ന്യൂദല്‍ഹി : ബെംഗളൂരു സ്ഫോടനക്കേസില്‍ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്കെതിരെ പുതിയ തെളിവുകളുണ്ടെന്ന് കര്‍ണാടക സര്‍ക്കാര്‍. പ്രതികള്‍ക്കെതിരെ ഫോണ്‍ രേഖകള്‍ ഉള്‍പ്പടെയുള്ള പുതിയ തെളിവുകള്‍ പരിഗണിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കര്‍ണാടക കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
കേസിലെ പ്രതികളായ മദനി ഉള്‍പ്പടെ 21 പേര്‍ക്കെതിരെ തെളിവുകളുണ്ട്. ഇവരുടെ ഫോണ്‍കോളുകള്‍ ഉള്‍പ്പടെയുള്ള രേഖകള്‍ തെളിവുകളായി കണക്കാക്കാന്‍ വിചാരണക്കോടതിക്ക് നിര്‍ദ്ദേശം നല്‍കണമെന്നതായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ ആവശ്യം. ഇക്കാര്യം പരിഗണിച്ച സുപ്രീംകോടതി വിചാരണ കോടതി അന്തിമ വാദം കേള്‍ക്കുന്നത് സ്റ്റേ ചെയ്തു.
സംഭവത്തില്‍ അബ്ദുള്‍ നാസര്‍ മദനി ഉള്‍പ്പെടെ 21 പ്രതികള്‍ക്കും സുപ്രീംകോടതി നോട്ടീസയച്ചു. പുതിയ തെളിവുകള്‍ പരിഗണിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
അതേസമയം വിചാരണ പൂര്‍ത്തിയായ കേസില്‍ പുതിയ തെളിവുകള്‍ പരിഗണിക്കുന്നത് അനുവദിക്കാനാകില്ല എന്നാണ് മദനി ഉള്‍പ്പെടെയുള്ള പ്രതികള്‍ സുപ്രീംകോടതിയില്‍ അറിയിച്ചത്. തെളിവുകള്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറ്റപത്രം പരിഗണിക്കുന്ന ഘട്ടത്തില്‍ ഹാജരാക്കേണ്ടതായിരുന്നു. വിചാരണ അനന്തമായി നീളുന്ന സാഹചര്യം ഇതുണ്ടാക്കുമെന്നും മദനിയുടെ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. തുടര്‍ന്ന് ഈ തെളിവകുള്‍ പരിഗണിക്കണോ എന്നതില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസുമാരായ ഹേമന്ദ് ഗുപ്ത, വിക്രം നാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: