കൊല്‍ക്കത്ത: അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റില്‍ കഴിയുന്ന ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജി. അഴിമതിയെ ഒരുതരത്തിലും പിന്തുണക്കില്ല. അറസ്റ്റിനെ സര്‍ക്കാരായിട്ട് പ്രതിരോധിക്കില്ലെന്നും അവര്‍ വ്യക്തമാക്കി.
സ്കൂള്‍ അധ്യാപക നിയമന അഴിമതി കേസിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് സെക്രട്ടറി ജനറലും പശ്ചിമ ബാംഗാള്‍ വാണിജ്യ വ്യവസായ മന്ത്രിയുമായ പാര്‍ഥ ചാറ്റര്‍ജിയെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം (ഇ.ഡി) അറസ്റ്റ് ചെയ്തത്. 2014-21 കാലയളവില്‍ ചാറ്റര്‍ജി വിദ്യാഭ്യാസ മന്ത്രിയായിരിക്കുമ്പോഴാണ് അഴിമതി ആരോപണം ഉയര്‍ന്നത്. വെള്ളിയാഴ്ച ഇ.ഡി നടത്തിയ പരിശോധനയില്‍ ചാറ്റര്‍ജിയുടെ കൂട്ടാളിയും മോഡല്‍ അര്‍പ്പിത മുഖര്‍ജിയുടെ വസതിയില്‍ നിന്ന് 21 കോടി രൂപ പിടിച്ചെടുത്തിരുന്നു.
അറസ്റ്റിലായ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ ചികില്‍സക്കായി ഭുവനേശ്വര്‍ എയിംസിലേക്ക് മാറ്റി. കൊല്‍ക്കത്ത ഹൈകോടതി നിര്‍ദേശപ്രകാരമാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് എയിംസിലേക്ക് മാറ്റിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹര്‍ജിയിലാണ് നടപടി.
പാര്‍ഥയെ ചോദ്യം ചെയ്യാന്‍ ഇഡിക്ക് കോടതി രണ്ട് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെ ചോദ്യം ചെയ്യലും നീണ്ട് പോകുമെന്ന സ്ഥിതിയാണ്. ഇയാളുടെ സഹായി അര്‍പിത ചാറ്റര്‍ജിയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത രേഖയില്‍ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകള്‍ ഉണ്ടെന്നാണ് ഇഡിയുടെ വാദം. പല തവണയായി പണം നല്‍കിയിട്ടുണ്ടെന്ന് അര്‍പിത അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: