കഞ്ചിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വന്നതോടെ വ്യവസായ മേഖലയും പ്രതിസന്ധിയിലാവും. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ വ്യവസായ മേഖല കൂടിയായ കഞ്ചിക്കോട് 600 ഓളം ചെറുതും വലുതുമായ കമ്പനികളാണുള്ളത്. എന്നാല്‍ വൈദ്യുതി നിരക്ക് വര്‍ധന കമ്പനികളെ ബാധിക്കുന്നതോടെ അവര്‍ക്ക് വന്‍ നഷ്ടമാണുണ്ടാവുക.
ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതിക്ക് യൂണിറ്റിന് 25 പൈസ വര്‍ധിപ്പിച്ചപ്പോള്‍ വ്യവസായികാവശ്യത്തിനുള്ള വൈദ്യുതിക്ക് 40 പൈസയാണ് വര്‍ധിച്ചത്. പ്രതിമാസം 30,000 യൂണിറ്റ് വരെ ഉപയോഗിക്കുന്ന വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് നിലവിലുള്ള 6.30 രൂപയില്‍ നിന്ന് 6.75 രൂപയായി മാറും. ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ പ്രതിമാസ ഡിമാന്റ് ചാര്‍ജ് കിലോവാട്ടിന് 340 രൂപയില്‍ നിന്ന് 390 രൂപയാവും. പഴയ നിരക്കിനേക്കാളും ശരാശരി 6.5 ശതമാനം അധികമാണ് വര്‍ധിപ്പിച്ചിട്ടുള്ളതെങ്കിലും പ്രതിമാസം 30,000 യൂണിറ്റു വരെയും അതിനു മുകളിലും ഉപയോഗിക്കുന്ന വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്ക് ലക്ഷങ്ങള്‍ അധികമായി നല്‍കേണ്ടിവരും.
കൂടുതലായും 110 കെവി ഉപയോഗിക്കുന്ന വ്യവസായ സ്ഥാപനങ്ങളാണ് ഉള്ളതെന്നിരിക്കെ കഞ്ചിക്കോട്ടെ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് ഏരിയ, ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡവലപ്മെന്റ് ഏരിയ (എന്‍ഐഡിഎ) എന്നിവിടങ്ങളിലും പുതുശ്ശേരി പഞ്ചായത്തില്‍പ്പെട്ട പുതുശ്ശേരി മുതല്‍ വാളയാര്‍ വരെയുള്ള വന്‍കിട കമ്പനികളെല്ലാം 110 കെവി ഉപയോഗിച്ചാണ് വ്യവസായം നടത്തുന്നത്. ഹൈടെന്‍ഷന്‍ വിഭാഗത്തില്‍ എനര്‍ജി ചാര്‍ജായി നിലവില്‍ 5.40 രൂപയാണെങ്കില്‍ നിരക്കുവര്‍ധന പ്രകാരം 5.90 രൂപയായി മാറും. ഇതിനുപുറമെ 66 കെവി ഉപയോഗിക്കുന്നവര്‍ക്ക് ഫ്യൂവല്‍ ചാര്‍ജ് 340 ല്‍ നിന്നും 400 രൂപയായുമാക്കി. 220 കെവിയിലും ഡിമാന്‍ഡ് ചാര്‍ജ് 360 രൂപയാക്കി ഉയര്‍ത്തി.
കഞ്ചിക്കോട്ടെ വ്യവസായ മേഖലയില്‍ ഇരുമ്പുരുക്കു കമ്പനികള്‍ക്കു പുറമെ തുണി, ഫുഡ് ഐറ്റംസ്, പെയിന്റ് തുടങ്ങിയവയാണ് പ്രവര്‍ത്തിക്കുന്നത്. 25 വര്‍ഷത്തോളമായി പ്രവര്‍ത്തിക്കുന്നതാണ് മിക്ക കമ്പനികളിലും തൊഴിലാളികള്‍ ഭൂരിഭാഗവും ഇതര സംസ്ഥാനക്കാരുമാണ്. റെഗുലേറ്ററി കമ്മീഷന്റെ കണക്കുപ്രകാരം 2019-20ല്‍ 127 കോടി രൂപയും 2020-20 വര്‍ഷം 86 കോടി രൂപയുമാണ് കെഎസ്ഇബിയുടെ ലാഭം. സംസ്ഥാനത്തെ വ്യവസായ മേഖലകളെ പ്രോത്സാഹിപ്പിക്കുമെന്നു പറയുമ്പോഴും നിലവിലെ നിരക്കു വര്‍ധന വ്യവസായ മേഖലക്ക് ഇരുട്ടടിയായി മാറി. വന്‍കിട വ്യവസായ മേഖലക്കു പുറമെ നഗര – ഗ്രാമീണ മേഖലകളിലുള്ള ചെറുകിട – ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്കും ഇതുമൂലം സാമ്പത്തിക പ്രതിസന്ധിയിലാകും.
നിലവില്‍ അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനയും ഇന്ധന വിലവര്‍ധനയും തൊഴിലാളികളുടെ ശമ്പള വര്‍ധനവും നിലനില്‍പ്പിനെ സാരമായി ബാധിക്കുന്നതിനിടെയാണ് വൈദ്യുതിനിരക്ക് വര്‍ധിക്കുന്നത്. ഇടിവെട്ടേറ്റവനെ പാമ്പുകടിച്ചു എന്ന അവസ്ഥയിലാണ് കമ്പനികള്‍. കൊവിഡ് സാഹചര്യത്തിനുശേഷം വ്യവസായമേഖല സജീവമാകുന്നതിനിടെയാണ് ഈ ഇരുട്ടടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: