ന്യൂദല്‍ഹി: രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയില്‍ സേവനമനുഷ്ഠിക്കാന്‍ അവസരം നല്‍കിയതിന് പൗരന്മാര്ക്ക് നന്ദി പറഞ്ഞ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വിടവാങ്ങല്‍ പ്രസംഗം. പുതിയ രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട ദ്രൗപദീ മുര്‍മൂവിനെ ഹൃദയപൂര്‍വം അഭിനന്ദിക്കുന്നതായും അവരുടെ മാര്‍ഗനിര്‍ദേശം രാജ്യത്തിന് പ്രയോജനപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാര്‍, സ്ഥാനമൊഴിയുന്ന ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ക്കും തനിക്ക് നല്കിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദിയറിയിച്ചു.
രാജ്യതാല്‍പ്പര്യത്തിനായി വിഭജന രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കണമെന്നും ജനങ്ങളുടെ ക്ഷേമത്തിന് മുന്‍തൂക്കം നല്‍കണമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ എംപിമാര്‍ നല്കിയ വിടവാങ്ങല്‍ ചടങ്ങിലായിരുന്നു രാഷ്ട്രപതിയുടെ വാക്കുകള്‍. പാര്‍ലമെന്റിനെ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന് വിശേഷിപ്പിച്ച രാഷ്ട്രപതി പാര്‍ലമെന്റില്‍ സംവാദത്തിനും വിയോജിപ്പിനുമുള്ള അവകാശങ്ങള്‍ വിനിയോഗിക്കുമ്പോള്‍ എംപിമാര്‍ എപ്പോഴും ഗാന്ധിയന്‍ തത്ത്വശാസ്ത്രം പിന്തുടരണമെന്നും അഭിപ്രായപ്പെട്ടു.
യാത്രയയപ്പ് സമ്മേളനത്തില്‍ ലോക്സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ പങ്കെടുത്തു. പാര്‍ലമെന്റില്‍ എത്തിയ രാഷ്ട്രപതിയെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
രാഷ്ട്രപതിപദത്തില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന ഇന്ന് രാംനാഥ് കോവിന്ദ് രാജ്യത്തെ അഭിസംബോധന ചെയ്യും. രാത്രി ഏഴിന് ആകാശവാണിയിലൂടെയും ദൂരദര്‍ശനിലൂടെയുമായിരിക്കും അഭിസംബോധന.
പുതിയ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം രാഷ്ട്രപതിഭവനിലും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിലും പൂര്‍ത്തിയായിക്കഴിഞ്ഞു. പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദീ മുര്‍മൂ നാളെ രാവിലെ പത്തേകാലിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എന്‍.വി. രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: