാബോര്‍ഡ് വഴിയാണ് ഈ തസ്തികയില്‍ നിയമനം നടത്തേണ്ടത്. ഭരണ സമിതി അധികാര ദുര്‍വിനിയോഗം നടത്തി കെ.എസ്.സ്വരാജ് എന്നയാളെ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി നിയമിച്ചിരിക്കുകയാണ്. ബാങ്കില്‍ ജോലി ചെയ്യുന്ന ബീന എന്ന ജീവനക്കാരി ബിരുദധാരിയല്ല. ഇവര്‍ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിയില്‍ പ്രവേശിച്ചിട്ടുള്ളതെന്നും ഇക്കാര്യത്തിലും അന്വേഷണം നടത്തേണ്ടതാണെന്നും പരാതിയില്‍ പറയുന്നു.
വായ്പകള്‍ അനുവദിച്ചത് ക്രമവിരുദ്ധമായി
ബാങ്ക് ഭരണസമിതി അംഗങ്ങളായ വി.ആര് ബൈജു, ടി.എസ് അഭിലാഷ്, പി.എല്‍ തോമസ് എന്നിവര്‍ ബാങ്കില്‍ നിന്ന് ലക്ഷകണക്കിന് രൂപ വായ്പ സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും എടുത്തിട്ടുണ്ട്. വായ്പകളെല്ലാം തിരിച്ചടക്കാതെ വന്‍ കുടിശികയായി കിടക്കുകയാണ്. ഇതിന് പുറമേ ഒരു വസ്തു ഈടാക്കിയാണ് ഒന്നില്‍ കൂടുതല്‍ വായ്പകള്‍ എടുത്തിട്ടുള്ളത്. വസ്തുവിന്റെ വാല്യുവേഷന് കണക്കാക്കിയിട്ടുള്ളതും ശരിയല്ല. കൂടാതെ ഗഹാന് ചെയ്യാതെയും ശരിയായി ആധാര ലക്ഷ്യങ്ങളില്ലാതെയും നിയമപ്രകാരം ഈടായി സ്വീകരിക്കാന്‍ പറ്റാത്ത വസ്തു ഈടായി സ്വീകരിച്ചും വായ്പ അനുവദിച്ചിട്ടുണ്ട്.
ബാങ്കിന്റെ 2007-2008 സാമ്പത്തിക വര്‍ഷത്തെ എസ്ബി അക്കൗണ്ട് ഷെഡ്യൂള്‍ ഡിഫറന്‍സസ് ഇതുവരെയായി ഡ്യു ടുവിലാണ് പിടിച്ച് വരുന്നത്. ഈസംഖ്യ ലക്ഷകണക്കണിന് രൂപവരും. ഇക്കാര്യത്തില്‍ ലക്ഷകണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ട്. നിയമവിരുദ്ധമായ ബാങ്കിന്റെ പ്രവൃത്തി വിശദമായി പരിശോധിക്കണം.
പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി
സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ക്ക് 2021 ഡിസംബറിലാണ് രമേഷ് പരാതി നല്‍കിയത്. ചാലക്കുടി അസി.രജിസ്ട്രാര്‍ക്കും (ജനറല്‍) പരാതി നല്‍കിയിരുന്നു. ഇതനുസരിച്ച് പരാതിക്കാരെ നേരില്‍ കാണുന്നതിന് 2022 ജനു.19ന് കൊടകര യൂണിറ്റ് ഇന്‍സ്പെക്ടര്‍ മുമ്പാകെ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. പരാതിയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണെന്ന് രമേഷ് മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: