കാസർകോട്: സഞ്ചാരികളുടെ മനം കുളിര്‍പ്പിക്കുന്ന വെള്ളച്ചാട്ടങ്ങള്‍ മലയോരത്ത് എങ്ങും നയനമനോഹര കാഴ്ചയാണ് സമ്മാനിക്കുന്നത്. ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങള്‍ കാണാനും ആസ്വദിക്കാനുമായിനിരവധി പേരാണ് എത്തുന്നത്.
കഴിഞ്ഞ എതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശക്തമായ മഴ വന്നതോടെയാണ് വെള്ളച്ചാട്ടങ്ങള്‍ സജീവമായത്. വെള്ളച്ചാട്ടങ്ങള്‍ എല്ലാം ഇപ്പോള്‍ ജലസമൃദ്ധിയിയില്‍ നിറഞ്ഞഴുകുകയാണ്. കാടിന്റെ പച്ചത്തലപ്പുകളെ വകഞ്ഞുമാറ്റി കരിമ്പാറകെട്ടുകളില്‍ ആര്‍ത്ത് തല്ലിപതഞ്ഞ് വെള്ളച്ചാട്ടങ്ങള്‍ സജീവമായി. ബളാല്‍ ഗ്രാമപഞ്ചായത്തിലെ കൊന്നക്കാടിന്റെ ഉള്‍പ്രദേശമായ അച്ഛന്‍കല്ലിലെ വെള്ളച്ചാട്ടമാണ് ഈ മേഖലയില്‍ ഏറ്റവും വലുത്. മണ്‍സൂണ്‍ കാലത്ത് മാത്രം കണ്ടുവരുന്ന മനംമയക്കുന്ന വെള്ളച്ചാട്ടം അടുത്ത കാലത്താണ് പുറം ലോകത്ത് പ്രസിദ്ധമായത്. നിരവധി സഞ്ചാരികള്‍ ഇവിടെ എത്തി തുടങ്ങിയതോടെ ഒരുപ്രദേശം നാട്ടിനകത്തും പുറത്തുമുള്ള സഞ്ചാരികളുടെ മഴക്കാലത്തെ വിനോദ കേന്ദ്രമായി മാറുകയായിരുന്നു.
കോട്ടഞ്ചേരി മലനിരകളില്‍ നിന്ന് ഒഴുകിയെത്തുന്ന അരുവിയാണ് അച്ചന്‍കല്ലിന്റെ മുകളില്‍നിന്നും പതഞ്ഞൊഴുകി വെള്ളച്ചാട്ടമായി താഴേക്കു പതിക്കുന്നത്. ആതിരപ്പള്ളിയുടെ ചെറിയൊരു പതിപ്പ് എന്ന് തോന്നിക്കും വിധം ജലകണികകള്‍ പാറക്കെട്ടിലൂടെ പതഞ്ഞിറങ്ങുന്നു. ദൂരെ നിന്നുള്ള കാഴ്‌ച്ച തന്നെ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ളതാണ്. ഇതിന്റെ താഴെ കടവത്തുമുണ്ട്, ഓട്ടക്കൊല്ലി, കോട്ടഞ്ചേരിക്ക് പോകുന്ന വഴിക്ക് പാമത്തട്ട് എന്ന സ്ഥലത്ത് മറ്റൊരു വെളളച്ചാട്ടം കൂടിയുണ്ട്. ജൂണ്‍ മുതല്‍ ആഗസ്റ്റ് മാസം വരെയാണ് ഇവിടെ വെള്ളച്ചാട്ടം സജീവമാകുന്നത്. ഈ മാസങ്ങളില്‍ ജില്ലക്കകത്തും പുറത്തുമായി നിരവധി ആളുകള്‍ മലയോരത്തിന്റെ വശ്യഭംഗി നുകരാന്‍ എത്താറുണ്ട്.
കൊവിഡ് ലോക്ഡൗണിനെ തുടര്‍ന്ന് കഴിഞ്ഞ 2 വര്‍ഷങ്ങളില്‍ ഇവിടേക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇക്കുറി നിയന്ത്രണങ്ങളില്ല. കൊന്നക്കാട് നിന്നും 2 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അച്ചന്‍ കല്ലിലെത്താം. അതേസമയം സഞ്ചാരികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങളൊന്നും അധികൃതര്‍ ഇവിടെ ഏര്‍പ്പെടുത്തിയിട്ടുമില്ല. മണ്‍സൂണ്‍ ടൂറിസത്തിന് സാധ്യതയുള്ള പ്രകൃതി സുന്ദരമായ സ്ഥലമാണ് അച്ചന്‍കല്ല്. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും തന്നെ ഇവിടെയില്ല എന്നതാണ് ദുഃഖകരം,
വെള്ളച്ചാട്ടത്തിനു സമീപത്തായി നീന്തല്‍കുളവും ശുചിമുറി സൗകര്യങ്ങളും ഏര്‍ പ്പെടുത്തിയാല്‍ ഇവിടേയ്‌ക്കെത്തുന്നവര്‍ക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇവിടത്തെ ടൂറിസം വികസനത്തിത്ത് പഞ്ചായത്ത് അധികൃതരോ ടൂറിസംവകുപ്പോ മുന്‍ കൈ യെടുക്കണം. കോട്ടഞ്ചേരി മലമേഖലകളില്‍ക്കൂടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: