മലയാളികള്‍ക്ക് അഭിമാനം നല്‍കുന്നതാണ് ഇത്തവണത്തെ ദേശീയ സിനിമ അവാര്‍ഡ് പട്ടിക. ഇടവേളയ്ക്കു ശേഷം മലയാള സിനിമ വീണ്ടും മുന്‍ നിരയിലെത്തിയിരിക്കുന്നു. ദേശീയ തലത്തിലും ഓസ്കര് പോലെയുള്ള അന്താരാഷ്ട്ര മേഖലകളിലും മലയാളവും മലയാളികളും കൈവരിച്ച നേട്ടങ്ങളുടെ തുടര്‍ച്ചയാണിത്. മികച്ചവര്‍ക്കു മികച്ച പിന്‍ഗാമികള്‍ കടന്നു വരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. മലയാളത്തില്‍ നിന്ന് എട്ടും അന്യഭാഷകളിലൂടെ മൂന്നു മലയാളികളും ആദരിക്കപ്പെട്ടപ്പോള്‍ ഏറ്റവും ശ്രദ്ധാകേന്ദ്രമായത് അട്ടപ്പാടി ആദിവാസി ഊരിലെ നഞ്ചിയമ്മ എന്ന ഗായികയാണെന്നത് അതിലേറെ ശ്രദ്ധേയം. സിനിമാ ലോകത്തിന്റെ വെള്ളിവെളിച്ചത്തിന് അപ്പുറത്തു നിന്നുള്ള ഈ ഗായികയുടെ ദേശീയ പുരസ്കാര നേട്ടം, ബഹുമതികള്‍ സാധാരണക്കാരിലേയ്ക്ക് ഇറങ്ങിച്ചെല്ലുന്നതിന്റെ ഉദാഹരണം കൂടിയാണ്. സിനിമയെന്ന മായിക പ്രപഞ്ചത്തിന്റെ പുറത്തു നില്‍ക്കുന്നവരും ശ്രദ്ധിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നത് ഇന്ത്യന്‍ ചലച്ചിത്ര ലോകത്ത് വലിയ മാറ്റങ്ങള്‍ക്ക് ഇടനല്‍കിയേക്കാം. ആരോരുമറിയാത്ത മുത്തുകള്‍ ഇനിയും തിളങ്ങി വന്നേക്കാം.
ദേശീയ തലത്തില്‍ മലയാളത്തിളക്കം എന്നതു മാത്രമല്ല ഈ പുരസ്കാരത്തിന്റെ പ്രത്യേകത. വിമര്ശനങ്ങള്ക്കിടകൊടുക്കാത്ത നിര്‍ണ്ണയം എന്നതുതന്നെയാണ് പ്രധാനം. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ തുടരുന്ന കീഴ്വഴക്കം ഇത്തവണയും തെറ്റിച്ചില്ല. അര്‍ഹതപ്പെട്ടവര്‍ക്ക് അര്‍ഹതപ്പെട്ടവര്‍ വിലയിരുത്തി അവാര്‍ഡ് നല്കിയിരിക്കുന്നു. കേന്ദ്ര സര്‍ക്കാരിനെതിരെ കൊമ്പുകുലുക്കുന്നവരാണ് സിനിമാ മേഖലയില്‍, പ്രത്യേകിച്ച് മലയാള സിനിമാക്കാരില്‍ ഭൂരിപക്ഷം. ബിജെപി മന്ത്രിയുടെ കൈകളില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നത് കുറവായി കണ്ട് പുരസ്ക്കാര ചടങ്ങ് ബഹിഷ്ക്കരിച്ചവര്‍ പോലുമുണ്ട്. ബഹിഷ്ക്കരണം നടത്തിയ മുന്‍ ദേശാഭിമാനി മാധ്യമപ്രവര്‍ത്തകനും മുഖ്യമന്ത്രിയുടെ മാധ്യമ സംഘത്തിലെ അംഗവുമായിരുന്ന തിരക്കഥാകൃത്ത് ഇത്തവണ ജൂറിയിലുണ്ടായിരുന്നു എന്നത് ദേശീയ സിനിമാ അവാര്‍ഡ് സമിതിയുടെ നിഷ്പക്ഷതയ്ക്ക് ഉദാഹരണം.
സത്യജിത് റേ ആറു തവണയും അടൂര്‍ ഗോപാലകൃഷ്ണന് അഞ്ചു തവണയും ജി. അരവിന്ദന് മൂന്നു തവണയും നേടിയ പുരസ്കാരത്തിനാണ് മലയാളി സംവിധായകന് സച്ചി ഇത്തവണ അര്‍ഹനായത്. ഷാജി എന്‍ കരുണ്‍, ടി.വി. ചന്ദ്രന്, ജയരാജ്, രാജീവ് നാഥ് എന്നീ മലയാളി സംവിധായകരുടെ പട്ടികയിലേയ്ക്കാണ് സച്ചിയും എത്തിയത്. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയില്‍ തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും കാണിച്ച പ്രതിഭയുടെ നിഴലാട്ടത്തിനു കിട്ടിയ അംഗീകാരം സ്വീകരിക്കാന്‍ സച്ചി ഇല്ലല്ലോ എന്നതുമാത്രമാണ് ദു:ഖം.
മികച്ച ഗായകനുളള ദേശീയ പുരസ്ക്കാരം നേടിയതിന്റെ റിക്കോര്‍ഡ് യേശുദാസിന് (8തവണ) ആണെങ്കിലും മികച്ച ഗായികയ്ക്കുള്ള അവാര്‍ഡ് മൂന്നു തവണ മാത്രമാണ് മലയാളത്തിലെത്തിയത്. ആദ്യം എസ്. ജാനകിയിലൂടെയും(1980 ഓപ്പോള്) പിന്നീട് രണ്ടു തവണ കെ. എസ്. ചിത്രയിലൂടെയും(നഖക്ഷതങ്ങള്‍ 1984, വൈശാലി 1986). ചിത്രയ്ക്ക് പിന്നാലെ ദേശീയ കോകിലമായി നഞ്ചിയമ്മ ചിരിക്കുമ്പോള്‍ അതിന് പല മാനങ്ങളുണ്ട്. അവര്‍ കുറിച്ചതു ചരിത്രമാണ്. പാട്ടു ക്ലാസ്സില്‍ പോകാത്ത പാട്ടുകാരിയെ മികച്ച ഗായിക ആയി തെരഞ്ഞെടുക്കുന്നത് മാറുന്ന കാലഘട്ടത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്. മികച്ച നടിയുടെ പേരുമായി മലയാള ചിത്രം കൂട്ടിവായിച്ചത് 1966ല്‍ ആണ്. തുലാഭാരത്തിലെ അഭിനയത്തിന് ശാരദയ്ക്കായിരുന്നു പുരസ്ക്കാരം. 1972 ല്‍ സ്വയം വരത്തിലൂടെ ശാരദ മലയാളത്തിന് രണ്ടാമത്തെ ‘ഉര്‍വശി’ പട്ടം നല്കി. 78 ല്‍ വീണ്ടും മികച്ച ദേശീയ നടിയായി ശാരദ ഹാട്രിക് നേടിയെങ്കിലും അതൊരു തെലുങ്ക് സിനിമയായിരുന്നു.
നഖക്ഷതങ്ങളിലെ ഗൗരിയെ ഉജ്ജ്വലമാക്കിയ മോനിഷയാണ് മികച്ച നടിയായ ആദ്യ മലയാളി (1986). ശോഭന(മണിച്ചിത്രത്താഴ്-1993), മീരാ ജാസ്മിന് (പാഠം ഒന്ന് ഒരു വിലാപം-2003), സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്-2016) എന്നിവരാണ് മലയാള സിനിമയിലൂടെ രാജ്യത്തെ മികച്ച അഭിനേത്രി പട്ടം നേടിയ മറ്റു മൂന്നുപേര്‍. മലയാളത്തിലല്ലാതെ മറ്റ് ഭാഷകളില്‍ തിളങ്ങി ‘ഉര്‍വശി’ പദത്തിലെത്തിയവരാണ് ശോഭ (കുപ്പമ്മ തമിഴ്-1979), പ്രിയാമണി( മുത്തഴഗു-തമിഴ് -2006), വിദ്യാ ബാലന് (ഡേര്‍ട്ടി പി
ക്ചര്‍-ഹിന്ദി2011), കീര്‍ത്തി സുരേഷ് ( മഹാനടി-തെലുങ്ക് 2018) എന്നിവര്‍. 2002 ല്‍ ഇംഗ്ലീഷ് സിനിമയിലെ അഭിനയത്തിലൂടെ ശോഭന രണ്ടാമത്തെ ദേശീയ പുരസ്ക്കാരം സ്വന്തമാക്കിയിരുന്നു. ഇവരുടെ പട്ടികയിലേക്കാണ് അപര്‍ണ്ണ ബാലമുരളി എത്തിയിരിക്കുന്നത്. ‘സൂരറൈപോട്ര്’ എന്ന തമിഴ് സിനിമയില്‍ ‘ബൊമ്മി’ എന്ന ഗ്രാമീണനായികയെ അവതരിപ്പിച്ചതിനാണ് ഈ തൃശ്ശൂര്ക്കാരിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം.
‘അയ്യപ്പനും കോശിയും’ എന്ന സിനിമയില്‍, നായകനെന്നോ പ്രതിനായകനെന്നോ വ്യക്തമായി പറയാനാവാത്ത കഥാപാത്രത്തിന്റെ സങ്കീര്‍ണഭാവങ്ങള്‍ സൂക്ഷ്മമായി അവതരിപ്പിച്ച ബിജു മേനോനാണു മികച്ച സഹനടന്‍. തിലകന് (ഋതുഭേദം 1987), നെടുമുടിവേണു(ഹിസ് ഹൈനസ് അബ്ദുള്ള 1990) ഫഹദ് ഫാസില്‍( തൊണ്ടിമുതല്‍ 2017) എന്നിവരാണ് ഈ പുരസ്ക്കാരം മുന്‍പ് മലയാളത്തില്‍ കൊണ്ടുവന്നവര്‍. സംഘട്ടന സംവിധാനത്തിന് മാഫിയ ശശി, രാജശേഖര്‍, സുപ്രീം സുന്ദര്‍ എന്നിവര്‍ക്കു ദേശീയ പുരസ്കാരം കിട്ടി. ശബ്ദ വിഭാഗത്തില്‍ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ (മാലിക്ക്), കലാസംവിധാനത്തിന് അനീസ് നാടോടി (കപ്പേള)എന്നിവര്‍ക്കും പുരസ്കാരങ്ങളുണ്ട്. പുരസ്കാര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: