കല്‍പ്പറ്റ: ജില്ലയില്‍ ആഫ്രിക്കന്‍ പന്നിപ്പനി വൈറസ് സാന്നിധ്യം കണ്ടെത്തിയ തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ ഫാമില്‍ പന്നികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ തുടങ്ങി. വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച ഫാമിലെ പന്നിക്കൂട്ടില്‍ നിന്ന് 80 മീറ്റര്‍ അകലെ പന്നികളെ കുഴിച്ചുമൂടുന്നതിനുള്ള കുഴി എടുത്തിട്ടുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്ന് രാത്രിയോടെ പന്നികളെ ഉന്മൂലനം ചെയ്തു തുടങ്ങുമെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മാനന്തവാടി സബ് കളക്ടര്‍ ആര്. ശ്രീലക്ഷ്മി അറിയിച്ചു.
മണ്ണുത്തി വെറ്ററിനറി കോളജില്‍ നിന്നെത്തിച്ച ഇലക്ട്രിക് സ്റ്റണ്ണര്‍ ഉപയോഗിച്ച് മൃഗങ്ങളെ ബോധം കെടുത്തിയ ശേഷമാണ് ദയാവധത്തിന് വിധേയമാക്കുക. ഇതിനായി വെറ്ററിനറി ഡോക്ടര്‍മാര്‍ അടങ്ങുന്ന സംഘം സജ്ജമാണ്. ആയതിനുള്ള ലൈറ്റ് അടക്കമുള്ള സജ്ജീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ഒരു ഇലക്ട്രിക് സ്റ്റണ്ണര്‍ കൂടി ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്. 360 പന്നികളാണ് ഈ ഫാമിലുള്ളത്.
കാട്ടിക്കുളം വെറ്ററിനറി ഡിസ്പെന്‍സറിയിലെ വെറ്ററിനറി സര്ജന് ഡോ. ജയേഷ്. വി, മാനന്തവാടി വെറ്ററിനറി പോളിക്ലിനിക്കിലെ വെറ്ററിനറി സര്ജന് ഡോ. ജവഹര്‍. കെ എന്നിവര്‍ക്കാണ് ഇന്‍ഫെക്ഷസ് സോണിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചുമതല. മാനന്തവാടി സോണ്‍ പരിധിയിലെ ഏകോപനം സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. ദയാല്‍. എസ് നിര്‍വഹിക്കും.
ജില്ലയില്‍ മാനന്തവാടി നഗരസഭയിലെ വാര്‍ഡ് 33ലെയും തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 15ലെയും പന്നി ഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനിയുടെ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് പന്നികളെ ഉന്മൂലം ചെയ്യുന്നത്. പത്ത് കിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണമേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: