കൊച്ചി: കെ. റെയില്‍ പദ്ധതിക്കായി ഒരു അനുമതിയും കേരള സര്‍ക്കാരിന് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ഹൈക്കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അനുമതിയില്ലാത്ത പദ്ധതിക്കായി പഠനം നടത്തുന്നതും സര്‍വേ നടത്തുന്നതും അപക്വമാണ്. ഇതിനായി കേരളത്തിന്റെ ഖജനാവില്‍ നിന്നും പണം ചെലവാക്കിയതിന്റെ ഉത്തരവാദിത്വം പിണറായി സര്‍ക്കാരിനാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തങ്ങളുടെ പദ്ധതികളില്‍ കെ. റെയില്‍ ഇല്ലെന്ന് റെയില്‍വേ മന്ത്രാലയവും ഹൈക്കോടതിയെ രേഖാമൂലം അറിയിച്ചു.
സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ഇല്ലാതെയാണെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. പദ്ധതിയ്ക്ക് സാമ്പത്തികാനുമതി നല്‍കിയിട്ടില്ലെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി കെ റെയില്‍ സര്‍വ്വേയ്ക്കെതിരായ വിവിധ ഹര്‍ജികളിലാണ് കേന്ദ്രം വീണ്ടും നിലപാട് വ്യക്തമാക്കിയത്. നേരത്തെ തന്നെ കെ റെയില്‍ പദ്ധതിയ്ക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചിട്ടുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് സംസ്ഥാനസര്‍ക്കാര്‍ കല്ലിടലടക്കമുള്ള പ്രവൃത്തികള്‍ ആരംഭിക്കുകയായിരുന്നു.
നേരത്തെ, സില്‍വര്‍ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകണമെങ്കില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി നിര്‍ബന്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. സില്‍വര്‍ ലൈന്‍ കേന്ദ്രം അനുമതി നല്കിയെങ്കില് മാത്രമേ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സാധിക്കൂവെന്നും പിണറായി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: