കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ വിപുലീകരിക്കുവാനാണ് അതിമോഹം. അതിനായി ചിന്തന്‍ ശിബിരത്തിനുശേഷം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് നയരേഖ പുറത്തുവിട്ടിരിക്കുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അടക്കമുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് നേതാക്കളെ ബിജെപി സര്‍ക്കാര്‍ വേട്ടയാടുകയാണെന്നാണ് നയരേഖയ്ക്ക് ആമുഖമായി പറഞ്ഞത്. സിപിഎം സംഘപരിവാറിന് സമമായി. സംഘപരിവാറിന്റെ സാമന്തന്മാരായി കേരളത്തിലെ സിപിഎം മാറിയെന്നും സുധാകരന് അഭിപ്രായമുണ്ട്.
മുന്നണി സംവിധാനം വിപുലീകരിച്ച് മുന്നോട്ട് പോകുമെന്നാണ് സുചിന്തിതമായ തീരുമാനം. യുഡിഎഫ് വിട്ടവരെ തിരിച്ച് മുന്നണിയിലേക്കെത്തിക്കും. എല്‍ഡിഎഫ് വിട്ട് പുറത്തേക്ക് വരുന്നവരെ സ്വീകരിക്കും. പാര്‍ട്ടിയില്‍ അച്ചടക്കം ഉറപ്പുവരുത്താന്‍ ജില്ലാ തലത്തില്‍ സമിതി രൂപീകരിക്കും. പാര്‍ട്ടി പ്രക്ഷോഭങ്ങള്‍ പരിഷ്കരിക്കും. കെപിസിസിയിലും ഡിസിസിയിലും ഇലക്ഷന് കമ്മിറ്റി രൂപീകരിക്കുമെന്നും സുധാകരന് അഭിപ്രായപ്പെട്ടിരിക്കുന്നു.
കാലഹരണപ്പെട്ട പദാവലി പരിഷ്കരിക്കും. പ്രവര്‍ത്തകരെ പൊളിറ്റിക്കല്‍ ആക്കാന്‍ പദ്ധതി ആവിഷ്കരിക്കും. ലോക്സഭാ തെരഞ്ഞെടുപ്പില്‍ 20 സീറ്റുകളും നേടുമെന്ന് ഉറപ്പു വരുത്തും. ഇടതുപക്ഷത്തിനൊപ്പമുള്ള പലരും അസ്വസ്ഥരാണ്, ഇത് മുതലെടുക്കാന്‍ സാധിക്കണം. കെഎസ്ആര്‍ടിസിയില്‍ സമരം ചെയ്യുന്ന തൊഴിലാളികളെ പിന്തുണയ്ക്കുമെന്നും സുധാകരന് പറയുന്നു. ഇതില്‍ ഏതു നടക്കും ഏതു നടക്കില്ല എന്നുപറയാന്‍ അധികം ജോത്സ്യമൊന്നും പഠിക്കേണ്ടതില്ല. എല്ലാം മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി മാറില്ലേ എന്നാണ് പൊതുവെ കണ്ടെത്താന്‍ കഴിയുക. ഇടതും വലതും മുന്നണികള്‍ മത്സരിച്ച് ആര്‍എസ്എസ്സിനെ പഴിക്കുകയാണ്. ആര്‍എസ്എസിനെക്കുറിച്ച് പഠിക്കാനും മാതൃകയാക്കാനും സിപിഎം പദ്ധതിയുണ്ട് എന്നൊരു പത്രവാര്‍ത്ത നേരത്തെ വന്നിരുന്നു. ആര്‍എസ്എസ്സിനെ ആര് മാതൃകയാക്കുന്നതും എതിര്‍ക്കപ്പെടേണ്ടതല്ല. നല്ല ബുദ്ധി ഉദിക്കുന്നു എന്നുവേണം കരുതാന്‍. കോണ്‍ഗ്രസുകാരും ആ മാതൃക സ്വീകരിക്കുന്നത് നല്ലതാണ്. സേവാദള്‍ രൂപംകൊള്ളുംമുന്പ് ആര്‍എസ്എസ്സിനെ പോഷക സംഘടനയാക്കാനാവുമോ എന്നൊരു ചിന്തപോലും കോണ്ഗ്രസുകാര്ക്കുണ്ടായതാണെന്ന് കേട്ടിട്ടുണ്ട്. ഞങ്ങള്‍ക്ക് ഞങ്ങളുടെ വഴി നിങ്ങള്‍ക്ക് നിങ്ങളുടെ വഴി എന്ന നിലപാട് വ്യക്തമാക്കിയതോടെ ആ പൂതി കോണ്‍ഗ്രസ് മടക്കിവച്ചതാണ്. കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിബിരത്തെ കുറിച്ചുതന്നെയാണ് സിപിഎം മന്ത്രി മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ചിന്തന്‍ ശിബിറിന്റെ അര്‍ത്ഥം, ധ്യാനം അഥവാ ചിന്തകളുടെ ക്യാമ്പ് എന്നാണെന്നാണ് റിയാസ് കുറിച്ചത്. ധ്യാനിച്ചും ചിന്തിച്ചും ക്യാമ്പിലിരുന്ന് കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വന്നത് നല്ലതു തന്നെയെന്നും റിയാസ് വിലയിരുത്തുന്നുണ്ട്. സംഘടനാ സമ്മേളനങ്ങള്‍ കാലങ്ങളായി സംഘടിപ്പിക്കുവാനാകാതെ വീര്‍പ്പുമുട്ടുന്ന കോണ്‍ഗ്രസിന് മരുഭൂമിയില്‍ പെയ്ത മഴത്തുള്ളി പോലെ ചിന്തന്‍ ശിബിര്‍ താല്കാലിക ആശ്വാസമാവട്ടെ കേരളത്തിലെ കോണ്‍ഗ്രസിന് കഴിഞ്ഞ രണ്ടു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ സംഭവിച്ച തിരിച്ചടിയുടെ യഥാര്‍ത്ഥ കാരണങ്ങളെ സംബന്ധിച്ച് നയരേഖ മൗനം പാലിച്ചു എന്നത് ദൗര്‍ഭാഗ്യകരമാണെന്ന് കുറിച്ച റിയാസ് അത് നേട്ടമുണ്ടാക്കിയതില്‍ ആഹ്ലാദിക്കുന്നുണ്ട്.
കോണ്‍ഗ്രസിനേറ്റ തിരിച്ചടിയുടെ കാരണങ്ങളിലൊന്ന് കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിയിലേക്ക് ചോര്‍ന്നു എന്നതു തന്നെയാണെന്നാണ് റിയാസിന്റെ നിഗമനം. വോട്ട് ചോരലും വോട്ടു മറിക്കലും രണ്ടും രണ്ടാണ്. നേതൃത്വം അറിഞ്ഞു കൊണ്ട് നടക്കുന്നതാണ് വോട്ട് മറിക്കല്‍. വോട്ടു ചോരല് എന്നാല്‍ മറ്റൊരു ആശയത്തിന്റെ സ്വാധീനത്തില്‍പ്പെട്ട് നേതൃത്വത്തിനു പോലും തടയാനാകാതെ നടക്കുന്ന പ്രക്രിയയാണ്. വോട്ടുചോര്‍ച്ച അമര്‍ന്ന് കത്തുന്നതാണ്. തിരുവനന്തപുരത്ത് ശശി തരൂര്‍ ജയിച്ചത് എങ്ങിനെയെന്ന് റിയാസ് ഒന്നാലോചിക്കുന്നത് നല്ലതാണ്. അതിനെ വോട്ട് മറിക്കലായോ ചോര്‍ച്ചയാണോ എന്ന് ചേരുംപടി ചേര്‍ക്കാവുന്നതാണ്. മൃദു ഹിന്ദുത്വ വാദത്തിന്റെ പിടിയില്‍ കോണ്‍ഗ്രസ് പെട്ടുപോവുന്നു എന്നതാണ് വോട്ടു ചോര്‍ച്ചക്കും കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ക്കും കാരണം. ശക്തമായ മതനിരപേക്ഷ നിലപാട് സ്വീകരിക്കാന്‍ കേരളത്തിലെ കോണ്‍ഗ്രസ് മടിക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസിനൊപ്പം നിന്നിരുന്ന മതനിരപേക്ഷ മനസുകള്‍ ഇടതുപക്ഷത്തിനോട് അടുക്കുന്നതിനും കാരണമായി. ഇങ്ങനെ രണ്ട് വ്യത്യസ്ത ദിശയിലേക്ക് കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടുകള്‍ ചെന്നെത്തിയെന്ന് റിയാസ് വിശദീകരിക്കുമ്പോള്‍ ഇതിന്റെ മറുവശവും ചിന്തിക്കേണ്ടതാണ്. തനി വര്‍ഗീയ പ്രീണനവും നയവ്യതിയാനവും ഇതില്‍ പ്രകടമാണ്. നേരത്തെ ജോസഫിനോടെടുത്ത നിലപാടും ഇപ്പോള്‍ മാണിയോടെടുത്ത നിലപാടും പ്രകടമാണ്. പള്ളിയേയും പട്ടക്കാരെയും തള്ളിവാ എന്നുപറഞ്ഞ പാര്‍ട്ടി ഇപ്പോള്‍ പറയുന്നത് അവരെയും കൂട്ടി വാ എന്നാണ്. നോട്ടെണ്ണല്‍ യന്ത്രത്തേയും കൊണ്ടുവാ മോനെ എന്നപോലെയായി പുതിയ ചങ്ങാത്തം.
രാജ്യത്തെ മതനിരപേക്ഷത കനത്ത വെല്ലുവിളികള്‍ നേരിട്ടപ്പോഴും മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയിലായപ്പോഴും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അപകടകരമായ മൗനത്തെ ശിബിരം ചോദ്യം ചെയ്തു കണ്ടില്ലെന്ന് പറയുന്ന റിയാസ് സത്യം മൂടി വയ്ക്കുകയാണ്. മതന്യൂനപക്ഷങ്ങള്‍ക്ക് രക്ഷയില്ലെന്ന തെറ്റായ പ്രചരണം അഴിച്ചുവിടുന്നു. രക്ഷ തങ്ങളില്‍ മാത്രമെന്ന പ്രചരണം കൊണ്ടുപിടിച്ച് നടത്തുന്നു.
രണ്ടു ദിവസം ചിന്തിച്ച് ചിന്തിച്ച് ശിബിരം കണ്ടെത്തിയത് തീവ്ര വലതുപക്ഷ സര്‍ക്കാരായി എല്‍ഡിഎഫ് സര്‍ക്കാര്‍ മാറുന്നു എന്നതാണ്. എല്‍ഡിഎഫ് സര്‍ക്കാരിന് ഇടതു സ്വഭാവം നഷ്ടപ്പെടുന്നു എന്ന വാദവും കോണ്‍ഗ്രസില്‍ നിന്നും വോട്ട് ബിജെപിയിലേക്ക് ചോരുന്നു എന്ന വസ്തുതയും തമ്മില്‍ എന്താണെന്ന് അറിയില്ലെങ്കില്‍ അതിനെ എന്തുപേരിട്ട് വിളിക്കണം?
അധികാരത്തില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റുക എന്നതിനെ കുറിച്ചുള്ള ചിന്തകള്‍ കൊണ്ട് വീര്‍പ്പുമുട്ടിയ ശിബിരത്തിന് അപകടത്തിലാണ്ടു പോകുന്ന കേരളത്തിലെ കോണ്‍ഗ്രസിനെ രക്ഷിക്കാനാകുമെന്ന് കരുതാനേ പറ്റില്ല. കേരളത്തില്‍ കോണ്‍ഗ്രസ് ചരിത്രത്തിലാദ്യമായി തുടര്‍പ്രതിപക്ഷമായതിന്റെ ഭാഗമായി രൂപം കൊണ്ട അന്ധമായ ഇടതു വിരോധം സംഘപരിവാര്‍ രാഷ്ട്രീയത്തെയാണ് സഹായിക്കുന്നത് എന്ന് ചിന്തിക്കുമ്പോഴാണ് റിയാസിന് സങ്കടം.
മനുഷ്യ ജീവിതത്തെ ദുസ്സഹമാക്കുന്ന കേരള സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ തയ്യാറാവാത്ത നിലപാട് എന്തുകൊണ്ട് ശിബിരം ശക്തമാക്കിയില്ല എന്ന ചോദ്യമാണ് പ്രസക്തം. രണ്ടുമുന്നണികളും തമ്മില്‍ കാര്യമായ ഒരു ഭിന്നതയും കാണാനാവുന്നില്ല. ഒന്ന് പാര്‍ട്ടി കോണ്‍ഗ്രസാണെങ്കില്‍ മറ്റേത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. മുന്നണിയില്‍ അണിനിരന്ന കക്ഷികളുടെ കൊടി നോക്കിയാലും തിരിച്ചറിയാന്‍ പറ്റില്ല. ബദല്‍ നയവുമില്ല പരിപാടിയുമില്ല. അതുണ്ടാക്കാനുള്ള പ്രയത്നമാണ് ഇന്നിന്റെ അനിവാര്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: