ന്യൂദല്‍ഹി: ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്റെ (ബിഎസ്എന്‍എല്‍) പുനരുജ്ജീവിപ്പിക്കാന്‍ 1.64 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് കേന്ദ്രം. പദ്ധതിക്ക് കേന്ദ്ര കാബിനറ്റ് അംഗീകാരം നല്‍കിയതായും ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
നാല് വര്‍ഷത്തിനുള്ളില്‍ ബിഎസ്എന്‍എല്‍ സേവനങ്ങള്‍ നവീകരിക്കുക എന്നതാണ് പാക്കേജിന്റെ ലക്ഷ്യം. രണ്ട് വര്‍ഷത്തിനുള്ളില്‍ നവീകരണത്തിന്റെ പ്രധാനപ്പെട്ട ഘട്ടങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.ഇത് ബിഎസ്എന്‍എല്‍ സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനും കമ്പനിയുടെ ഫൈബര്‍ ശ്യംഖല വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. കുടാതെ ഭാരത് ബ്രോഡ്ബാന്‍ഡ് നിഗം ലിമിറ്റഡിനെ ബിഎസ്എന്‍എല്ലുമായി ലയിപ്പിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പുനരുജ്ജീവന പാക്കേജ് നടപ്പിലാകുന്നതോടെ, ഒരു ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
നിലവിലെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും 4ജി സേവനം സാര്‍വത്രികമാക്കുന്നതിനും ബി എസ് എന്‍ എല്ലിനായി 900/1800 മെഗാ ഹേര്‍ട്സ് ബാന്‍ഡില്‍ സ്പെക്ട്രം അനുവദിക്കും. ഇതിനായി 44,993 കോടി രൂപ ചിലവഴിക്കും. 4ജി സേവനം ആരംഭിച്ച് ഒട്ടും വൈകാതെ 5ജി സേവനങ്ങള്‍ ലഭ്യമാക്കാനും ബിഎസ്എന്‍എല്ലിന് പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: