ന്യൂദല്‍ഹി: ലോക്സഭയ്ക്കു പിന്നാലെ രാജ്യസഭയിലും ബഹളവും പ്രതിഷേധവും അതിരുകടന്നതോടെ പത്തൊന്‍പത് രാജ്യസഭ എംപിമാരെ ചെയര്‍ സസ്പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള എ.എ.റഹീം, വി.ശിവദാസന്‍, പി.സന്തോഷ്കുമാര്‍ എന്നിവരെ കൂടാതെ തൃണമൂലിന്റെ സുസ്മിത ദേവ്, സന്താനു സെന്‍, ഡോല സെന്‍, കനിമൊഴി എന്നീ എംപിമാരും സസ്പെന്‍ഡ് ചെയ്യപ്പെട്ടവരില്‍ പെടുന്നു. പ്ലക്കാര്‍ഡ് ഉയര്‍ത്തലും നടുത്തളത്തില്‍ ബഹളവും അതിരുകടന്നതോടെയാണ് അച്ചടക്ക നടപടി. വിലക്കയറ്റവും വര്‍ദ്ധനയും മറ്റ് വിഷയങ്ങളും അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം.
കഴിഞ്ഞ ദിവസം സമാന വിഷയത്തില്‍ ബഹളം വച്ചതിന് കോണ്‍ഗ്രസ് എംപിമാരായ മാണിക്കം ടാഗോര്‍, ടി.എന്‍. പ്രതാപന്, ജ്യോതിമണി, രമ്യ ഹരിദാസ് എന്നിവരെ ലോക്സഭ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളും തുടരുന്നവര്‍ ഉച്ചകഴിഞ്ഞ് മൂന്നിന് ശേഷം സഭയ്ക്ക് പുറത്ത് പ്രതിഷേധിക്കാന്‍ സ്പീക്കര്‍ ഓം ബിര്‍ള മുന്നറിയിപ്പ് നല്കി. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും സഭ പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞെങ്കിലും കേള്‍ക്കാന്‍ അംഗങ്ങള്‍ കൂട്ടാക്കിയില്ല. തുടര്‍ന്നായിരുന്നു സസ്പെന്ഷന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: