കരയില്‍ സമ്മേളിക്കാന്‍ അവസരം നിഷേധിച്ച അധികാരികളെ കായല്‍ സമ്മേളനം നടത്തി വെല്ലുവിളിച്ച പണ്ഡിറ്റ് കറുപ്പന് അവഗണിക്കപ്പെട്ടുപോയ ഒരു ജനതയുടെ സ്വാതന്ത്ര്യവും സ്വാഭിമാനവും വീണ്ടെടുക്കാന്‍ പോരാടിയ സംഘാടകനായിരുന്നു. വര്‍ഷം തോറുമുള്ള അനുസ്മരണങ്ങളില്‍ ഒതുങ്ങുകയാണ് അപദാനങ്ങളെങ്കിലും ആ പോരാട്ട വഴികള്‍ ചരിത്രത്തിലെ രജതരേഖകളാണ്.
അധഃസ്ഥിത നായകന്, അധ്യാപകന്, സാമൂഹിക പരിഷ്കര്‍ത്താവ്, കവി, പുലയ മഹാസഭയുടെ സ്ഥാപകന്‍…. വഴി നടക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടി അദ്ദേഹം നടത്തിയ കായല്‍ സമരത്തിന്റെ സദ്ഫലങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുപോലും പണ്ഡിറ്റ് കറുപ്പന് പരിചിതനല്ല. 1885 മെയ് 24 ന് കൊച്ചി രാജ്യത്തെ ചേരാനല്ലൂരിലെ അരയ കുടുംബത്തില്‍ ജനനം. കണ്ടത്തിപറമ്പ് അയ്യനും കൊച്ചു പെണ്ണുമായിരുന്നു മാതാപിതാക്കള്‍.
ചെറായിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പഠിക്കാനായി കൊടുങ്ങല്ലൂര്‍ക്ക് പോയി. കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാനെ പോലുള്ളവരുടെ പ്രശംസക്ക് പാത്രമായി. ഒരിക്കല്‍ തിരുവഞ്ചിക്കുളത്തെത്തിയ രാജാവിന് കറുപ്പന് മംഗളശ്ലോകമെഴുതി സമര്‍പ്പിച്ചു. രാജാവ് എറണാകുളം മഹാരാജാസ് കോളജില്‍ സംസ്കൃത പണ്ഡിതന് രാമ പിഷാരടിയുടെ കീഴില്‍ സംസ്കൃതം പഠിക്കാനയച്ചു. 1905 ല്‍ ഇരുപതാം വയസ്സില്‍ കറുപ്പന് ഏറണാകുളം സെന്റ് തെരേസാസ് ഹൈസ്കൂളില്‍ മുന്‍ഷിയായി. കൊച്ചി രാജാവ് ‘കവിതിലകന്‍’ എന്നും കേരള വര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ‘വിദ്വാന്’ എന്നും ബഹുമതികള്‍ സമ്മാനിച്ചു. കുറച്ചുകാലം ഫിഷറീസ് വകുപ്പില്‍ ജോലി ചെയ്തു. സവര്‍ണര്‍ക്ക് മാത്രം പ്രവേശനമുണ്ടയിരുന്ന സര്‍ക്കാരിന്റെ കാസ്റ്റ് ഹൈസ്കൂളില്‍ അധ്യാപകനായി. ഗുരുവായ രാമ പിഷാരടി പിരിഞ്ഞപ്പോള്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായി.
1913 മെയ് 25 ന് സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂളില്‍ പുലയ മഹാസഭയുടെ ഉദ്ഘാടനം നടന്നു. പണ്ഡിറ്റ് കറുപ്പനായിരുന്നു പ്രേരക ശക്തി. 1925 ല്‍ കറുപ്പനെ കൊച്ചി നിയമസഭയിലേക്ക് നാമനിര്‍ദേശം ചെയ്തു. 1927 ആഗസ്ത് 9 ന് അധഃകൃത സമുദായങ്ങളുടെ ഉപസംരക്ഷകനായി സര്‍ക്കാര്‍ നിയമിച്ചു. കൊച്ചി നിയമസഭാംഗമായി. കറുപ്പന്റെ സമുദായ പരിഷ്കൃത ശ്രമങ്ങളുടെ ഫലമായാണ് തേവരയില്‍ വാലസമുദായ പരിഷ്കാരിണി സഭ (1910) രൂപം കൊണ്ടത്. 1912 ല്‍ ആനാപ്പുഴയില്‍ കല്യാണദായിനി സഭയും വക്കത്ത് വാലസേവാസമിതിയും രൂപീകരിച്ചു. 1938 മാര്‍ച്ച് 24 ന് ആ മഹാജീവിതം അവസാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: