തൃശൂര്‍: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയ്ക്കായി എത്തിച്ച നായ്ക്കളുടെ ശരീരത്തില്‍ വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചു. അടുത്തിടെ സമീപ ജില്ലകളില്‍ സമാന സംഭവങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിലാണ് അന്വേഷം മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നത്. നിലവില്‍ ഗുരുവായൂര്‍ എസ്എച്ച്ഒ പി. പ്രേമാനന്ദിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
സമാന സംഭവങ്ങള്‍ നടന്ന കൊല്ലം, പാലക്കാട്, ആലപ്പുഴ ജില്ലകളില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് പോലീസ് തീരുമാനിച്ചത്. ഗുരുവായൂര്‍ പെരുന്തട്ട ക്ഷേത്രത്തിന് മുന്നില്‍ വാഹനം ഇടിച്ച് ശരീരം തളര്‍ന്ന തെരുവ് നായയുടെയും പാലക്കാട് നിന്ന് കണ്ടെത്തിയ മറ്റൊരു നായയുടെയും കാലിലും വയറിലുമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.
മുറിവ് ഇല്ലാത്ത സാഹചര്യത്തില്‍ കണ്ടെത്തിയ വെടിയുണ്ട മാസങ്ങള്‍ക്ക് മുന്‍പ് തറച്ചതാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ തീവ്ര മത സംഘടനകളുടെയും മറ്റ് തീവ്രവാദ സംഘങ്ങളുടെ ബന്ധവും പോലീസ് പരിശോധിച്ചു വരികയാണ്. നായയുടെ ശരീരത്തില്‍ നിന്ന് കണ്ടെടുത്തത് എയര്‍ഗണ്‍ പെല്ലറ്റ് ആയതിനാല്‍ ജില്ലയില്‍ ലൈസന്‍സ് ഉള്ള തോക്ക് ഉടമകളെയും പോലീസ് വിളിച്ചുവരുത്തും. ആലപ്പുഴ ആറാട്ടുകുളങ്ങരയിലും വയറ്റില്‍ വെടിയുണ്ടകളുമായി നായയെ കണ്ടെത്തിയ സംഭവത്തിന് ഇതുമായി ബന്ധമുണ്ടോ എന്നും പോലീസ് അന്വേഷിക്കും.
തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ നായയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് കൊല്ലം ജില്ലയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞവര്‍ഷം ആലപ്പുഴ മാവേലിക്കരയ്ക്കടുത്തും സമാനമായ സംഭവം ഉണ്ടായി. അന്നത്തെ സംഭവങ്ങളില്‍ പോലീസ് തീവ്രവാദ ബന്ധവും തീവ്രമത സംഘനകളുടെ ബന്ധവും സ്ഥിരീകരിച്ചിരുന്നു. വെടിയേറ്റത് എവിടെ നിന്നാണെന്നോ ആരാണ് വെടിവെച്ചതെന്നോ വ്യക്തമല്ല.
പോലീസിനും ഇതുസംബന്ധിച്ച് കൃത്യമായ ഉത്തരം നല്‍കാനായിട്ടില്ല. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് തെരുവ് നായയെ ഗുരുവായൂരില്‍ വാഹനം ഇടിച്ചത്. റോഡില്‍ നിന്ന് ഇഴഞ്ഞ് പെരുന്തട്ട ക്ഷേത്രനടപ്പുരയിലെത്തിയ നായയെ മൃഗസ്നേഹിയായ പ്രദീപ് പയ്യൂര്‍ ഏറ്റെടുത്ത് ആശുപതിയില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: