തൊടുപുഴ: ഇന്നലെ നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത് കോട്ടയം സ്വദേശിനിയായ ആരോഗ്യപ്രവര്‍ത്തകയ്ക്ക്. പണം പോലും വാങ്ങാതെ, ഫോണ്‍ വിളിച്ച് പറഞ്ഞത് പ്രകാരം ലക്കി സെന്റര്‍ ഉടമ ടിക്കറ്റ് മാറ്റിവയ്ക്കുകയും വിവരം വിളിച്ചറിയിക്കുകയുമായിരുന്നു.
കോട്ടയം മാന്നാനം കുരിയാറ്റേല്‍ ശിവന്‍നാഥിന്റെ ഭാര്യയും, കുമാരമംഗലം വില്ലേജ് ഇന്റര്‍നാഷണല്‍ സ്കൂളിലെ ഹെല്‍ത്ത് നഴ്സുമാണ് കെ.ജി. സന്ധ്യമോള്‍ സമ്മാനം കിട്ടിയെന്ന ഫോണ്‍ കോള്‍ എത്തിയപ്പോള്‍ അത് വിശ്വസിക്കാനാകാതെ വണ്ടറടിച്ച് പോയത്.
സമ്മാനമടിച്ചപ്പോള് അക്കാര്യം കൃത്യമായി അറിയിച്ച്് സത്യസന്ധതയുടെ ആള്‍രൂപമായി മാറിയിരിക്കുകയാണ് കാഞ്ഞിരമറ്റം വെട്ടികാട് ലക്കി സെന്റര്‍ ഉടമ സാജന് തോമസ്. സന്ധ്യാമോള്ക്കൊപ്പം സാജനെ തേടിയും അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. ജോലി സ്ഥലത്ത് വെച്ചാണ് സാജന്റെ കോള്‍ സന്ധ്യമോള്‍ക്ക് എത്തുന്നത്. ‘ഇന്നത്തെ ലോട്ടറിയുടെ ഒന്നാം സമ്മാനം പെങ്ങള്‍ക്കായി എടുത്തുവെച്ച ടിക്കറ്റിനാണ്, ഓട്ടോറിക്ഷയും പിടിച്ച് തിരക്കിട്ട് യാത്ര ചെയ്യുമ്പോഴും അത് വിശ്വാസം വന്നിരുന്നില്ല. കടയിലെത്തിയപ്പോള്‍ തനിക്കടിച്ച ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് സാജന് ഉയര്‍ത്തി കാണിക്കുമ്പോഴും സ്വപ്ന ലോകത്തായിരുന്നു’ താനെന്ന് അവര്‍ പറയുന്നു. സ്ത്രീ ശക്തി ലോട്ടറിയുടെ എസ്ഡി 211059 എന്ന നമ്പരിനായിരുന്നു 75 ലക്ഷത്തിന്റെ ഒന്നാം സമ്മാനം.
മൂന്നുമാസം മുന്‍പ് തൊട്ടടുത്ത സ്ഥാപനത്തില്‍ വന്നപ്പോഴാണ് ചില്ലറയുടെ ആവശ്യത്തിന് ലോട്ടറി കടയിലെത്തി കാഞ്ഞിരമറ്റം സ്വദേശിയായ സാജനെ പരിചയപ്പെട്ടത്. ടിക്കറ്റെടുക്കുന്ന ശീലമില്ലെങ്കിലും, ഇടയ്ക്ക് ഒരു സെറ്റ് ടിക്കറ്റ് എടുത്ത് വെച്ചിട്ടുണ്ടെന്ന സാജന്റെ അറിയിപ്പുകളെ സന്ധ്യമോള്‍ അവഗണിച്ചിരുന്നില്ല. അടിച്ചാലും ഇല്ലെങ്കിലും ടിക്കറ്റിന്റെ പണം കൃത്യമായി നല്‍കും. ചൊവ്വാഴ്ചയും ഇത്തരമൊരു അറിയിപ്പ് ഫോണിലെത്തുമ്പോള്‍ അത് തന്നെ ലക്ഷാധിപതിയാക്കുമെന്നൊന്നും അറിഞ്ഞില്ല. ഇതിനൊപ്പം ലോട്ടറിയുടെ ചിത്രങ്ങളും സാജന് അയച്ച് നല്‍കിയിരുന്നു. തിരക്കിനിടയില്‍ നമ്പര്‍ എതാണെന്ന് നോക്കാനോ കേള്‍ക്കാനുള്ള സാവകാശമുണ്ടായില്ല.
ഒന്നാം സമ്മാനം തന്റെ കടയിലാണെന്ന് തൊടുപുഴ മഞ്ജു ലക്കി സെന്ററില്‍ നിന്നാണ് സാജനെ വിളിച്ചറിയിച്ചത്. മാറ്റിവെച്ച ആ 12 ടിക്കറ്റുകളിലൊന്നിനാണ് സമ്മാനമെന്ന് കണ്ട് ഒരു സെക്കന്‍ഡ് പോലും വൈകാതെ സന്ധ്യമോളെ വിളിച്ച് സന്തോഷമറിയിച്ചു. നഗരസഭ കൗണ്‍സിലര്‍ സി. ജിതേഷിന്റെയും മറ്റുള്ളവരുടെയും സാന്നിധ്യത്തില്‍ ടിക്കറ്റ് അവര്‍ക്ക് കൈമാറി. മറ്റ് 11 ടിക്കറ്റുകള്‍ക്ക് സമാശ്വാസ സമ്മാനവും ലഭിക്കും. പാല റോഡിലുള്ള സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ ശാഖയിലെത്തി സന്ധ്യമോള്‍ ടിക്കറ്റ് കൈമാറി. അവന്തിക, അരിഹന്ത് എന്നിവരാണ് സന്ധ്യയുടെ മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: