തിരുവനന്തപുരം: ചരിത്രത്തിന്റെയും പൈതൃകത്തിന്റെയും തിരുശേഷിപ്പുകളായ താളിയോലകള്‍ ശേഖരിക്കാനും സംരക്ഷിക്കാനും പ്രദര്‍ശിപ്പിക്കാനുമായി സംസ്ഥാന പുരാരേഖ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ രാജ്യത്ത് ആദ്യമായി താളിയോല മ്യൂസിയം ഒരുങ്ങുന്നു.
പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം വരുന്ന താളിയോലകളുടെ ശേഖരം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കും. പുരാരേഖാ വകുപ്പിന്റെ കൈവശമുള്ള താളിയോലകളുടെ അപൂര്‍വശേഖരവും സജ്ജീകരിക്കും. സപ്തംബര്‍ അവസാനത്തോടെ മ്യൂസിയം ഉദ്ഘാടനം ചെയ്യാനാണ് ഉദ്ദേശ്യം.
കോട്ടയ്‌ക്കകത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്‌സിലാണ് മ്യൂസിയം. സജ്ജീകരണ ചുമതല നോഡല്‍ ഏജന്‍സിയായ കേരള ചരിത്ര പൈതൃക മ്യൂസിയത്തിനാണ്. വട്ടെഴുത്ത്, കോലെഴുത്ത്, മലയാണ്‍മ തുടങ്ങിയ പ്രാചീന ലിപികളിലുള്ള താളിയോലകളുടെ ലിപ്യന്തരണം പ്രദര്‍ശിപ്പിക്കും.
ഇതിലൂടെ പ്രാചീന ലിപിയിലുള്ള എഴുത്ത് പരിഭാഷപ്പെടുത്താതെ തന്നെ മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ വായിക്കാം. പത്മനാഭപുരം കൊട്ടാരത്തിലേതു പോലെയുള്ള വിവിധ ഇടങ്ങളിലെ താളിയോലകളുടെ മാതൃകകളും പ്രദര്‍ശിപ്പിക്കും. പുരാരേഖ വകുപ്പിന്റെ കൈവശമുള്ള രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: