ലോകത്തെ ജനാധിപത്യ രാജ്യങ്ങള്‍ക്കിടയില്‍ വിശ്വഗുരു എന്ന നിലയിലുള്ള ഇന്ത്യയുടെ വളര്‍ച്ചയിലെ ശ്രദ്ധേയമായ നിമിഷത്തിനാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. രാഷ്‌ട്രപതി സ്ഥാനത്ത് ഒരു ആദിവാസി വനിത അവരോധിക്കപ്പെട്ടിരിക്കുന്നു. പുതിയ സര്‍വ്വസൈന്യാധിപ ചുമതലയേറ്റത്, കാര്‍ഗിലിലെ ഐതിഹാസിക വിജയത്തിന്റെ വാര്‍ഷികത്തിന്റെ തലേന്നാണ് എന്നതു യാദൃച്ഛികമായിരിക്കാം. പക്ഷേ, അതിനു പ്രാധാന്യം ഏറെയാണ്. ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് അവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റംഗങ്ങള്‍ സാക്ഷ്യം വഹിച്ചു, സായുധ സേനയുടെ ആചാരപരമായ സാന്നിധ്യവുമുണ്ടായിരുന്നു. ഇതാണ് ഭാരതത്തിന്റെ സംസ്‌കാരം. ആ സംസ്‌കാരമാണ് ഭാരതത്തിന്റെ കരുത്ത്.
ഇന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പാക്കിസ്ഥാനെതിരായ വിജയത്തിന്റെ 23-ാം വാര്‍ഷികം. ആ വിജയ ദിവസം നാം ആഘോഷിക്കുമ്പോള്‍, പാക്കിസ്ഥാനുമായുള്ള വൈരുദ്ധ്യം തീര്‍ത്തും വ്യക്തമാണ്. കാര്‍ഗിലിനു ശേഷമുള്ള വര്‍ഷങ്ങളില്‍ ഇരു രാജ്യങ്ങളും ഏതു പാതയില്‍ മുന്നേറി എന്നു ചിന്തിക്കുന്നതു നന്നായിരിക്കും. പാക്കിസ്ഥാന്‍ തകര്‍ച്ചയുടെ പാതയില്‍ കിടന്നു വലയുമ്പോള്‍ ഇന്ത്യ ലോകത്തിനു മാര്‍ഗദര്‍ശിയായി വളര്‍ന്നു നില്‍ക്കുന്നു. കശ്മീര്‍ പിടിക്കുക എന്ന വിഫല സ്വപ്നത്തില്‍ത്തന്നെ പാക്കിസ്ഥാന്‍ സ്വയം തളയ്‌ക്കപ്പെട്ടു കിടക്കൂമ്പോള്‍, എല്ലാ മേഖലകളിലും ഇന്ത്യ ഇന്ന് അപ്രതിരോധ്യ ശക്തിയായി വളരുന്നു.
കശ്മീര്‍ ഏതു വിധേനയും പിടിച്ചടക്കാനുള്ള പാകിസ്ഥാന്റെ ദുഷ്പ്രവണതകളുടെ ഫലം തന്നെയായിരുന്നു കാര്‍ഗില്‍ യുദ്ധം. കടുത്ത പ്രതിബന്ധങ്ങള്‍ക്കിടയിലും ഇന്ത്യന്‍ സൈന്യം തികഞ്ഞ ധൈര്യവും അര്‍പ്പണബോധവും അചഞ്ചലമായ രാജ്യ സ്നേഹവും വഴി പാക്കിസ്ഥാന് കനത്ത പ്രഹരമേല്പിച്ചു എന്നതിന് ചരിത്രം സാക്ഷി. ആ തിരിച്ചടിയില്‍ നിന്ന് അവര്‍ ഇതുവരെ കരകയറിയിട്ടില്ല. ആ യുദ്ധത്തില്‍ നിന്നാണ് പാക്കിസ്ഥാന്‍ സ്വന്തം ശവക്കുഴി തോണ്ടാന്‍ തുടങ്ങിയതെന്ന് പലരും വിശ്വസിക്കുന്നു. അത് ശരിയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞ 23 വര്‍ഷമായി ആ രാജ്യം കഠിനമായി പരിശ്രമിക്കുകയുമാണ്. അവര്‍ ഇന്ന് ‘പരാജയപ്പെട്ട രാഷ്‌ട്രമായി’ പ്രഖ്യാപിക്കപ്പെടുന്നതിന്റെ വക്കിലാണ്!
കാര്‍ഗില്‍ യുദ്ധം മുതല്‍ രാഷ്‌ട്രീയമായി നോക്കിയാല്‍, നീണ്ട സൈനിക സ്വേച്ഛാധിപത്യവും പത്ത് പ്രധാനമന്ത്രിമാരേയും പാക്കിസ്ഥാന്‍ കണ്ടു. ഒരു പ്രധാനമന്ത്രിക്ക് പോലും കാലാവധി പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ല. പാക്കിസ്ഥാന്‍ ഇന്ന് വളരെ വിഭജിക്കപ്പെട്ടിരിക്കുന്നു, പാര്‍ലമെന്റിലും സുപ്രീം കോടതിയിലും രൂക്ഷമായ പോരാട്ടത്തിനൊടുവില്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അട്ടിമറിച്ചതിന് ശേഷം അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവര്‍ തെരുവില്‍ പോരാടുന്നത് നാം കണ്ടു. ജനാധിപത്യത്തിനായുള്ള പാക്കിസ്ഥാന്റെ അന്വേഷണം അമ്പേ തകര്‍ന്നു.
എന്നാല്‍ കാര്‍ഗില്‍ യുദ്ധത്തിനുശേഷം, ഇന്ത്യയില്‍ പ്രധാനമന്ത്രിമാര്‍ എല്ലാവരും കാലാവധി പൂര്‍ത്തിയാക്കി. മന്‍മോഹന്‍ സിങ്ങും നരേന്ദ്ര മോദിയും ശരിയായ ജനാധിപത്യ പ്രക്രിയയിലൂടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്ന്, ഇന്ത്യയുടെ ജനാധിപത്യത്തെ ലോകം ഉറ്റുനോക്കുന്നത് അതിന്റെ വലിപ്പം കൊണ്ട് മാത്രമല്ല, രാജ്യത്തിന്റെ വൈവിധ്യങ്ങള്‍ക്കിടയിലും നടത്തുന്ന ശ്രദ്ധേയമായ പ്രവര്‍ത്തനം കൊണ്ടാണ്. ദ്രൗപദീ മുര്‍മൂ ഇന്ത്യയുടെ രാഷ്‌ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത് അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്. പാക്കിസ്ഥാന്റെ സമ്പദ് വ്യവസ്ഥ സമ്പൂര്‍ണ തകര്‍ച്ചയിലായി. സായുധ സേനയ്‌ക്ക് ആനുപാതികമല്ലാത്ത തുക അനുവദിച്ചിട്ടുള്ള ഒരു രാജ്യത്തിന് സാമ്പത്തികമായി വിവേകത്തോടെ തുടരാനാവില്ല. പതിറ്റാണ്ടുകളായി തുടരുന്ന അഴിമതി, കെടുകാര്യസ്ഥത, അസ്ഥിര ഭരണം എന്നിവ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ ദുര്‍ബലമാക്കി. കടുത്ത ഊര്‍ജ പ്രതിസന്ധിയും നേരിടുകയാണ്. എണ്ണവിലക്കയറ്റം സാരമായി ബാധിച്ചു. 2020നും 2021നും ഇടയില്‍ ഇറക്കുമതിച്ചെലവ് 85 ശതമാനത്തിലധികം വര്‍ധിച്ച് ഏകദേശം 5 ബില്യണ്‍ ഡോളറായി. 2022 ജൂണ്‍ 30ന് പാക്കിസ്ഥാന്റെ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തില്‍, അതിന്റെ വ്യാപാര കമ്മി 50 ബില്യണ്‍ ഡോളറിനടുത്തെത്തി. മുന്‍ വര്‍ഷത്തേക്കാള്‍ 57 ശതമാനം വര്‍ധന.
വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കഴിയുന്നില്ല. ഈ വര്‍ഷം ജൂണില്‍ പണപ്പെരുപ്പം 20 ശതമാനത്തിലധികം ഉയര്‍ന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. അന്താരാഷ്‌ട്ര നാണയ നിധി നിര്‍ദ്ദേശിച്ച സബ്‌സിഡികള്‍ അവസാനിപ്പിച്ചത്, ലോകമെമ്പാടുമുള്ള എണ്ണവില വര്‍ദ്ധന മൂലമുണ്ടായ വര്‍ദ്ധനയ്‌ക്കപ്പുറം വൈദ്യുതിയുടെയും ഗ്യാസിന്റെയും വില കുതിച്ചുയരാന്‍ കാരണമായി. ഭക്ഷ്യ അരക്ഷിതാവസ്ഥ വ്യാപകമാണ്. പാക്കിസ്ഥാന്റെ വിദേശനാണ്യ കരുതല്‍ ശേഖരം വെറും 6.3 ബില്യണ്‍ ഡോളറായി കുറഞ്ഞു. മറ്റേതൊരു രാജ്യത്തേക്കാളും കൂടുതല്‍ അന്താരാഷ്‌ട്ര നാണയ നിധിക്ക് (ഐഎംഎഫ്) ജാമ്യം ലഭിച്ചത് പാക്കിസ്ഥാനാണ്. മറുവശത്ത്, ഇന്ത്യ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയ്‌ക്ക് ഉടമയാണ്. ലോകത്തിലെ ഏറ്റവും മികച്ച ആറ് സമ്പദ് വ്യവസ്ഥകളിലൊന്നാണ് നമ്മുടേത്. കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ വികസ്വര രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതല്‍ ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയത് ഇന്ത്യയാണ്. അതേസമയം പാകിസ്ഥാന്‍ കൂടുതല്‍ കൂടുതല്‍ പൗരന്മാരെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്നു. കാര്‍ഗില്‍ യുദ്ധമാണ് പാകിസ്ഥാന്റെ നയതന്ത്ര തകര്‍ച്ചയ്‌ക്ക് തുടക്കമിട്ടതെന്ന് വിശ്വസിക്കുന്ന വിശകലന വിദഗ്ധരുണ്ട്. പാക്കിസ്ഥാന്റെ നീചമായ രൂപകല്പനകള്‍ ലോകം കണ്ടു, പ്രത്യേകിച്ച് യുഎസിനെതിരായ 9/11 ആക്രമണത്തിന് ശേഷം. പാകിസ്ഥാന്‍ നയതന്ത്രപരമായി മുമ്പെങ്ങുമില്ലാത്തവിധം ഒറ്റപ്പെട്ടിരിക്കുകയാണ്. കാര്‍ഗില്‍ യുദ്ധത്തിന് മുമ്പ് അവര്‍ക്ക് ഉണ്ടായിരുന്ന തന്ത്രപരമായ സ്വാധീനം ഇപ്പോഴില്ല. യുണൈറ്റഡ് സ്റ്റേറ്റ്സ്, ബ്രിട്ടന്‍, യുഎഇ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളുമായുള്ള അവരുടെ ബന്ധം ഊഷ്മളമല്ല. ചൈന പാകിസ്ഥാനെ ഒരു കോളനി പോലെയാണ് പരിഗണിക്കുന്നത്. ചൈനയുടെ പദ്ധതികള്‍ക്കെതിരെ പാകിസ്ഥാനില്‍ കടുത്ത പ്രതിഷേധങ്ങളുണ്ട്.
ഇന്ത്യയെ ഇന്ന് ലോകം നേതാവായി കാണുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എല്ലാ ലോക നേതാക്കള്‍ക്കിടയില്‍ നിന്നും ലഭിക്കുന്ന ബഹുമാനവും പ്രാധാന്യവും ഇന്ത്യ ഇന്ന് എവിടെ നില്‍ക്കുന്നു എന്നതിന്റെ സൂചനയാണ്. യുദ്ധത്തില്‍ ഏര്‍പ്പെടുന്ന രാഷ്‌ട്രങ്ങള്‍ ഇന്ത്യയുടെ അഭ്യര്‍ത്ഥന പ്രകാരം പോരാട്ടം താല്‍ക്കാലികമായി നിര്‍ത്തിവച്ച്, ഇന്ത്യക്കാരെ ഒഴിപ്പിച്ചു കൊണ്ടുപോരാന്‍ സഹായിക്കുന്നു. പാക്കിസ്ഥാന്റെ ഏറ്റവും വലിയ നാശം അതിന്റെ സമൂഹത്തിനാണ്. അക്രമവും, ചാവേര്‍ ബോംബ് സ്‌ഫോടനങ്ങളും മറ്റ് ക്രൂരതകളും സാധാരണ സംഭവമാകുന്ന സമൂഹമായി പാകിസ്ഥാന്‍ മാറി. പാകിസ്ഥാന്‍ സമൂഹത്തെ ഒന്നിപ്പിക്കുന്ന ഘടകം വിദ്വേഷമായി മാറിയിരിക്കുന്നു.
മറുവശത്ത്, ഭാരതം ‘സബ് കാ സാഥ്, സബ് കാ വിശ്വാസ് ഔര്‍ സബ് കാ വികാസ്’ അടിസ്ഥാനമാക്കിയുള്ള ദ്രുതഗതിയിലുള്ള വികസനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ‘വസുധൈവകുടുംബകത്തിന്റെ’ പുരാതന പാരമ്പര്യങ്ങള്‍ പിന്തുടര്‍ന്ന്, മറ്റ് രാജ്യങ്ങളെ ആവശ്യമുള്ളപ്പോള്‍ സഹായിക്കുന്നതില്‍ നിന്ന് ഭാരതം പിന്മാറുന്നില്ല. ഭാരതം പല രാജ്യങ്ങളിലേക്കും വാക്സിനുകള്‍ കയറ്റുമതി ചെയ്ത കൊവിഡ് കാലഘട്ടത്തില്‍ ഇത് സാക്ഷ്യം വഹിച്ചു. ‘സ്‌നേഹവും പരസ്പര ബഹുമാനവും’ ഭാരതീയ സമൂഹത്തെ ഒന്നിപ്പിക്കുന്ന ഘടകമായി അന്നും ഇന്നും നിലനില്‍ക്കുന്നു. അതിനാല്‍, സംസ്‌കാരം പ്രധാനമാണ്. കാര്‍ഗില്‍ യുദ്ധത്തിലെ രക്തസാക്ഷികളെ എല്ലായ്‌പ്പോഴും എന്നപോലെ ഇന്നും നാം ആദരവോടെയും നന്ദിയോടെയും സ്മരിക്കുന്നു. കാര്‍ഗില്‍ യുദ്ധകാലത്തു രാഷ്‌ട്രത്തെ നയിച്ച ‘ഭാരത് രത്‌ന’ അടല്‍ ബിഹാരി വാജ്‌പേയിയെ ഇന്നും രാജ്യം ആദരവോടും നന്ദിയോടും കൂടി സ്മരിക്കുന്നു.
അതേസമയം, കാര്‍ഗില്‍ യുദ്ധത്തിനു പിന്നിലെ യഥാര്‍ഥ ശില്പിയായ പാക്കിസ്ഥാന്റെ ജനറല്‍ പര്‍വേസ് മുഷറഫ് രാജ്യംവിട്ട് വിദേശരാജ്യത്ത് പ്രവാസ ജീവിതം നയിക്കുന്നു. പാക്കിസ്ഥാനില്‍ അദ്ദേഹത്തെ തൂക്കിക്കൊല്ലേണ്ട ‘രാജ്യദ്രോഹി’ എന്ന് മുദ്രകുത്തപ്പെട്ടിരിക്കുന്നു.
അതെ, സംസ്‌കാരമാണ് പ്രധാനം…!
പ്രതികരിക്കാൻ ഇവിടെ എഴുതുക: