കോഴിക്കോട്: കോസ്റ്റല്‍ റഗുലേഷന് സോണ്‍ (സിആര്‍സെഡ്) മാനേജ്മെന്റ് കമ്മിറ്റിയുടെ യോഗം അനിശ്ചിതമായി നീണ്ടുപോ കുന്നതിനാല്‍ തീരദേശങ്ങളിലെ വീട് നിര്‍മാണം അവതാളത്തിലായെന്ന് ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എന്‍.പി. രാധാകൃഷ്ണന്. മെയ് 10ന് വന്ന സംസ്ഥാന പരിസ്ഥിതി വകുപ്പ് ഉത്തരവിനെ തുടര്‍ന്നാണ് മാസംതോറുമുള്ള സിആര്‍സെഡ് മാനേജ്മെന്റ് കമ്മിറ്റി യോഗം നിര്‍ത്തിവച്ചത്.
കേരളത്തിലെ 10 തീരദേശ ജില്ലകളിലെ ലൈഫ്, പിഎംഎവൈ പദ്ധതിയനുസരിച്ചും വ്യക്തികള്‍ നിര്‍മ്മിക്കുന്നതുമായ പ്രവൃത്തികളാണ് നിന്നത്. ഇതുമൂലം ആയിരക്കണക്കിന് കുടുംബങ്ങളാണ് പ്രതിസന്ധിയിലായതെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തീരദേശത്തെ നിശ്ചിത പരിധിയിലെ എല്ലാ നിര്‍മാണ പ്രവൃത്തികള്‍ക്കും മാനേജ്മെന്റ് കമ്മിറ്റിയുടെ അനുമതി വേണം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ട അപേക്ഷകള്‍ നാലുമാസമായി കെട്ടിക്കിടക്കുകയാണ്. കളക്ടര്‍ ചെയര്‍മാനായ കമ്മിറ്റിയുടെ കണ്‍വീനറായിരുന്ന ടൗണ്‍ പ്ലാനര്‍മാരെ മാറ്റി ഇതുമായി ബന്ധമില്ലാത്ത പ്ലാനിങ് ഓഫീസര്‍മാരെ നിശ്ചയിച്ച പരിസ്ഥിതി വകുപ്പിന്റെ ഉത്തരവിലാണ് മാസം ഇരുനൂറ് വീതം അപേക്ഷകള്‍ തീര്പ്പായിരുന്നത് നിലച്ചത്.
2019 ഫെബ്രുവരി ഒന്നിലെ കേന്ദ്രസര്‍ക്കാരിന്റെ വിജ്ഞാപനത്തിന് അനുബന്ധമായി നോട്ടിഫിക്കേഷന്‍ അനുസരിച്ച് അനുബന്ധമായി സംസ്ഥാനത്ത് നടക്കേണ്ട നടപടിക്രമങ്ങള്‍ വൈകുന്നതാണ് അടിസ്ഥാന പ്രശ്നം. പുതിയ നോട്ടിഫിക്കേഷന്‍ അനുസരിച്ചുള്ള മാപ്പ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്ന പ്രക്രിയയും പൂര്‍ത്തിയാക്കിയിട്ടില്ല. മുഖ്യമന്ത്രി നേരിട്ട് കൈകാര്യം ചെയ്യുന്ന കാര്യങ്ങളായതിനാല്‍ ഇക്കാര്യത്തില്‍ സംസ്ഥാന കോസ്റ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയും അതിന് ചുമതല വഹിക്കുന്ന മുഖ്യമന്ത്രിയും അടിയന്തരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് രാധാകൃഷ്ണന് ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ഒബിസി മോര്‍ച്ച നേതാക്കളായ ശശിധരന് നാരങ്ങയില്‍, എന്‍.പി. പ്രദീപ് കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: