ഭുവനേശ്വര്‍: ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി അഴിമതി കേസ് അന്വേഷണത്തില്‍ നിന്നും രക്ഷപ്പെടാനുള്ള തൃണമൂല്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുടെ ശ്രമങ്ങള്‍ പാളി. പാര്‍ത്ഥ ചാറ്റര്‍ജിയെ വിശദമായ പരിശോധനയ്‌ക്ക് വിധേയമാക്കിയെന്നും മന്ത്രിക്ക് ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
അഴിമതി കേസില്‍ അന്വേഷണത്തിലിരിക്കെ ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ച പാര്‍ത്ഥ ചാറ്റര്‍ജിയെ ഭുവനേശ്വറിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിട്ടുമാറാത്ത ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെന്നായിരുന്നു പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞത്. എന്നാല്‍ പരിശോധനയില്‍ കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഇന്നുതന്നെ മന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ഇന്ന് ഉച്ചയോടെയാണ് ചാറ്റര്‍ജിയുടെ ചികിത്സാ വിവരങ്ങള്‍ അടങ്ങിയ മെഡിക്കല്‍ ബുള്ളറ്റിന്‍ ആശുപത്രി പുറത്തുവിട്ടത്. പാര്‍ത്ഥ ചാറ്റര്‍ജിയ്‌ക്ക് ഗുരുതരമായ ഒരു ആരോഗ്യപ്രശ്നവും ഇല്ലെന്നും അദ്ദേഹത്തെ പരിശോധിച്ച ഡോക്ടറും വ്യക്തമാക്കി. ഇക്കാര്യം ആശുപത്രി അധികൃതര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെയും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആദ്യം പാര്‍ത്ഥ ചാറ്റര്‍ജിയെ കൊല്‍ക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നു. അവിടെ ബംഗാള്‍ സര്‍ക്കാരിന്റെ സ്വാധീനം ചെലുത്തി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ ചാറ്റര്‍ജി അട്ടിമറിക്കാന്‍ ശ്രമിക്കുമെന്ന ആശങ്കയില്‍ ഇഡി മന്ത്രിയെ വിദഗ്ധ ചികിത്സയ്‌ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് ചാറ്റര്‍ജിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് വ്യക്തമായത്. മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിനുപിന്നാലെ മന്ത്രിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യലുള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക