Categories: India

യുവമോര്‍ച്ച നേതാവ് പ്രവീണിന്റെ കൊലപാതകക്കേസ് അന്വേഷണം എന്‍ഐഎക്ക് വിട്ട് കര്‍ണാടക സര്‍ക്കാര്‍; നടപടി പിന്നില്‍ മതതീവ്രവാദ സംഘടനയെന്ന് വ്യക്തമായതോടെ

എന്‍ഐഎ അന്വേഷണം എന്ന ആവശ്യം ബിജെപി മുന്നോട്ടുവച്ചിരുന്നു. കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തും അയച്ചിരുന്നു.

Published by

ബെംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ല യുവമോര്‍ച്ച സെക്രട്ടറി പ്രവീണ്‍കുമാര്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസ് കര്‍ണാടക സര്‍ക്കാര്‍ എന്‍ഐഎയ്‌ക്ക് വിട്ടു. പ്രവീണിന്റെ വധത്തിന് പിന്നില്‍ മതതീവ്രവാദ സംഘടനയായ എസ്ഡിപിഐക്ക് പങ്കുണ്ടെന്ന് വ്യക്തമായതോടെയാണ് കേസ് അന്വേഷണം എന്‍ഐഎയ്‌ക്ക് വിട്ടത്. കൊലപാതകത്തിന് തീവ്രവാദ സംഘടനയ്‌ക്കു ഫണ്ടിങ് ലഭിച്ചിട്ടുണ്ടോ എന്നതടക്കം വിഷയങ്ങള്‍ അന്വേഷിക്കേണ്ടി വരുമെന്നതിനാലാണ് അന്വേഷണം എന്‍ഐഎയ്‌ക്ക് വിട്ടത്.  

കേസില്‍ അറസ്റ്റിലായ ദക്ഷിണ കന്നഡയിലെ സവനൂര്‍ സ്വദേശി സക്കീര്‍ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷെഫീഖ് (27) എന്നിവര്‍ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരാണ്. ഷഫീഖും സക്കീറും ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെടുന്നവരാണ്. ഇതോടൊപ്പം കൊലപാതക സംഘത്തിന് പ്രവീണിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറിയതും ഇവരാണ്. കേരളം അടക്കം അയല്‍സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചുള്ള കര്‍ണാടക പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സംഭവത്തിനു പിന്നിലെ തീവ്രവാദസംഘടനയുടെ ബന്ധം തെളിഞ്ഞത്.  

കൊലപാതകവുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതില്‍ 15 എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉള്‍പ്പെടുന്നു. മലയാളികള്‍ ഉള്‍പ്പെട്ട സംഘത്തെ ചോദ്യം ചെയ്തുവരികയാണ്. കൊലപാതകത്തിന് പിന്നാലെ പിടിച്ചെടുത്ത ബൈക്ക് കേരള രജിസ്‌ട്രേഷനില്‍ ഉള്ളതാണ്. വാഹനം കേന്ദ്രീകരിച്ചും ഊര്‍ജ്ജിത അന്വേഷണമാണ് പുരോഗമിക്കുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് വ്യാജമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അറസ്റ്റിലായ സാക്കിര്‍ നിരവധി ക്രിമിനല്‍ കേസുകള്‍ പ്രതിയാണ്. ഇരുവരെയും ഉടനെ കോടതിയില്‍ ഹാജരാക്കുമെന്നും അദ്ദേഹം അറിയിച്ചു. ജൂലൈ 26ന് രാത്രിയാണ് പ്രവീണ്‍ വെട്ടേറ്റ് മരിച്ചത്. ബൈക്കിലെത്തിയ രണ്ട് അക്രമികള്‍ പ്രവീണിനെ അദ്ദേഹത്തിന്റെ ചിക്കന്‍ സെന്ററിന് സമീപത്ത് വച്ച് വാളുകൊണ്ട് ആക്രമിച്ച ശേഷം സ്ഥലംവിടുകയായിരുന്നു.

ബിജെപി നേതാവ് നൂപുര്‍ ശര്‍മയെ അനുകൂലിച്ചതിന്റെ പേരില്‍ രാജസ്ഥാനിലെ തയ്യല്‍തൊഴിലാളി കനയ്യ ലാലിനെ മതമൗലികവാദികള്‍ കൊലപ്പെടുത്തിയതിനെതിരെ പ്രവീണ്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ പേരിലാണ് പ്രവീണിന്റെ കൊതപാതകമെന്നാണ് ബിജെപി ആരോപണം. കനയ്യ ലാലിനെ കൊലപ്പെടുത്തിയ അതേ മാതൃകയില്‍ കഴുത്ത് മുറിച്ചും മറ്റുമാണ് പ്രവീണിനേയും കൊലപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആണെന്നും ബിജെപി ആരോപിക്കുന്നു. എന്‍ഐഎ അന്വേഷണം എന്ന ആവശ്യം ബിജെപി മുന്നോട്ടുവച്ചിരുന്നു. കേന്ദ്ര സഹമന്ത്രി ശോഭാ കരന്തലജെ കേസില്‍ എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി അമിത്ഷായ്‌ക്ക് കത്തും അയച്ചിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക