ന്യൂദല്‍ഹി: ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റാന്‍ നമ്മുടെ രാജ്യം സജ്ജമായിക്കൊണ്ടിരിക്കുകയാണെന്ന് രാഷ്ട്രപതി രാംനാഥ്. അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍, അടുത്ത ആവശ്യം ഓരോ പൗരനെയും അവരുടെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് മാത്രം വിധിക്കപ്പെട്ടത് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് സന്തോഷം പിന്തുടരാന് സമ്മതിക്കുക എന്നതാണ്. ഇവിടെ വിദ്യാഭ്യാസമാണ് പ്രധാനം. ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് അവരുടെ പൈതൃകവുമായി ബന്ധപ്പെടാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അവരുടെ മേഖലകളില്‍ വിജയത്തിന്റെ ആത്മവിശ്വാസം നല്‍കുന്നതിനും ദേശീയ വിദ്യാഭ്യാസ നയം വളരെദൂരം സഹായിക്കും.രാഷ്ട്രത്തോടുള്ള വിടവാങ്ങല്‍ പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞു.
നാളെ തഴച്ചുവളരാന്‍ ഇടവരണമെങ്കില്‍ ആരോഗ്യപരിപാലനം അനിവാര്യമാണ്. പൊതുജനാരോഗ്യ സംരക്ഷണവും അടിസ്ഥാനസൗകര്യവും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകയ്ക്ക് മഹാമാരി അടിവരയിടുന്നു. ഈ ദൗത്യത്തിന് ഗവണ്മെന്റ് മുന്തിയ പരിഗണന നല്‍കിയതില്‍ സന്തോഷമുണ്ട്. വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും അതിന്റെ നിലയിലായിക്കഴിഞ്ഞാല്‍ പിന്നെ, സാമ്പത്തിക പരിഷ്കാരങ്ങള്‍ പൗരന്മാരെ അവരുടെ ജീവിതത്തിന് ഏറ്റവും മികച്ച ഗതി കണ്ടെത്താന്‍ അനുവദിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റാന്‍ നമ്മുടെ രാജ്യം സജ്ജമായിക്കൊണ്ടിരിക്കുകയാണെന്ന് ഉറച്ചു വിശ്വസിക്കുന്നു.രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.
രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ രാഷ്ട്രത്തോടുള്ള വിടവാങ്ങല്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം:
പ്രിയപ്പെട്ട പൗരന്മാരെ,
നമസ്കാരം!
1. അഞ്ചുവര്‍ഷംമുമ്പ്, നിങ്ങള്‍ എന്നില്‍ വളരെയേറെ വിശ്വാസ മര്‍പ്പിക്കുകയും, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിലൂടെ നിങ്ങള്‍ എന്നെ ഇന്ത്യയുടെ രാഷ്ട്രപതിയായി തെരഞ്ഞെടുക്കുകയും ചെയ്തു. എന്റെ കാലയളവ് അവസാനിക്കവെ എന്റെ ഓഫീസിനോടു വിടപറയുമ്പോള്‍, നിങ്ങളുമായി ചില ആശയങ്ങള്‍ പങ്കിടാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
2. എല്ലാ സഹപൗരന്മാരോടും തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിക ളോടും എന്റെ അഗാധമായ നന്ദി പ്രകടിപ്പിച്ചുകൊണ്ടു ഞാന്‍ ആരംഭിക്കട്ടെ. രാജ്യത്തുടനീളമുള്ള എന്റെ സന്ദര്‍ശനങ്ങളില്‍ പൗരന്മാരുമായുള്ള എന്റെ ഇടപെടലുകളില്‍നിന്ന് എനിക്കു പ്രചോദനവും ഊര്‍ജവും ലഭിച്ചിട്ടുണ്ട്. ചെറുഗ്രാമങ്ങളിലെ കര്‍ഷകരും തൊഴിലാളികളും, യുവമനസുകളെ രൂപപ്പെടുത്തുന്ന അധ്യാപകര്‍, നമ്മുടെ പൈതൃകം സമ്പന്നമാക്കുന്ന കലാകാരന്മാര്, നമ്മുടെ രാജ്യത്തിന്റെ വിവിധവശങ്ങള്‍ നിരീക്ഷിക്കുന്ന പണ്ഡിതര്‍, രാജ്യത്തിനായി സമ്പത്തൊരുക്കുന്ന വ്യവസായികള്‍, ജനങ്ങളെ സേവിക്കുന്ന ഡോക്ടര്‍മാരും നഴ്സുമാരും, രാഷ്ട്രനിര്‍മാണത്തില്‍ മുഴുകിയ ശാസ്ത്രജ്ഞരും എന്‍ജിനിയര്‍മാരും, രാജ്യത്തിന്റെ നീതിന്യായവിതരണ സംവിധാനത്തിനു സംഭാവനയേകുന്ന ജഡ്ജിമാരും അഭിഭാഷകരും, ഭരണം സുഗമമായി നടത്തുന്ന സിവില്‍ ഉദ്യോഗസ്ഥര്‍, എല്ലാ സാമൂഹ്യവിഭാഗങ്ങളെയും വികസനവുമായി എന്നും കോര്‍ത്തിണക്കുന്ന നമ്മുടെ സാമൂഹ്യപ്രവര്‍ത്തകര്‍, ഇന്ത്യന്‍ സമൂഹത്തില്‍ ആത്മീയതയുടെ പ്രവാഹം നിലനിര്‍ത്തുന്ന എല്ലാ വിഭാഗങ്ങളിലെയും പ്രബോധകരും ആചാര്യന്മാരും എന്റെ ചുമതലകള്‍ നിറവേറ്റാന്‍ നിങ്ങളെല്ലാവരും നിരന്തരം എന്നെ സഹായിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍നിന്നും എനിക്കു പൂര്‍ണസഹകരണവും പിന്തുണയും അനുഗ്രഹവും ലഭിച്ചു.
3. സായുധസേനകളിലെയും പാരാമിലിട്ടറി സേനകളിലെയും പൊലീസിലെയും നമ്മുടെ ധീരരായ ജവാന്മാരെ കാണാന്‍ അവസരം ലഭിച്ച സന്ദര്‍ഭങ്ങള്‍ ഞാന്‍ പ്രത്യേകം വിലമതിക്കുന്നു. അവരുടെ ഉത്കൃഷ്ടമായ ദേശസ്നേഹം അതിശയിപ്പിക്കുന്നതാണ്. അതു പ്രചോദനമേകുന്നതാണ്. എന്റെ വിദേശസന്ദര്‍ശനവേളയില്‍, പ്രവാസി ഇന്ത്യക്കാരുമായി സംസാരിക്കുമ്പോഴെല്ലാം, മാതൃരാജ്യത്തോടുള്ള അവരുടെ സ്നേഹവും കരുതലും ഹൃദയത്തെ ഏറെ സ്പര്‍ശിക്കുന്നതാണെന്നു ഞാന്‍ തിരിച്ചറിഞ്ഞു. സിവില്‍ പുരസ്കാരങ്ങള്‍ നല്കുന്ന സമയത്ത്, വിവിധ പ്രവര്‍ത്തനമേഖലകളിലെ അസാധാരണമായ ചില വ്യക്തിത്വങ്ങളെ കണ്ടുമുട്ടാന്‍ എനിക്ക് അവസരം ലഭിച്ചു. തങ്ങളുടെ സഹപൗരന്മാര്ക്കായി ഉത്സാഹത്തോടെയും അര്‍പ്പണബോധത്തോടെയും ഒരു നല്ല നാളെ സൃഷ്ടിക്കുന്ന തിരക്കിലാണവര്‍.
4. ഇതെല്ലാം രാഷ്ട്രം അതിന്റെ പൗരന്മാരുടെ പരിശ്രമംകൂടി ഉള്‍പ്പെട്ടതാണെന്ന വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നു; നിങ്ങള്‍ ഓരോരുത്തരും ഇന്ത്യയെ കൂടുതല്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പരിശ്രമിക്കുമ്പോള്‍, രാജ്യത്തിന്റെ മഹത്തായ ഭാവി സുരക്ഷിതമാണ്.
5. ഈ അനുഭവങ്ങള്‍ എന്റെ കുട്ടിക്കാലത്തെയും, മഹത്തായ ചരിത്രസംഭവ ങ്ങള് നമ്മുടെ വ്യക്തിജീവിതത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും എന്നെ ഓര്‍മിപ്പിക്കുന്നു.
6. ഒരു ചെറിയ ഗ്രാമത്തില്‍ ഞാന്‍ വളരുന്ന കാലത്ത്, അതിനടുത്ത സമയങ്ങളിലാണു രാഷ്ട്രം സ്വാതന്ത്ര്യം നേടിയത്. രാജ്യത്തിന്റെ പുനര്‍നിര്‍മാണത്തിനായുള്ള പുത്തന്‍ ഊര്‍ജത്തിന്റെ ഒരു തരംഗം തന്നെയുണ്ടായി; പുതിയ സ്വപ്നങ്ങളുമുടലെടുത്തു. ഈ രാഷ്ട്രനിര്‍മാണപ്രക്രിയയില്‍ അര്‍ഥവത്തായ രീതിയില്‍ പങ്കെടുക്കാന്‍ സാധിക്കുമെന്ന സ്വപ്നം ഞാനും കണ്ടു. ഒരു മണ്കുടിലില് താമസിക്കുന്ന ചെറിയ പയ്യന് റിപ്പബ്ലിക്കിന്റെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാസംവിധാനത്തെക്കുറിച്ച് അന്നു ധാരണയേതുമില്ലായ ിരുന്നു. എന്നാല്‍ നമ്മുടെ കൂട്ടായ ഭാഗധേയം രൂപപ്പെടുത്തുന്നതില്‍ ഓരോ പൗരനെയും പങ്കാളികളാക്കാനുള്ള വഴികള്‍ സൃഷ്ടിച്ചത് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ ശക്തിയുടെ തെളിവാണ്. പരൗംഖ് ഗ്രാമത്തില്‍നിന്നുള്ള രാംനാഥ് കോവിന്ദ് ഇന്നു നിങ്ങളെ അഭിസംബോധന ചെയ്യുന്നുവെങ്കില്‍, അതിന്റെ കടപ്പാടു നമ്മുടെ ഊര്‍ജസ്വലമായ ജനാധിപത്യവ്യവസ്ഥിതിയില്‍ ഉള്‍ച്ചേര്‍ന്നിട്ടുള്ള കരുത്തിനാണ്.
7. ഞാന്‍ എന്റെ ഗ്രാമത്തെക്കുറിച്ചു പറഞ്ഞ പശ്ചാത്തലത്തില്‍, എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ നിമിഷങ്ങളില്‍ ഒന്നുകൂടി ഞാന്‍ ഇവിടെ കൂട്ടിച്ചേര്‍ക്കട്ടെ. എന്റെ ഉദ്യോഗകാലാവധിയില്‍ എന്റെ വീടു സന്ദര്‍ശിക്കുകയും കാണ്‍പുരിലെ എന്റെ അധ്യാപകരുടെ പാദങ്ങള്‍തൊട്ട് അനുഗ്രഹം തേടുകയും ചെയ്തിരുന്നു. ഈ വര്‍ഷം എന്റെ ഗ്രാമമായ പരൗംഖിനെയും പ്രധാനമന്ത്രി തന്റെ സന്ദര്‍ശനത്തിലൂടെ ആദരിച്ചു. നമ്മുടെ വേരുകളുമായുള്ള ഈ ബന്ധം ഇന്ത്യയുടെ സത്തയാണ്. തങ്ങളുടെ ഗ്രാമവുമായോ നഗരവുമായോ വിദ്യാലയങ്ങളുമായോ അധ്യാപകരുമായോ ബന്ധം നിലനിര്‍ത്തുന്ന ഈ പാരമ്പര്യം തുടരാന്‍ ഞാന്‍ യുവതലമുറയോട് അഭ്യര്‍ത്ഥിക്കുന്നു.
8. രാജ്യം ‘ആസാദി കാ അമൃത് മഹോത്സവ് ‘ ആഘോഷിക്കുകയാണ്. അടുത്ത മാസം നാം സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം ആഘോഷിക്കും. സ്വാതന്ത്ര്യത്തിന്റെ ശതാബ്ദിയിലേക്കു നയിക്കുന്ന 25 വര്‍ഷ കാലഘട്ടമായ ‘അമൃതകാല’ത്തിലേക്കു നാം പ്രവേശിക്കും. ഈ വാര്‍ഷികങ്ങള്‍ റിപ്പബ്ലിക്കിന്റെ യാത്രയിലെ നാഴികക്കല്ലുകളാണ്; അതിന്റെ സാധ്യതകള്‍ കണ്ടെത്താനും ലോകത്തിന് ഏറ്റവും മികച്ചതു നല്‍കാനുമുള്ള പ്രയാണമാണത്.
9. കോളനിവാഴ്ചക്കാലത്തു ദേശീയ വികാരങ്ങളുടെ ഉണര്‍വോടെയും സ്വാതന്ത്ര്യസമരത്തിന്റെ നാന്ദിയോടെയുമാണ് ആധുനികകാലത്തു നമ്മുടെ രാജ്യത്തിന്റെ മഹത്തായ യാത്ര ആരംഭിച്ചത്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ രാജ്യത്തുടനീളം നിരവധി പ്രക്ഷോഭങ്ങള്‍ ഉണ്ടായി. പുതിയ പുലരിയുടെ പ്രതീക്ഷകള്‍ സമ്മാനിച്ച പല നായകരുടെയും പേരുകള്‍ വിസ്മൃതിയിലാണ്ടു. അവരില്‍ ചിലരുടെ സംഭാവനകള്‍ അടുത്തകാലത്തു മാത്രമാണ് അംഗീകരിക്കപ്പെട്ടത്. നൂറ്റാണ്ടിന്റെ അവസാനകാലത്ത്, വിവിധ പ്രക്ഷോഭങ്ങള്‍ ഒരുമിച്ച് , ഒരു പുതിയ അവബോധം സൃഷ്ടിച്ചു.
10. 1915ല്‍ ഗാന്ധിജി മാതൃരാജ്യത്തു തിരിച്ചെത്തിയപ്പോള്‍ ദേശീയതയുടെ ആവേശത്തിനു കരുത്താര്‍ജിച്ചു. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലെ ഏതാനും പതിറ്റാണ്ടുകള്‍ക്കിടെ, വിശിഷ്ടവ്യക്തിത്വ ങ്ങളായ നേതാക്കളെ ലഭിക്കാന്‍ ഇന്ത്യയോളം ഭാഗ്യം മറ്റൊരു രാജ്യത്തിനും ഉണ്ടായിട്ടില്ലെന്നു ഞാന്‍ ശക്തമായി വിശ്വസിക്കുന്നു. അതിലോരോരുത്തരും അനിതരസാധാരണമായ മനസിനുടമകളാ യിരുന്നു. ഗുരുദേവ് രവീന്ദ്രനാഥ ടാഗോര്‍ ആധുനികകാലത്തെ ഒരു ‘ഋഷി’യെപ്പോലെ നമ്മുടെ സാംസ്കാരികവേരുകള്‍ വീണ്ടും കണ്ടെത്താന്‍ നമ്മെ സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. അതേസമയം, വികസിതരാജ്യങ്ങളില്‍ കേട്ടുകേള്‍വിപോലു മില്ലാതിരുന്ന സമത്വത്തിനായി ബാബാസാഹെബ് ഭീംറാവു അംബേദ്കര്‍ ശക്തമായി വാദിച്ചു. തിലകും ഗോഖലെയുംമുതല് ഭഗത് സിങ്ങും നേതാജിയുംവരെ, ജവഹര്‍ലാല്‍ നെഹ്രുവും സര്‍ദാര്‍ പട്ടേലും ശ്യാമപ്രസാദ് മുഖര്‍ജിയും മുതല്‍ സരോജിനി നായിഡുവും കമലാദേവി ചതോപാധ്യായയുംവരെ മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഒരിടത്തും മഹത്തായ ഇത്രയധികം മനസുകള്‍ പൊതുലക്ഷ്യത്തിനായി ഒത്തുചേര്‍ന്നിട്ടില്ല.
11. ഇനിയും നിരവധി പേരുകള്‍ എന്റെ മനസ്സില്‍ മിന്നിമറയുന്നുണ്ട്. പക്ഷേ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്ന കാര്യം ഇതാണ് സ്വതന്ത്ര ഇന്ത്യക്കുവേണ്ടി, വൈവിധ്യ ആശയങ്ങളുള്ള വൈവിധ്യമാര്‍ന്ന മഹത്തായ നേതാക്കള്‍ സ്വാതന്ത്ര്യസമരത്തില്‍ നിരവധി ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ട്. ഫലത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന പരിവര്‍ത്തനപരമായ ആശയങ്ങള്‍ കൊണ്ടുവരികയും ഈ പ്രക്രിയയില്‍ നിരവധി ജീവിതങ്ങളെ മാറ്റിമറിക്കുകയും ചെയ്ത വ്യക്തിത്വങ്ങളില്‍ ഒന്നുതന്നെയാണു തീര്‍ച്ചയായും ഗാന്ധിജിയും.
12. നാമെല്ലാം സഞ്ചരിക്കുന്ന ജനാധിപത്യപാതയുടെ ഔപചാരിക ഭൂപടം ഭരണഘടനാ നിയമനിര്‍മാണസഭ തയ്യാറാക്കിയതാണ്. ഹന്സബെന് മേത്ത, ദുര്‍ഗാഭായ് ദേശ്മുഖ്, രാജ്കുമാരി അമൃത് കൗര്‍, സുചേത കൃപലാനി തുടങ്ങിയ 15 മഹദ്വനിതകള്‍ ഉള്‍പ്പെടെ രാജ്യത്തുടനീളമുള്ള സുപ്രധാനവ്യക്തികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഓരോരുത്തരുടെയും വിലമതിക്കാനാകാത്ത സംഭാവനകളിലൂടെ അവര്‍ തയ്യാറാക്കിയ ഭരണഘടനയാണു നമുക്ക് വഴികാട്ടിയായത്. അതില്‍ പ്രതിഷ്ഠിക്കപ്പെട്ട മൂല്യങ്ങള്‍ പണ്ടുമുതലേ ഇന്ത്യന്‍ ധര്‍മചിന്തയുടെ ഭാഗമാണ്.
13. ഭരണഘടന അംഗീകരിക്കുന്നതിന് മുമ്പ് ഭരണഘടനാ അസംബ്ലിയില്‍ നടത്തിയ തന്റെ ഉപസംഹാരത്തില്‍, രണ്ട് തരത്തിലുള്ള ജനാധിപത്യങ്ങള്‍ തമ്മിലുള്ള വ്യത്യാസം ഡോ. അംബേദ്കര്‍ ചൂണ്ടിക്കാണിച്ചിരുന്നു. കേവലം രാഷ്ട്രീയ ജനാധിപത്യം കൊണ്ട് മാത്രം തൃപ്തിപ്പെടരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഞാന്‍ ഉദ്ധരിക്കുന്നു, ”നമ്മുടെ രാഷ്ട്രീയ ജനാധിപത്യത്തെ നാം ഒരു സാമൂഹിക ജനാധിപത്യവുമാക്കണം. അതിന്റെ അടിത്തറയില്‍ സാമൂഹിക ജനാധിപത്യം നിലനില്ക്കാതെ രാഷ്ട്രീയ ജനാധിപത്യം നിലനില്‍ക്കില്ല. സാമൂഹിക ജനാധിപത്യം കൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവ ജീവിത തത്വങ്ങളായി അംഗീകരിക്കുന്ന ഒരു ജീവിതരീതി എന്നാണ് ഇതിനര്‍ത്ഥം. ഒരു ത്രിത്വത്തിലെ പ്രത്യേക ഇനങ്ങളായി കണക്കാക്കേണ്ടവയല്ല സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ തത്ത്വങ്ങള്‍. ഒന്നില്‍ നിന്ന് മറ്റൊന്നിനെ വേര്‍പെടുത്തിയാല്‍ അത് ജനാധിപത്യത്തിന്റെ ഉദ്ദേശത്തെ തന്നെ പരാജപ്പെടുത്തുമെന്ന അര്‍ത്ഥത്തില്‍ അവ തന്നെ ഒരു ത്രിത്വമായി രൂപപ്പെടുകയാണ്”
പ്രിയ സഹ പൗരന്മാരെ,
14. ആദര്‍ശങ്ങളുടെ ഈ ത്രിത്വം ഉന്നതവും ശ്രേഷ്ഠവും അഭിവൃദ്ധിപ്പെടുത്തുന്നതുമാണ്. അവയെ അമൂര്ത്തതകളായി തെറ്റിദ്ധരിക്കരുത്. നമ്മുടെ ചരിത്രം, ആധുനിക കാലത്തേത് മാത്രമല്ല, അവ പുരാതന കാലം മുതലുള്ളതും യഥാര്‍ത്ഥമാണെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നതുമാണ്; അവ അനുഭവിക്കാനും കഴിയും, തീര്‍ച്ചയായും വ്യത്യസ്ത കാലഘട്ടങ്ങളില്‍ അനുഭവവേദ്യമായതുമാണ്. നമ്മുടെ പൂര്‍വ്വികരും നമ്മുടെ ആധുനിക രാഷ്ട്രത്തിന്റെ സ്ഥാപകരുമായവര് നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നിവയുടെ അര്‍ത്ഥത്തെ കഠിനാദ്ധ്വാനത്തിലൂടെയും സേവന മനോഭാവത്തോടെയും ദൃഷ്ടാന്തീകരിച്ചിരുന്നു. നമ്മള് അവരുടെ കാല്‍ച്ചുവടുകള്‍ പിന്തുടരുകയും അതിനൊപ്പം നടക്കുകയും ചെയ്താല്‍ മതി.
15. ഇന്നത്തെ ഒരു സാധാരണ പൗരനെ സംബന്ധിച്ചിടത്തോളം അത്തരം ആദര്‍ശങ്ങള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ജീവിതത്തിന്റെ സന്തോഷം കണ്ടെത്താന്‍ അവരെ സഹായിക്കുക എന്നതാണ് പ്രധാന ലക്ഷ്യം എന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന് ആദ്യമായി അവരുടെ പ്രാഥമികാവശ്യങ്ങളെ പരിഗണിക്കണം. വിഭവങ്ങളുടെ ദൗര്‍ലഭ്യത്തിന്റെ നാളുകളില്‍ നിന്ന് തീര്‍ച്ചയായും നാം ഒരുപാട് മുന്നേറിയിരിക്കുന്നു. മെച്ചപ്പെട്ട പാര്‍പ്പിടം, എല്ലാ കുടുംബങ്ങള്‍ക്കും കുടിവെള്ളവും വൈദ്യുതിയും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നമ്മള് പ്രവര്‍ത്തിക്കുന്നത്. വികസനത്തിന്റെയും വിവേചനമില്ലാത്ത സദ്ഭരണത്തിന്റെയും കുതിപ്പിന് ഈ മാറ്റം സാധ്യമാക്കി.
16. അടിസ്ഥാന ആവശ്യങ്ങള്‍ പരിഹരിച്ചുകഴിഞ്ഞാല്‍, അടുത്ത ആവശ്യം ഓരോ പൗരനെയും അവരുടെ കഴിവുകള്‍ കണ്ടെത്തി അവര്‍ക്ക് മാത്രം വിധിക്കപ്പെട്ടത് ചെയ്യാന്‍ അനുവദിച്ചുകൊണ്ട് സന്തോഷം പിന്തുടരാന് സമ്മതിക്കുക എന്നതാണ്. ഇവിടെ വിദ്യാഭ്യാസമാണ് പ്രധാനം. ഇന്ത്യന്‍ യുവജനങ്ങള്‍ക്ക് അവരുടെ പൈതൃകവുമായി ബന്ധപ്പെടാനും ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അവരുടെ മേഖലകളില്‍ വിജയത്തിന്റെ ആത്മവിശ്വാസം നല്‍കുന്നതിനും ദേശീയ വിദ്യാഭ്യാസ നയം വളരെദൂരം സഹായിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവര്‍ക്ക് നാളെ തഴച്ചുവളരാന്‍ ഇടവരണമെങ്കില്‍ ആരോഗ്യപരിപാലനം അനിവാര്യമാണ്. പൊതുജനാരോഗ്യ സംരക്ഷണവും അടിസ്ഥാനസൗകര്യവും കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകയ്ക്ക് മഹാമാരി അടിവരയിടുന്നു. ഈ ദൗത്യത്തിന് ഗവണ്മെന്റ് മുന്തിയ പരിഗണന നല്‍കിയതില്‍ എനിക്ക് സന്തോഷമുണ്ട്. വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും അതിന്റെ നിലയിലായിക്കഴിഞ്ഞാല്‍ പിന്നെ, സാമ്പത്തിക പരിഷ്കാരങ്ങള്‍ പൗരന്മാരെ അവരുടെ ജീവിതത്തിന് ഏറ്റവും മികച്ച ഗതി കണ്ടെത്താന്‍ അനുവദിക്കും. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഇന്ത്യയുടെ നൂറ്റാണ്ടാക്കി മാറ്റാന്‍ നമ്മുടെ രാജ്യം സജ്ജമായിക്കൊണ്ടിരിക്കുകയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
പ്രിയ പൗരന്മാരെ,
17. എന്റെ അഞ്ചുവര്‍ഷത്തെ കാലാവധിക്കിടയില്‍, ഞാന്‍ എന്റെ ഉത്തരവാദിത്തങ്ങള്‍ എന്റെ കഴിവിന്റെ പരമാവധി നിര്‍വഹിച്ചു. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. എസ്. രാധാകൃഷ്ണന്, ഞാന്‍ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം തുടങ്ങിയ മഹാരഥന്മാരുടെ പിന്‍ഗാമിയാണ് എന്ന അവബോധമെനിക്കുണ്ടായിരുന്നു. ഞാന്‍ രാഷ്ട്രപതിഭവനില്‍ പ്രവേശിച്ചപ്പോള്‍, എന്റെ കടമകളെക്കുറിച്ചുള്ള തന്റെ ബുദ്ധിപരമായ ഉപദേശം എന്റെ തൊട്ടുമുന്പിലത്തെ മുന്‍ഗാമിയായ പ്രണബ് മുഖര്‍ജിയും എന്നോട് പങ്കുവെച്ചു. എന്നിട്ടും, എനിക്ക് സംശയം തോന്നിയപ്പോഴെല്ലാം ഞാന്‍ ഗാന്ധിജിയുടെയും അദ്ദേഹത്തിന്റെ പ്രശസ്തമായ രക്ഷാകവചത്തിലേക്കും തിരിഞ്ഞു. പാവപ്പെട്ടവന്റെ മുഖം ഓര്‍ക്കാനും ഞാന്‍ എടുക്കാന്‍ പോകുന്ന ചുവടുവയ്പ്പ് അവര്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാക്കുമോ എന്ന് സ്വയം ചോദിക്കാനുമുള്ള അദ്ദേഹത്തിന്റെ ഉപദേശം. സ്വയം ആവര്‍ത്തിക്കുന്നുവെന്നത് ഉള്‍ക്കൊണ്ടുതന്നെ, എല്ലാ ദിവസവും കുറച്ച് നിമിഷങ്ങളെങ്കിലും ഗാന്ധിജിയുടെ ജീവിതത്തെയും ഉപദേശങ്ങളേയും കുറിച്ച് ധ്യാനിക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു.
പ്രിയ സഹ പൗരന്മാരെ,
18. പ്രകൃതി മാതാവ് കടുത്ത വേദനയിലാണ്, കാലാവസ്ഥാ പ്രതിസന്ധിക്ക് ഈ ഗ്രഹത്തിന്റെ ഭാവിയെ തന്നെ അപകടത്തിലാക്കാന്‍ കഴിയും. നമ്മുടെ കുട്ടികള്‍ക്കുവേണ്ടി നമ്മുടെ പരിസ്ഥിതി, നമ്മുടെ ഭൂമി, വായു, ജലം എന്നിവയെ നാം പരിപാലിക്കണം. നമ്മുടെ ദൈനംദിന ജീവിതത്തിലും പതിവ് തെരഞ്ഞെടുപ്പുകളിലും, നമ്മുടെ മരങ്ങള്‍, നദികള്‍, കടലുകള്‍, പര്‍വതങ്ങള്‍ എന്നിവയെയും മറ്റ് എല്ലാ ജീവജാലങ്ങളെയും സംരക്ഷിക്കാന്‍ നാം കൂടുതല്‍ ശ്രദ്ധാലുക്കളായിരിക്കണം. പ്രഥമ പൗരനെന്ന നിലയില്‍, എന്റെ സഹ പൗരന്മാര്ക്ക് എനിക്ക് ഒരു ഉപദേശം നല്കാനുണ്ടെങ്കില്, അത് ഇതായിരിക്കും.
19. എന്റെ പ്രസംഗം ഉപസംഹരിക്കുമ്പോള്‍, ഞാന്‍ എന്റെ എല്ലാ സഹ പൗരന്മാര്ക്കും ഒരിക്കല്‍ കൂടി എന്റെ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു. ഭാരതമാതാവിന് എന്റെ പ്രണാമം! ഒപ്പം വളരെ ശോഭനമായ ഒരു ഭാവിക്ക് നിങ്ങള്‍ക്കെല്ലാവര്‍ക്കും എന്റെ ആശംസകള്‍.
നന്ദി,
ജയ് ഹിന്ദ്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: