പോര്‍ട്ട് ഓഫ് സ്പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള പരമ്പര തൂത്തുവാരാന്‍ ഇന്ത്യ നാളെ ഇറങ്ങും. രണ്ടാം ഏകദിനത്തിലും ജയിച്ച് 2-0ന് പരമ്പര ഇന്ത്യ സ്വന്തമാക്കിയെങ്കിലും മൂന്നാം മത്സരവും ജയിച്ച് വിന്‍ഡീസിനെതിരെ ആധിപത്യം നേടുക എന്ന ലക്ഷ്യമായിരിക്കും ഇന്ത്യക്ക്. എന്നാല്‍ അവസാന കളിയിലെങ്കിലും ജയിച്ച് നാണക്കേടില്‍ നിന്ന് രക്ഷപ്പെടാനായിരിക്കും വിന്‍ഡീസ് ശ്രമിക്കുക. ലീഡ് നേടിയതിനാല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ ശിഖര്‍ ധവാനും സംഘത്തിനും സാധിക്കും. എന്നാല്‍ ടീം കോമ്പിനേഷനില്‍ മാറ്റം വരുത്തണമോയന്ന ചോദ്യം രാഹുല്‍ ദ്രാവിഡിനെയും ധവാനെയും കുഴക്കും. വിന്നിങ് ടീമിനെ തന്നെ നിലനിര്‍ത്തണോ, അതോ പരമ്പരയില്‍ ഇനിയും അവസരം ലഭിക്കാത്തവര്‍ക്കു അവസരം നല്‍കണമോയെന്നതാണ് ചോദ്യം.
മല്‍സരഫലം പരിഗണിക്കാതെ ഒരേ ടീമിനെ തന്നെ തുടര്‍ച്ചയായി കളിപ്പിക്കുകയെന്നതില് വിശ്വസിക്കുന്ന കോച്ചാണ് ദ്രാവിഡ്. എങ്കിലും ചില മാറ്റങ്ങള്‍ക്കു സാധ്യതയുണ്ടെന്നാണ് സൂചന.
ബാറ്റിങ്ങില്‍ ഓപ്പണിങ് കൂട്ടുകെട്ടില്‍ ശിഖര്‍ ധവാനും, ശുഭ്മാന്‍ ഗില്ലിനും തിളങ്ങാനായാല്‍ ഇന്ത്യക്ക് ഭേദാപ്പെട്ട ഒരു സ്കോറില്‍ എത്തിച്ചേരാന്‍ സാധിക്കുന്നതാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് മത്സരത്തിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സൂര്യകുമാര്‍ യാദവിന് സാധിച്ചില്ല. മൂന്നാം മത്സരത്തില്‍ സൂര്യകുമാര്‍ തിരിച്ചുവരവ് നടത്തുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയുടെ മധ്യനിരയില്‍ സഞ്ജു സാംസണ്, ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍ എന്നിവരും മികച്ച് പ്രകടനമാണ് നടത്തിയത്. അതുകൊണ്ട് തന്നെ ബാറ്റിങ്ങില്‍ മാറ്റം വരുത്താന്‍ സാധ്യത വളരെ കുറവായിരിക്കും.
ബൗളിങ് നിരയില്‍ മികച്ച രീതിയില്‍ പന്ത് എറിയാന്‍ ആര്‍ക്കും തന്നെ സാധിച്ചിട്ടില്ല. വിക്കറ്റുകള്‍ നേടുന്നുണ്ടെങ്കിലും വലിയ രീതിയില്‍ റണ്‍സ് വിട്ടുകൊടുക്കുന്നത് കാണാന്‍ സാധിക്കുന്നുണ്ട്. എന്നാല്‍ യുവ ഫാസ്റ്റ് ബൗളര്‍ അര്‍ഷ്ദീപ് സിങ് മൂന്നാം ഏകദിനത്തില്‍ കളിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അര്‍ഷദീപ് വന്നാല്‍ ഷാര്‍ദുല്‍ പുറത്താകും. ആവേശ് ഖാനും വലിയ നേട്ടമൊന്നും രണ്ട് ഏകദിനത്തിലും നേടിയില്ല. എന്നാല്‍ ഒരു അവസരം കൂടി താരത്തിന് നല്‍കാനാകും ദ്രാവിഡിന്റെ തീരുമാനം.
അതേസമയം, വെസ്റ്റ് ഇന്‍ഡീസില്‍ നിലവിലുള്ള ടീമിനെ തന്നെ നിലനിര്‍ത്താനാകും സാധ്യത. വിന്‍ഡീസ് ഓപ്പണിങ്ങില്‍ ഷായ് ഹോപ്പിന് മാത്രമാണ് തിളങ്ങാന്‍ സാധിക്കുന്നത്. കെയ്ല്‍ മെയേഴ്സ്, ഷാംമ്ര ബ്രൂക്ക്, ബ്രാണ്ടന്‍ കിങ് എന്നിവര്‍ക്ക് നിലയുറപ്പിക്കാന്‍ സാധിക്കാത്തത് വിന്‍ഡീസിന് വലിയ തിരിച്ചടിയാണ്. നിക്കോളാസ് പൂരന് മാത്രമാണ് മധ്യനിരയില്‍ തിളങ്ങുന്നത്. റോവ്മാന്‍ പോവ്വെല് എന്നിവരും നില ഉറപ്പിക്കാന്‍ പാടുപെടുകയാണ്.
ഇന്ത്യ സാധ്യതാ ടീം: ശിഖര്‍ ധവാന് (ക്യാപ്റ്റന്‍), അര്‍ഷദീപ് സിങ്, ആവേശ് ഖാന്, യുസ്വേന്ദ്ര ചാഹല്‍, ഋതുരാജ് ഗെയ്ക് വാദ്, ദീപക് ഹൂഡ, ഇഷാന് കിഷന്, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, അക്സര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ, സഞ്ജു സാംസണ്, ശുഭ്മാന്‍ ഗില്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, സൂര്യകുമാര്‍ യാദവ്.
വെസ്റ്റ് ഇന്‍ഡീസ് സാധ്യതാ ടീം: നിക്കോളാസ് പൂരന് (ക്യാപ്റ്റന്‍), ഷായ് ഹോപ്പ്, ഷാംമ്ര ബ്രൂക്കസ്, കെയ്സി കാര്‍ട്ടി, ജേസണ്‍ ഹോള്‍ഡര്‍, അക്കീല്‍ ഹോസെയ്ന്‍, അല്‍സാരി ജോസഫ്, ബ്രാണ്ടന്‍ കിങ്, കെയ്ല്‍ മെയേഴ്സ്, കീമോ പോള്‍, റോവ്മാന്‍ പോവെല്‍, ജെയ്ഡന്‍ സീലെസ്, റൊമാരിയോ ഷെപ്പേര്‍ഡ്, ഹെയ്ഡന് വാല്‍ഷ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: