സാമാന്യബോധവും മര്യാദയുമാണ് സമുന്നത രാഷ്ട്രീയ നേതാക്കളില്‍ നിന്നും സര്‍വ്വരും പ്രതീക്ഷിക്കുന്നത്. എന്നാല്‍ അധികാരം നഷ്ടപ്പെട്ട് അലഞ്ഞു തിരിയുന്ന കോണ്‍ഗ്രസുകാര്‍ എത്ര സമുന്നതരായാലും അവര്‍ക്കെന്ത് മര്യാദ ? എന്ത് സാമാന്യ ബോധം ? വായില്‍ വന്നത് കോതയ്ക്ക് പാട്ട് എന്ന് പറയാറുണ്ടല്ലോ. അതുപോലെയായി കോണ്‍ഗ്രസ് നേതൃത്വം.
അധികാരത്തിന്റെ ശീതളഛായയില്‍ ഭൂമിയിലും ആകാശത്തിലും പാതാളത്തിലുമെന്നപോലെയായിരുന്നല്ലോ അഴിമതി. ഏതാണ്ട് എട്ടുലക്ഷത്തോളം കോടി രൂപയുടെ തീവെട്ടിക്കൊള്ളയാണ് നടത്തിയത്. അതിന്റെ അന്വേഷണനടപടികള്‍ പല തട്ടിലാണ്. അതിനു മുമ്പത്തെതാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്. ആ കേസില്‍ അമ്മയേയും മകനേയും ഇഡി 60 മണിക്കൂറിലധികം ചോദ്യം ചെയ്തു. ഇത് തടയാന്‍ തരംതാണ വേലത്തരങ്ങളെല്ലാം ചെയ്തു. സാമ്പത്തിക കുറ്റങ്ങള്‍ സംബന്ധിച്ച് പരാതി ഉയര്‍ന്നാല്‍ അന്വേഷിക്കുക സ്വാഭാവികമാണ്. അതൊഴിവാക്കാന് തറവേല ഒപ്പിക്കുന്ന നിരവധി കളങ്കിതരുണ്ട്. അത്തരം കളങ്കിതരാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്.
മദാമ്മയെ രണ്ടാം ദിവസം ചോദ്യം ചെയ്യല്‍ തുടരവെ കോണ്‍ഗ്രസ് ലോകസഭാകക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ അഭിപ്രായ പ്രകടനം രാജ്യത്തിന് കളങ്കമായി. 75 വര്‍ഷത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനവാസി വനിത രാഷ്ട്രപതിയായതില്‍ രാജ്യം ആഹ്ലാദിക്കുന്നു. ലോകമാസകലം ആശ്ചര്യവും അത്ഭുതവും കൂറുന്നു. രാഷ്ട്രപതി എന്നാല്‍ സര്‍വ്വ സൈന്യാധിപനാണ്. രാജ്യത്തിന്റെ പ്രഥമ പൗരനാണ്. അത് സ്ത്രീയായാലും പുരുഷനായാലും ഇഷ്ടമുണ്ടായാലും ഇല്ലെങ്കിലും ഭരണഘടനയുടെ കസ്റ്റോഡിയനാണ്. അങ്ങനെയൊരാളെ ആദരവോടെയും ബഹുമാനത്തോടെയും മാത്രമേ ആര്‍ക്കും കാണാന്‍ കഴിയൂ. കോണ്‍ഗ്രസിന്റെ ലോകസഭാ കക്ഷിനേതാവാകുമ്പോള് അങ്ങനെ പെരുമാറുമെന്നാണ് ആരും പ്രതീക്ഷിക്കുക. എന്നാല്‍ വ്യാഴാഴ്ച നടന്നത് ദൗര്‍ഭാഗ്യകരമായ സംഭവമാണ്. അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ‘രാഷ്ട്രപത്നി’ എന്നു വിശേഷിപ്പിച്ചതിനെച്ചൊല്ലിയുള്ള ബിജെപി അംഗങ്ങളുടെ പ്രതിഷേധത്തില്‍ ലോക്സഭ സ്തംഭിച്ചു. 2 തവണ നിര്‍ത്തിവച്ചശേഷം സഭ പിരിഞ്ഞു. രാഷ്ട്രപതിയെ നേരിട്ടുകണ്ട് മാപ്പു പറയാമെന്നും ബിജെപിയിലെ ഇരട്ടത്താപ്പുകാരോടു പറയില്ലെന്നും അധീര്‍ രഞ്ജന്‍ പ്രതികരിച്ചതാണ് പ്രശ്നം വഷളാക്കിയത്. ഇത് രാഷ്ട്രപതിയുടെ സ്വകാര്യകാര്യമല്ല.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എംപിമാരുടെ രാഷ്ട്രപതിഭവന് മാര്‍ച്ചിനിടെയായിരുന്നു വിവാദത്തിനിടയാക്കിയ പരാമര്‍ശം. രാഷ്ട്രപതിക്കു പരാതി നല്കാന് പോവുകയാണെന്നു മാധ്യമങ്ങളോടു പറയുന്നതിനിടെ നാക്കുപിഴ സംഭവിച്ചെന്നാണ് അധീര്‍ രഞ്ജന്റെ വിശദീകരണം.
അധീര്‍ രഞ്ജനും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മാപ്പു പറയണമെന്ന് സഭ ചേര്‍ന്നപ്പോള്‍ ബിജെപി അംഗങ്ങള്‍ ആവശ്യപ്പെട്ടു. സോണിയയാണ് രാഷ്ട്രപതിയെ അപമാനിക്കാന്‍ പ്രേരിപ്പിച്ചതെന്നും അവരും മാപ്പുപറയണമെന്നും മന്ത്രിമാരായ സ്മൃതി ഇറാനിയും പ്രഹ്ലാദ് ജോഷിയും ആവശ്യപ്പെട്ടു. എതിര്‍പ്പുമായി പ്രതിപക്ഷ അംഗങ്ങളും എഴുന്നേറ്റതോടെ സ്പീക്കര്‍ ഓം ബിര്‍ല സഭ 12 വരെ നിര്‍ത്തിവച്ചു.
കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയയും മന്ത്രി സ്മൃതി ഇറാനിയും തമ്മില്‍ ചൂടേറിയ വാഗ്വാദവും നാടകീയ രംഗങ്ങളും നടത്തി. അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധിക്കുന്നതിനിടെ സ്മൃതി ഇറാനി സോണിയയുടെ പേര് ആവര്‍ത്തിച്ച് പറഞ്ഞതാണ് കോണ്‍ഗ്രസ് അധ്യക്ഷയെ ചൊടിപ്പിച്ചത്. സോണിയ മാപ്പ് പറയൂ എന്ന് സ്മൃതി ഇറാനി സഭയില്‍ ആവശ്യപ്പെട്ടു. മറ്റു ബിജെപി അംഗങ്ങളും ഇതേറ്റു
പിടിച്ചു. ‘സോണിയ, ദ്രൗപദി മുര്‍മുവിനെ അവഹേളിക്കാന്‍ നിങ്ങള്‍ അനുവദിച്ചു. സോണിയാജീ, ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവിയിലുള്ള ഒരു സ്ത്രീയെ അപമാനിക്കാന്‍ നിങ്ങള്‍ അനുമതി നല്കി’ സ്മൃതി ഇറാനി പറഞ്ഞു. പിന്നാലെ മുദ്രാവാക്യം വിളിച്ച ബിജെപി എംപിമാരുടെ അടുത്തേക്ക് സോണിയ നടന്നുനീങ്ങി. രണ്ട് കോണ്‍ഗ്രസ് എംപിമാരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. എല്ലാവരേയും അതിശയിപ്പിച്ചുകൊണ്ട് ഭരണപക്ഷത്തേക്ക് നീങ്ങിയ സോണിയ അവിടെയുണ്ടായിരുന്ന ബിജെപി എംപി രമാ ദേവിയോടായി പറഞ്ഞു, ‘അധീര്‍ രഞ്ജന്‍ ചൗധരി ഇതിനോടകം മാപ്പ് പറഞ്ഞു. എന്തുകൊണ്ടാണ് എന്നെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ?’ സോണിയ ആര്‍ത്തട്ടഹസിച്ചു.
‘മാഡം, ഞാന്‍ നിങ്ങളെ സഹായിക്കട്ടെ, ഞാനാണ് നിങ്ങളുടെ പേര് എടുത്തിട്ടത്’ സ്മൃതി പറഞ്ഞു. ഉടന്‍ തന്നെ ക്ഷുഭിതയായി എന്നോട് സംസാരിക്കരുതെന്ന് സോണിയ സ്മൃതിയോടായി പറഞ്ഞു. പിന്നീട് ഇരുപക്ഷവും തമ്മില്‍ ബഹളമായി. കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പിന്നീട് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ രംഗത്തെത്തി. സോണിയ സ്മൃതി ഇറാനിയെ ഭീഷണിപ്പെടുത്തിയെന്ന് പിന്നീട് ധനമന്ത്രി നിര്‍മലാ സീതാരാമന് ആരോപിച്ചു.
ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദിയെ മരണത്തിന്റെ വ്യാപാരിയെന്ന് കുറ്റപ്പെടുത്തിയ നേതാവാണ് സോണിയ. മുസോളിനിയുടെ പരമ്പരയില്‍പ്പെട്ട ഈ സ്ത്രീ ഭരണത്തിന്റെ തലപ്പത്താണിപ്പോഴുമെന്നാണ് ധാരണ. രാജ്യത്തെ ദുര്‍ബലപ്പെടുത്താനും രാഷ്ട്രബിംബങ്ങളെ അപകീര്‍ത്തിപ്പെടുത്താനും ബോധപൂര്‍വ്വം ശ്രമിക്കുന്ന ഇവരും കുടുംബവും കള്ളപ്പേരിലാണ് ഇപ്പോഴും കൊള്ള നടത്തുന്നത്. മടിയില്‍ കനമില്ലാത്തവരെന്തിന് വഴിയില്‍ പേടിക്കണം? നരേന്ദ്രമോദിയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ഒരു ബിജെപിക്കാരനും ആരെയും വഴി തടഞ്ഞിട്ടില്ല. അട്ടിമറി സമരം നടത്തിയിട്ടില്ല. ചോദ്യം ചെയ്യലും പരിഹാസങ്ങളും സഹിച്ച് അന്വേഷണവുമായി സഹകരിക്കുകയായിരുന്നു നരേന്ദ്രമോദി. അദ്ദേഹത്തിന് അതിന്റെ ഫലം ലഭിച്ചു. പരമോന്നത നീതിപീഠം തന്നെ അദ്ദേഹം നിരപരാധിയാണെന്ന് വിധിക്കുകയും ചെയ്തു.
എന്നാല്‍ സോണിയയും കുടുംബവും പാര്‍ലമെന്റിനെ കളിക്കാനിട്ട പന്തലായാണ് കണക്കാക്കുന്നത്. പാര്‍ലമെന്റ് അംഗങ്ങളെ സ്വയം രക്ഷയ്ക്കായി ഇളക്കിവിട്ടു. മറ്റ് പാര്‍ട്ടിക്കാരെ കൂട്ടുപിടിക്കാന്‍ മുദ്രാവാക്യത്തിലും മായം ചേര്‍ത്തു. വിലക്കയറ്റവും മറ്റുമായി മുദ്രാവാക്യം. പാര്‍ലമെന്റില്‍ നിന്നും പുറത്താകും വരെ ബഹളംവച്ചവര് വിലക്ക് ലംഘിച്ച് പാര്‍ലമെന്റ് വളപ്പില്‍ പ്ലക്കാര്‍ഡും പിടിച്ച് ധര്‍ണയും നടത്തി. അതിനുശേഷമുള്ള നാടകമാണ് ആരെയും അത്ഭുതപ്പെടുത്തുന്നത്.
ലോക്സഭയില്‍ സോണിയയോട് കേന്ദ്രമന്ത്രിമാരും ബിജെപി എംപിമാരും അപമര്യാദയായി പെരുമാറിയെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ട് സ്പീക്കര്‍ക്കു കോണ്‍ഗ്രസ് നോട്ടിസ് നല്കി. സംഭവം അവകാശലംഘന സമിതി അന്വേഷിക്കണമെന്നാണ് ആവശ്യം. അതേസമയം, സോണിയ ഒരു ബിജെപി അംഗത്തോട് ഭീഷണിസ്വരത്തില്‍ സംസാരിച്ചതായി മന്ത്രി നിര്‍മല സീതാരാമന് ആരോപിച്ചു. സ്മൃതി ഇറാനി സൗമ്യമായാണു സംസാരിച്ചതെന്നും സോണിയ ക്ഷുഭിതയായിരുന്നുവെന്നും രമാദേവി എംപി പറഞ്ഞു.
കോണ്‍ഗ്രസ് ലോക്സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെ ‘രാഷ്ട്രപത്നി’ എന്നു വിളിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിന്റെ തുടര്‍ച്ചയായിരുന്നു സഭയിലെ സോണിയ സ്മൃതി പോര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: