അഡ്വ. ജെ. തുളസി കുറുപ്പ്
നമ്മുടെ നാട്ടില്‍ അടുത്തകാലം വരെയും, പഠനത്തില്‍ സമര്‍ത്ഥരല്ലാത്ത കുട്ടികള്‍ പത്താം ക്ലാസ്സില്‍ തോല്ക്കുന്നതോടെ വിദ്യാഭ്യാസം അവസാനിപ്പിക്കുകയായിരുന്നു പതിവ്. ഇപ്പോഴത് പ്ലസ് ടു കഴിയുന്നതോടെ നിലയ്ക്കുന്ന അവസ്ഥയിലായി. ഫലത്തില്‍ 17 വയസ് കഴിഞ്ഞ കുട്ടികള്‍, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ ഇനിയെന്ത് എന്ന ചിന്തയില്‍ ഉഴലുമ്പോഴാണ്, ഇന്ത്യന്‍ സൈനിക ചരിത്രത്തിലെ വഴിത്തിരിവായി അഗ്നിപഥ് പദ്ധതി യാഥാര്‍ത്ഥ്യമാകുന്നത്. 17.5 നും 21 (ഈ വര്‍ഷത്തേക്ക് മാത്രം 23 വയസ്) വയസിനുമിടയ്ക്കുള്ള കുട്ടികളെ, ലോകത്തിലെ വന്‍ സൈനിക ശക്തികളില്‍ ഒന്നായ ഇന്ത്യ, അതിന്റെ കര, നാവിക, വ്യോമ സേനകളിലേക്ക് നാലു വര്‍ഷത്തെ ഹ്രസ്വകാല സൈനിക പരിശീലനത്തിന് വിളിക്കുകയാണ് അഗ്നിപഥിലൂടെ.
ഈ സൈനിക പരിശീലനത്തെ അടിസ്ഥാനപരമായി കുട്ടികളുടെ ജീവിത പരിശീലനമായി കണ്ടാല്‍ മതി. ഒപ്പം, ഒരു തൊഴില്‍ കണ്ടെത്താനുള്ള സുവര്‍ണാവസരവും. പരീക്ഷയില്‍ തോറ്റും, ഉയര്‍ന്ന മാര്‍ക്കില്ലാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിനു പോകാന്‍ കഴിയാതെയും, ഉയര്‍ന്ന മാര്‍ക്ക് നേടിയിട്ടും സാമ്പത്തിക പ്രശ്നങ്ങളാല്‍ തുടര്‍ പഠനത്തിന് കഴിയാതെയും വരുമ്പോഴാണ് സാമൂഹിക വിപത്തുകളിലേക്ക് കുട്ടികള്‍ ചെന്നെത്തുന്നത്. പണമുണ്ടാക്കാനും സമൂഹത്തില്‍ സ്ഥാനമുറപ്പിക്കാനുമുള്ള വ്യഗ്രതയില്‍ കഞ്ചാവ്, സ്വര്‍ണക്കടത്ത്, ഭീകര പ്രവര്‍ത്തനം തുടങ്ങിയ ദേശവിരുദ്ധ ലോബികളുടെ വലയില്പ്പെട്ടു പോകുന്നതും, ഈ പ്രായത്തിലാണെന്നത് വളരെയേറെ ഉത്കണ്ഠയുളവാക്കുന്നു.
ശമ്പളത്തോടുകൂടിയ പരിശീലന പദ്ധതിയാണ് അഗ്നിപഥ്. ഇതിന്റെ ഗുണങ്ങള്‍ എന്താണെന്നു പരിശോധിക്കുക. ഇസ്രായേല്‍, സിംഗപ്പൂര്‍ തുടങ്ങിയ പരിഷ്കൃത രാജ്യങ്ങളിലെപ്പോലെ ഇതൊരു നിര്‍ബന്ധിത സൈനിക പരിശീലനമല്ല. നാലു വര്‍ഷം കൊണ്ട് ഉദ്ദേശം 25 ല ക്ഷം രൂപ സൈനിക പരിശീലനത്തിനെത്തുന്ന ഓരോരുത്തര്‍ക്കും ലഭിക്കുന്നു. വളരെ ചെറിയ പ്രായത്തില്‍ ഇത്രയും പ്രതിഫലം ലഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. സേവനസമയത്ത് ആഹാരം, പാര്‍പ്പിടം, ഭക്ഷണം, വൈദ്യസഹായം, അപകട ഇന്‍ഷുറന്‍സ് എന്നിവ തികച്ചും സൗജന്യമാണ്. വര്‍ഷത്തില്‍ രണ്ടു മാസം ശമ്പളത്തോടു കൂടിയ അവധിയും. പദ്ധതി പ്രഖ്യാപിച്ച്, ആഴ്ചകള്‍ക്കു ശേഷം, പുതുക്കിയ തീരുമാന പ്രകാരം അഗ്നിവീരര്‍ക്കു നാലു വര്‍ഷത്തിന് ശേഷവും സൗജന്യ വൈദ്യപരിരക്ഷ നല്കുന്ന കാര്യം പരിഗണനയിലാണ്. സേവനകാലത്ത് അംഗവൈകല്യം സംഭവിച്ചാല്‍ 2 മുതല്‍ 44 ലക്ഷം വരെ സഹായവും ലഭ്യമാക്കാനാണ് തീരുമാനം.
പഠനത്തില്‍ സമര്‍ഥരായ സഹപാഠികള്‍ പ്ലസ്ടുവും പ്രൊഫഷണല്‍ കോഴ്സുകളും കഴിഞ്ഞ് ഇറങ്ങിയാല്‍ പോലും ഇത്രയും വലിയ ഒരു തുകയും ആനുകൂല്യങ്ങളും ജോലി ചെയ്തു സമ്പാദിക്കാന്‍ എത്രകാലമെടുക്കുമെന്ന് താരതമ്യം ചെയ്യുമ്പോഴാണ് അഗ്നിപഥിന്റെ പ്രാധാന്യം അറിയുന്നത്. അതുമാത്രവുമല്ല, അഗ്നിവീരരില്‍ കഴിവ് തെളിയിക്കുന്ന 25 ശതമാനം പേര്‍ക്ക് നേരിട്ട് ഇന്ത്യന്‍ സേനകളിലേക്ക് നിയമനവും ലഭിക്കും. ശേഷിക്കുന്നവര്‍ക്ക് പാരാ മിലിട്ടറി സര്‍വീസുകളിലും, മറ്റു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ജോലിക്ക് മുന്‍ഗണന നല്കുന്നു. കൂടാതെ ഇന്ത്യയിലെ പല കോര്‍പ്പറേറ്റ് ഭീമന്മാരും ഇവര്‍ക്കു ജോലി വാഗ്ദാനം ചെയ്തു കഴിഞ്ഞു.
പരിശീലനം കഴിഞ്ഞ് ഇറങ്ങുന്നവര്‍ക്ക്, ചെറിയ കാലയളവില്‍ സമ്പാദിക്കുന്ന ഈ തുക കൊണ്ട് ബിസിനസ് ചെയ്യാന്‍ താല്പര്യമുണ്ടെങ്കില് ബാങ്കുകളെയൊന്നും ആശ്രയിക്കേണ്ടി വരില്ല. ഒരു 25 വയസുകാരന് ഇത്തരമൊരു സ്വപ്നം സ്വന്തം സമ്പാദ്യത്തിലൂടെ സഫലമാക്കാനായാല് തീര്‍ച്ചയായും അഭിമാനമാണത്. നാല് വര്‍ഷത്തെ പരിശീലനം ഇവരുടെ ജീവിതത്തെ മാറ്റിമറിക്കുമെന്നതും തീര്‍ച്ച! തുടര്‍ പഠനത്തിന് താല്പര്യമുള്ളവര്ക്ക് പഠിക്കാന്‍ 23 വയസ് വലിയൊരു പ്രായമല്ല. കൂടെ പഠിച്ചവരില്‍ ബിരുദധാരികളെ കാണുമ്പോഴുള്ള അപകര്‍ഷത മാറ്റി, സ്വന്തം സാമ്പാദ്യത്തില്‍ നിന്ന് പണം മുടക്കി പഠിക്കുന്നതും അഭിമാനാര്‍ഹമാണ്. സൈനിക പരിശീലനം കുട്ടികള്‍ക്ക് നല്കുന്ന ആത്മവിശ്വാസം, ആരോഗ്യബോധം, അച്ചടക്കം വിവിധ ട്രേഡുകളിലുള്ള അവഗാഹം ഇവയെല്ലാം എത്രമാത്രം അനുഗൃഹീതമാണ്. ഉദാഹരണത്തിന്, ഡ്രൈവര്‍, ഫിറ്റര്‍, ഇലക്ട്രീഷ്യന് തുടങ്ങി അവരവരുടെ താല്പര്യമനുസരിച്ച്, കാശു ചെലവിടാതെ ഒരു ട്രേഡ് സര്‍ട്ടിഫിക്കറ്റ് കൂടി കിട്ടുന്നത് ഭാവിയില്‍ മുതല്‍ക്കൂട്ടായി മാറും.
വിവിധ ഭാഷകള്‍, ആഹാര രീതികള്‍, കാലാവസ്ഥയിലെ വൈവിധ്യങ്ങള്‍ ഇവയെല്ലാം അനുഭവിച്ചറിയാന്‍ കിട്ടുന്ന സുവര്‍ണാവസരം കൂടിയാവുന്നു ഈ കാലയളവ്. പുതു തലമുറയ്ക്ക് ജീവിതത്തില്‍ എന്തിനെയും സധൈര്യം നേരിടാനും ഇന്ത്യയിലെന്നല്ല, ലോകത്തെവിടെയും സഞ്ചരിക്കാനും ജോലി കണ്ടെത്താനുമുള്ള ധൈര്യം ഈ ചെറിയ പ്രായത്തില്‍ തന്നെ കൈവരികയാണ്. ലോകത്തിലെ മൂന്നാമത്തെ സൈനിക ശക്തിയായ ഇന്ത്യന്‍ സേനകളില്‍ നിന്ന് ലഭിക്കുന്ന പരിശീലന സര്‍ട്ടിഫിക്കറ്റ് എന്തുകൊണ്ടും മഹത്തരമാണ്.
ചെറിയപ്രായത്തില്‍ തന്നെ പൗരന്മാര്ക്ക് സൈനിക പരിശീലനം കൊടുക്കുന്ന രാജ്യങ്ങള്‍ വേറെയുമുണ്ട്. ഫ്രാന്‍സില്‍ 15 വര്‍ഷം വരെയാണ് പരിശീലനം. റഷ്യയില്‍ രണ്ട് വര്‍ഷവും അമേരിക്കയില്‍ 4 വര്‍ഷവുമാണ് പരിശീലന കാലാവധി. ഇവരെയെല്ലാം മിക്ക രാജ്യങ്ങളും റിസര്‍വ് ഫോഴ്സ് ആയി നിലനിര്‍ത്തുകയും ചെയ്യുന്നു. അയല്‍ രാജ്യമായ ചൈനയില്‍ പോലും രണ്ട് വര്‍ഷത്തെ സൈനിക പരിശീലനം നിര്‍ബന്ധമാണ്. അവിടെ പിന്നീട് നടക്കുന്ന മറ്റു കാര്യങ്ങളെപ്പറ്റി വെളിയിലുള്ളവര്‍ക്കു അറിയാന്‍ കഴിയില്ല എന്നത് വേറെ കാര്യം.
ശ്രദ്ധേയമായ മറ്റൊരു കാര്യം കൂടി ഓര്‍ക്കേണ്ടതുണ്ട്. ഒരാവേശത്തില്‍ പട്ടാളത്തില്‍ ചേര്‍ന്നവര്‍ക്ക്, ആരോഗ്യ, കുടുംബപരമായ കാരണങ്ങളാല്‍ ദീര്‍ഘകാലം സൈന്യത്തില്‍ തുടരാന്‍ കഴിയില്ലെന്ന് ബോധ്യമായാല്‍ നാലുവര്‍ഷം കൊണ്ട് അവസാനിപ്പിച്ചു മാന്യമായ ഒരു തുകയും സമ്പാദിച്ചു നാട്ടിലേക്ക് മടങ്ങാം. സാധാരണ ഗതിയില്‍ സൈന്യത്തില്‍ നിന്ന് 15 കൊല്ലം പൂര്‍ത്തിയാക്കാതെ വിട്ടുപോരുക സാധ്യമല്ലല്ലോ?
തമിഴ്നാട്ടില്‍ നിന്നുള്ള ഒരു മുന്‍ കേന്ദ്രമന്ത്രി മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ എഴുതിയ ലേഖനത്തില്‍, വിരമിച്ച സൈനികരുടേതായി പറഞ്ഞിരിക്കുന്ന മുട്ടാപോക്ക് ന്യായങ്ങള്‍ വിചിത്രമാണ്. ഇവര്‍ക്കു ജോലി സ്ഥിരതയില്ല, പെന്ഷന് ഇല്ല എന്നൊക്കെയാണത്. കാര്യങ്ങളെല്ലാം വ്യക്തമായി വെളിപ്പെടുത്തിക്കൊണ്ടല്ലേ പദ്ധതിയിലേക്ക് താല്പര്യമുള്ളവരെ വിളിക്കുന്നത്. പദ്ധതിയെ എതിര്‍ക്കുന്നവരുടെ ഉദ്ദേശ്യം രണ്ടാണ്. ഒന്ന് രാഷ്ട്രീയ വിഷയ ദാരിദ്ര്യം, മറ്റൊന്ന് ‘ഇഷ്ടമില്ലാത്ത അച്ചി തൊട്ടതെല്ലാം കുറ്റ’മെന്ന നിലപാട്. ജനത്തിന്റെ ഇഷ്ടം നോക്കിയാണ് മുന്നോട്ടു പോകുന്നതെന്ന വസ്തുത അറിയേണ്ടവര്‍ അറിയുക.
അല്ലെങ്കില്‍ തന്നെ 25-ാം വയസില്‍ പെന്ഷന് ലഭിക്കുന്ന ജോലി ലോകത്ത് എവിടെയാണുള്ളത്? കേരളത്തില്‍ മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫില്‍ പാര്‍ട്ടിയിലെ സ്വന്തക്കാരെ നിയമിച്ചു രണ്ട് വര്‍ഷം കഴിഞ്ഞു പെന്ഷന് അര്‍ഹത നേടുമ്പോള്‍ പിരിച്ചു വിട്ടു പുതിയ ആളെ നിയമിക്കുന്ന കേരള സര്‍ക്കാരിന്റെ പദ്ധതിയിലല്ലാതെ!
വിവാദങ്ങള്‍ എന്തൊക്കെയായാലും ഈ ചെറിയ കാലയളവില്‍ പതിനായിരങ്ങളാണ് സേനയുടെ ഓരോ വിഭാഗത്തിലും അഗ്നിവീരരാകാന്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ പെണ്‍കുട്ടികളുമുണ്ട്. ഇന്ത്യാവിരുദ്ധ ശക്തികളെയും സ്ലീപ്പര്‍ സെല്ലുകാരെയുമൊന്നും പദ്ധതിയുടെ ഏഴയലത്തു അടുപ്പക്കില്ലെന്ന സേനാതലവന്മാരുടെ തീരുമാനവും വളരെയേറെ ശ്ലാഘനീയമാവുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: