പത്തനംതിട്ട: ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ ശ്രീകോവിലിൽ ചോർച്ച. ശ്രീകോവിലിന്റെ സ്വർണം പൊതിഞ്ഞ ഭാഗത്താണ് ചോർച്ച കണ്ടെത്തിയത്. സ്വർണ പാളികളിലൂടെ ചോർന്നിറങ്ങുന്ന വെള്ളം ശ്രീകോവിലിന്റെ കഴുക്കോലിലെത്തി താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശിൽപങ്ങളിലാണ് പതിക്കുന്നത്. ഓഗസ്റ്റ് 5 ന് സ്വർണ പാളികൾ ഇളക്കി പരിശോധിക്കുമെന്നും ഒറ്റ ദിവസം കൊണ്ട് അറ്റകുറ്റ പണികൾ തീർക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
സ്വർണ പാളികൾ ഇളക്കി പരിശോധിച്ചാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസിലാക്കാൻ സാധിക്കുകയുള്ളൂ എന്നാണ് വിദഗ്ധാഭിപ്രായം. തന്ത്രിയുടേയും തിരുവാഭരണ കമ്മീഷന്റെയും മേൽനോട്ടത്തിലും സാന്നിധ്യത്തിലുമായിരിക്കും തുടർ നടപടികൾ സ്വീകരിക്കുക.
കഴിഞ്ഞ വിഷു പൂജാ സമയത്ത് മുൻ എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണവാരിയർ ഇക്കാര്യം ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നു. സ്പോൺസർമാരെ ഒഴിവാക്കി ദേവസ്വം ബോർഡ് നേരിട്ട് അറ്റകുറ്റപ്പണികൾ നടത്തിയാൽ മതിയെന്ന് ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ നിർദ്ദേശിച്ചു. തുടർന്ന് മൂന്ന് മാസങ്ങൾക്കുളളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാമെന്ന് ഏപ്രിലിൽ ദേവന്റെ അനുജ്ഞയും വാങ്ങി.
വിദഗ്ധരെ വരുത്തി ശ്രീകോവിലിന്റെ ചോർച്ച പരിശോധിക്കണമെന്നും ഇതിനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നും ആവശ്യപ്പെട്ട് തിരുവാഭരണ കമ്മീഷണർ ജി ബൈജുവും ദേവസ്വം ബോർഡിന് ഒരു മാസം മുൻപ് റിപ്പോർട്ട് നൽകിയെങ്കിലും തുടർ നടപടികൾ ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: