ഒരാള്‍ ആരാണെന്ന് യഥാര്‍ത്ഥത്തില്‍ തിരിച്ചറിയുന്നത് ചില പ്രത്യേക സാഹചര്യത്തില്‍ എങ്ങനെ പെരുമാറുന്നു, പ്രതികരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്. ചിലര്‍ ഏതു സാഹചര്യത്തിലും ഒരേ തരത്തില്‍ പെരുമാറുന്നതിന് ശീലിക്കുന്നു. അത് ജന്മനാ കിട്ടുന്ന സ്വഭാവവിശേഷമാകണമെന്നില്ല; ജീവിതംകൊണ്ട് ആര്‍ജിക്കുന്നതാവാം. പക്ഷേ, ഉറപ്പായും ജന്മനാ അയാളില്‍ അതിലെത്തിച്ചേരാനുള്ള പ്രേരണയ്ക്ക് കാരണമായ ഘടകങ്ങള്‍ ഉണ്ടാവും. അതാണ് ജീനുകളുടെ ഘടനാ വൈവിധ്യം.
ഏതു സാഹചര്യത്തിലും മാറ്റമില്ലാത്ത അവസ്ഥയെ ഭഗവദ്ഗീതയില്‍ ‘സ്ഥിതപ്രജ്ഞത്വം’ എന്ന് വിശേഷിപ്പിക്കുന്നുണ്ട്. ആരാണ് സ്ഥിതപ്രജ്ഞന് എന്ന ചോദ്യത്തിന് അര്ജുനനോട് ശ്രീകൃഷ്ണന് പറയുന്ന വിശദീകരണം ഒരിക്കലെങ്കിലും വായിക്കേണ്ടതുതന്നെയാണ്. കൊതിച്ചുപോകും, ആരും, ആ സ്ഥിതിയിലെത്താന്‍. പക്ഷേ, വഴി ദുഷ്കരമാണ്. തീവ്രസാധന വേണം പ്രാപിക്കാന്‍.
സ്ഥിതപ്രജ്ഞനല്ലാത്തവരുടെ, കൃത്രിമ പ്രകൃതികളുടെ, യഥാര്‍ത്ഥ പ്രജ്ഞ ചില പ്രത്യേക സാഹചര്യത്തില്‍ പ്രകടമായിപ്പോകും. അതിനെ ‘പൂച്ച് പുറത്താകുക’ എന്ന് നാടന്‍ ശൈലിയില്‍ പറയും. ഉള്ളിലുള്ളത് വെളിപ്പെടുകയെന്ന അര്‍ത്ഥത്തില്‍ ‘ക്യാറ്റ് ഔട്ട് ഓഫ് ബാഗ്’ എന്ന് (പൂച്ച പുറത്തു ചാടി) ഇംഗ്ലീഷില്‍ പറച്ചില്. ഹിന്ദിയില്‍ ‘ദൂധ് കാ ദൂധ് പാനി കാ പാനി’ (പാല് പാലായി, വെള്ളം വെള്ളവും) എന്ന് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞു എന്ന് പരാമര്‍ശിക്കാറുണ്ട്. ആര്, ആരാണ് (ഹൂ ഈസ് ഹൂ) എന്ന, ഒരാളെ തിരിച്ചറിയാനുള്ള അവസരമാകും അത്തരം ചില സന്ദര്‍ഭങ്ങള്‍. വ്യക്തികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഇത് ബാധകമാണ്. ‘ആട്ടിന്‍ തോലിട്ട ചെന്നായ’ എന്ന പ്രയോഗത്തിലൂടെയും കഥയിലൂടെയും അത് മൃഗങ്ങള്‍ക്കും ബാധകം!
അത്തരം ഒരു സന്ദര്‍ഭം പറയാം. കൊവിഡ് രോഗത്തിനെതിരെ ഭാരതം നടത്തുന്ന മരുന്നു കുത്തിവെയ്പ്പ് യജ്ഞം 200 കോടി ഡോസ് പൂര്‍ത്തീകരിച്ചു. തുടങ്ങി, 18 മാസത്തിനുള്ളില്‍ ഈ ലക്ഷ്യത്തിലെത്തി. 2021 ജനുവരി 16 നായിരുന്നു തുടക്കം. 100 കോടിയെത്തി, 278 ദിവസംകൊണ്ട്, 2021 ഒക്ടോബര്‍ 21 ന്! 2022 ജനുവരി ഏഴിന് 150 കോടി കടന്നു. രണ്ടാം നൂറ് കടക്കാന്‍ 269 ദിവസമേ എടുത്തുള്ളൂ; 2022 ജൂലൈ 18 ന് ലക്ഷ്യം കണ്ടു.
കൊവിഡ് രോഗം ലോകമാകെ പരത്തിയ ഭയാശങ്കകളില്‍ ഇത്തരമൊരു ലക്ഷ്യം ഇത്ര കുറഞ്ഞ കാലംകൊണ്ട് ഒരു ലോകരാജ്യവും നേടിയില്ല എന്നതിനാല്‍ ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ഭാരതനേട്ടത്തെ പുകഴ്ത്തി. ഭാരതത്തിന്റെ ഭരണനിയന്ത്രിതാക്കള്ക്ക് കിട്ടിയ ആ പ്രശംസ, രാജ്യത്തെ ഓരോ പൗരന്മാര്ക്കും സമര്‍പ്പിച്ചു ആ നേതാക്കള്‍- സന്നദ്ധ സംഘടനകള്‍ക്ക്, സേവകര്‍ക്ക്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക്, സാമൂഹ്യപ്രവര്‍ത്തകര്‍ക്ക്, എന്നുവേണ്ട ഓരോരുത്തര്‍ക്കും; എന്തിനേറെ വാക്സിനേഷന് നടത്തിയതില്‍ വേര്‍തിരിവ് കാണിക്കാഞ്ഞതുപോലെതന്നെ, കുത്തിവെപ്പിനെ, മരുന്നിനെ, യജ്ഞത്തെ എതിര്‍ത്തവര്‍ക്കും ചെറുത്തവര്ക്കും പോലുമായി ആ നേട്ടം സമര്‍പ്പിച്ചു. മുമ്പു പറഞ്ഞ ‘തിരിച്ചറിയലി’ന്റെ ഘട്ടമായിരുന്നു ഈ പ്രതിരോധ യജ്ഞവും വിജയവും.
ഭാരതത്തിന്റെ ഈ നേട്ടം അതുല്യമാണ്, അഭിമാനകരമാണ്, അതിശയിപ്പിക്കുന്നതാണ്, മറ്റു രാജ്യങ്ങളെ അസൂയപ്പെടുത്തുന്നതാണ്. ഇത് പ്രാസമൊപ്പിക്കാന്‍ എഴുതിയതല്ല. കൊവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ ഈ ഓരോ വാക്കും ആഴത്തില്‍, സത്യസന്ധമായി വിശകലനം ചെയ്താല്‍ ബോധ്യമാകും, ഈ വാക്കുകള്‍ അത്ര കൃത്യമാണെന്ന്. അതിനിടയാക്കിയത്, ഭാരതത്തിലെ ഭരണനേതൃത്വത്തിന്റെ ആര്‍ജവവും ആത്മാര്‍ത്ഥതയും അശ്രാന്ത പ്രവര്‍ത്തനവും അതിതീവ്ര സഹകരണവും ആവേശവും ആവശ്യവും കൊണ്ടാണ്. ഇപ്പറഞ്ഞതെല്ലാം നേതൃത്വത്തിനൊപ്പം ജനാവലിക്കും ഉണ്ടായി, അവരില്‍ അത് ഉണ്ടാക്കി എന്നതാണ് വിജയനേട്ടത്തിന്റെ രഹസ്യം.
എന്നാല്‍, ‘പാലും വെള്ളവും’ തിരിച്ചറിയാന്‍ ചില വിശകലനങ്ങള്‍ ഉപകരിക്കും. ‘മേക് ഇന്‍ ഇന്ത്യ, മേക് ഫോര്‍ വേള്‍ഡ്’ (ഇന്ത്യയില്‍, ലോകത്തിന് വേണ്ടി നിര്‍മ്മിക്കുക) എന്ന കാഴ്ചപ്പാടാണ് ഈ നേട്ടത്തിന് പിന്നിലെ ഒരു പ്രധാന പദ്ധതി. ‘മേക്ക് ഇന്‍ ഇന്ത്യ’ എന്ന ലക്ഷ്യമാകട്ടെ, കൊവിഡ് ബാധയ്ക്കു മുമ്പുതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ‘നമുക്കു മാത്രമല്ല, ലോകനന്മയ്ക്കായി എല്ലാം’ എന്ന് ഈ സര്‍ക്കാര്‍ വരുംമുമ്പേ രാജ്യം പ്രസ്താവിച്ചിരുന്നു- അതാണ് ‘ലോകാഃ സമസ്താ സുഖിനോ ഭവന്തുഃ’ (ലോകര്‍ മുഴുവന്‍ സുഖാവസ്ഥയില്‍ ആകട്ടെ) എന്നും ‘വിശ്വം ഭവത്യേകനീഡം’ (ലോകമാകെ ഒരു കിളിക്കൂടാവട്ടെ) എന്നും മറ്റുമുള്ള ഭാരതീയ ദര്‍ശനം. ദര്ശനമുണ്ടായിരിക്കുക, അതില്‍നിന്ന് കാഴ്ചപ്പാടുണ്ടാക്കുക എന്ന സാംസ്കാരികമായ തുടര്‍ച്ചയാണ് അടിത്തറയുള്ള വികസനത്തിന്റെ സ്വഭാവം. അപ്പപ്പോഴത്തെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പെരുമാറുന്നത് ആപദ്ധര്‍മ്മം മാത്രമാണ്. അത്തരം കര്‍മ്മങ്ങളും ആവശ്യമാണ്. പക്ഷേ, ശാശ്വതമായതാണ് ഭദ്രം. അതിനു കാരണമാകുന്നത് ആര്‍ജവമാണ്, ഇച്ഛാശക്തിയാണ്.
കൊവിഡിനെ ഭാരതം പ്രതിരോധിച്ചത് ഒട്ടേറെ പ്രതിസന്ധികള്‍ നേരിട്ടാണ്. അതുകൊണ്ടുതന്നെ വിജയത്തിന് ഇരട്ടിയാണ് മധുരം.
പ്രതിസന്ധികള്‍ പലതരത്തിലായിരുന്നു. ശാസ്ത്രത്തിനും അജ്ഞാതമായ രോഗം, അതിന്റെ അതിവേഗ വ്യാപനം, രോഗപ്രതിരോധം കണ്ടെത്തല്‍, നടപ്പിലാക്കാനുള്ള സേവനം, സംവിധാനം, സൗകര്യം, സാമഗ്രികള്‍ തുടങ്ങി സകല രംഗത്തും പ്രതിസന്ധികളായിരുന്നു. അതെല്ലാം അതിജീവിച്ചാണ് ഈ നേട്ടം. മരുന്നില്ലായ്മയായിരുന്നു മുഖ്യം. മരുന്ന് ഭാരതം സ്വയം നിര്‍മ്മിച്ചു. വിദേശ സാങ്കേതിക സഹായത്തില്‍ മാത്രമല്ല, എല്ലാ അര്‍ത്ഥത്തിലും സ്വയം നിര്‍മ്മിച്ചു. മറ്റു രാജ്യങ്ങള്‍ക്ക് മരുന്നും സാങ്കേതികവിദ്യയും നല്കി. നിര്‍മ്മിച്ചുകൊടുത്തു. വ്യാവസായികമായി വന്‍ലാഭം ഉണ്ടാക്കാവുന്ന അവസരത്തില്‍ മാനുഷികതയുടെ കാര്യത്തില്‍ വലിയ ഉദാരത കാണിച്ചതാണ് ഭാരതത്തിന്റെ സാംസ്കാരികത. അതെ, നിര്‍ണായക ഘട്ടത്തില്‍ ഉള്ളിലുള്ളത് പ്രകടമാക്കുന്നതാണ് യഥാര്‍ത്ഥ സംസ്കാരം. ‘ലോകാഃ സമസ്താ സുഖിനോ ഭവന്തുഃ’ എന്നത് വെറും സംസ്കൃത ശ്ലോകം പറച്ചിലല്ല, പ്രവൃത്തിയാണെന്ന് ഇന്നത്തെ ഭാരതം തെളിയിച്ചു. 25 ലോകരാജ്യങ്ങള്‍ക്ക് ഭാരതം മരുന്നു നല്കി. ബംഗ്ലാദേശും ഖത്തറും സൗദിയും ശ്രീലങ്കയും ഈജിപ്തും ദക്ഷിണാഫ്രിക്കയും നേപ്പാളും ഭൂട്ടാനും അഫ്ഗാനിസ്ഥാനും മറ്റുമുള്പ്പെട്ടതാണ് ആ രാജ്യങ്ങള്‍.
മരുന്നുനിര്‍മ്മാണം, പതിവ് രീതി-സമ്പ്രദായങ്ങളെ മറികടന്നായിരുന്നു. അതിവേഗം പരീക്ഷിച്ച്, പരിശോധിച്ച് കുറ്റമറ്റതെന്ന് ഉറപ്പാക്കി ലോകനിലവാരത്തില്‍ മരുന്നുല്പ്പാദിപ്പിച്ചത് മുമ്പ് പറഞ്ഞ, അപ്പോഴത്തെ ആവശ്യത്തിനനുസരിച്ചുള്ള തീരുമാനവും പ്രവൃത്തിയുമായിരുന്നു. ആപദ്ധര്മ്മമെന്നോ പ്രത്യുല്പ്പന്നമതിത്വമെന്നോ അതിനെ വിശേഷിപ്പിക്കുക. രാജ്യഭരണത്തിന്റെ പ്രാഥമിക പാഠങ്ങള്‍ പഠിപ്പിക്കുന്ന ‘പഞ്ചതന്ത്ര’ത്തില്‍ അത് പ്രത്യുല്‍പ്പന്നമതിത്വമാണ്. അത് തോന്നണമെങ്കില്‍ ‘ശ്രുതം’ എന്ന ജീവിത-പ്രവൃത്തി ഗുണം ആര്‍ജിക്കേണം. അപ്പോള്‍ ‘കണ്ടകാകീര്‍ണമായ’ (മുള്ളുനിറഞ്ഞ) വഴികള്‍ സ്വയം സ്വീകരിച്ചും ലക്ഷ്യത്തിലെത്താനാവുമെന്ന് പഠിച്ചവര്‍, ആത്മാര്‍ത്ഥതയോടെ അവിശ്രാന്തം പരിശ്രമിക്കുമ്പോള്‍ ലോകനേട്ടങ്ങള്‍ രാജ്യത്തിന് ഉണ്ടാവുകതന്നെ ചെയ്യും.
ഭാരതം മരുന്നിറക്കുമതിക്ക് കാത്തുനിന്നില്ല, പകരം നിര്‍മ്മിച്ച് കയറ്റി അയച്ചു; സൗജന്യമായി. സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തഞ്ചാം വര്‍ഷത്തില്‍ മുതിര്‍ന്നവര്‍ക്ക് സൗജന്യമായി ബൂസ്റ്റര്‍ കുത്തിവയ്പ്പ് പ്രഖ്യാപിച്ചതിലടക്കം അതിതീവ്രയജ്ഞത്തിന്റെ നടപ്പാക്കല്‍ പദ്ധതിയും സൂക്ഷ്മതയും കാണാം.
സംവിധാനവും സൗകര്യവും കുറവായിരുന്നു തുടക്കത്തില്‍. പക്ഷേ, പ്രതിദിനം 13.6 ലക്ഷം പേര്‍ക്ക് ശരാശരി കുത്തിവയ്പ്പ് എടുക്കുന്ന തരത്തില്‍ കാര്യങ്ങള്‍ എത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ മഹാനേട്ടത്തിനു പിന്നിലെന്നറിയാവുന്നതിനാല്, 2021-ലെ അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനമായ സെപ്തംബര്‍ 17 ന്, രാജ്യം കൂട്ടുചേര്‍ന്ന് നടത്തിയ അഖണ്ഡയജ്ഞത്തില്‍ അന്നുമാത്രം 2.5 കോടി പേര്‍ക്കാണ് കുത്തിവയ്പ്പ് നടത്തിയത്. ഒരു സംവിധാനവും അതിന്റെ നടത്തിപ്പുകാരും നിശ്ചയിച്ചിറങ്ങിയാല്‍ ആവാത്തതായി ഒന്നുമില്ലെന്ന് തെളിയിക്കുന്നു ഇത്.
ഈ രോഗപ്രതിരോധ പ്രവര്‍ത്തനത്തിന് നേരിടേണ്ടിവന്ന മറ്റു ചില വന്പ്രതിസന്ധികളും ഓര്‍മ്മിക്കാതെ പോകരുത്. അത് ആളുകളേയും പ്രസ്ഥാനങ്ങളേയും തിരിച്ചറിയുന്നതിനുപകരിക്കും. ഭാരതം വാക്സിന് നിര്‍മിക്കുന്നത് അശാസ്ത്രീയമായാണെന്ന് ചിലര്‍ പ്രചരിപ്പിച്ചു. ഇവിടെ നിര്‍മ്മിച്ച കോവാക്സിന് ഉപയോഗിക്കരുതെന്ന് പ്രസ്താവിച്ചു. അവരില്‍ ജനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ളവര്‍, ജനപ്രതിനിധികള്‍, മന്ത്രിമാര്‍, പാര്‍ട്ടി വക്താക്കള്‍ വരെയുണ്ടായിരുന്നു. കേരളത്തിലെ എംപി ശശി തരൂര്‍, കോണ്‍ഗ്രസിന്റെ വക്താവ് മനീഷ് തിവാരി, ഛത്തീസ്ഗഢിലെ ആരോഗ്യമന്ത്രി ടി.എസ്. സിങ്ദേവ് തുടങ്ങിയ ചില പേരുകള്‍ മാത്രം പറയാം. കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് പരോക്ഷമായി കുത്തിവെയ്പ്പിനെയും മരുന്നു പരീക്ഷണത്തെയും സംശയത്തിലാക്കിക്കൊണ്ട് പ്രതികരിച്ചു. സിപിഎം നേതാവ് സീതാറാം യെച്ചൂരിയും ബൃന്ദാ കാരാട്ടും അവാസ്തവ പ്രചാരണക്കാര്‍ക്ക് ഒപ്പംനിന്നു. കൊവിഷീല്ഡേ ഉപയോഗിക്കാവൂ എന്ന് അഭിപ്രായപ്പെട്ടു. കേരളത്തില്‍ സര്‍ക്കാര്‍ നിസ്സഹകരിച്ചു. ആരോഗ്യവകുപ്പുമന്ത്രി വീണാ ജോര്‍ജ് ‘മരുന്നുക്ഷാമം’ പ്രസ്താവിച്ചു. അഖിലേഷ് യാദവ് എന്ന യുപി നേതാവ് (മുഖ്യമന്ത്രിയായിരിക്കെ) കുത്തിവയ്പ്പിനെതിരെ പ്രസംഗിച്ചു, പക്ഷേ രഹസ്യമായി കുത്തിവയ്പ്പെടുത്തു. ‘ബിജെപി’ വാക്സിന് എന്നാണ് യുപി തെരഞ്ഞെടുപ്പില്‍ അഖിലേഷ് വിശേഷിപ്പിച്ചത്. ‘ശത്രുപക്ഷ’ത്തുള്ള ഇത്തരം ‘ആഭ്യന്തരപ്രചാരണങ്ങളെയും’ അതിജീവിച്ചാണ് ഈ ഇരുനൂറുകോടി നേട്ടം.
ശ്രദ്ധിക്കേണ്ടത്, 200 കോടിയിലെത്തിയപ്പോള്‍ ആ നേട്ടത്തില്‍ ആഹ്ളാദിക്കാനോ അതിനെ അനുമോദിക്കാനോ (ആസൂത്രകരെ അല്ല) തുടക്കം മുതല്‍ എതിര്‍ത്തിരുന്നവര്‍ ഉണ്ടായില്ല എന്നതാണ്. ശരിയാണ്, ഒരാശയം, അല്ലെങ്കില്‍ പദ്ധതി ആസൂത്രണം ചെയ്യുമ്പോള്‍ ആശങ്കയും സംശയവും വിമര്‍ശനവും പ്രകടിപ്പിക്കാം. പക്ഷേ ആവിഷ്കരിച്ച് വിജയിച്ചുകഴിഞ്ഞാലോ. അതെ; ചില നിര്‍ണായക ഘട്ടങ്ങളില്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് ഉള്ളു പ്രകടിപ്പിക്കല്‍.
ഈ നേട്ടം ഒരു വ്യക്തിയുടേതല്ല, പാര്‍ട്ടിയുടേതല്ല, ഭരണകൂടക്കാരുടേതല്ല. ജീവനിലും ജീവിതത്തിലും ആശങ്ക വന്ന, മരണത്തെ നേരില്‍ കണ്ട, ജീവിക്കാന്‍ ആഗ്രഹിക്കുന്ന ലോകജനതയുടെ കൂട്ടായ യജ്ഞവിജയമായിരുന്നു. അതില്‍ ഭാരത ജനത നേടിയ ചരിത്രനേട്ടമായിരുന്നു, ആണ്. പക്ഷേ അതിനെയും പരിഗണിക്കാതെ, അംഗീകരിക്കാതെ വരുന്നത്! അത് കൃതഘ്നതതന്നെയാണ്! ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും സത്യസന്ധതയും അവനവനോടു പോലുമില്ലാതെയായാല് ഉണ്ടാകുന്ന സ്ഥിതി!!
പിന്കുറിപ്പ്:
കൊവിഡ് പ്രതിരോധത്തിന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വന്‍തുക സഹായം നല്‍കിയിരുന്നു. കേരളത്തിന് കിട്ടിയ പണം, സ്വന്തമായി പ്രതിരോധ വാക്സിന് ഉണ്ടാക്കാന്‍ ഉള്‍പ്പെടെ വിനിയോഗിക്കുമെന്ന് അന്ന് മുഖ്യമന്ത്രി വീമ്പ് പറഞ്ഞിരുന്നു. അതിന്റെ ചെലവുകണക്കൊക്കെ സത്യസന്ധമായി പുറത്തുവരുമോ. കേരളം വാക്സിന് ഉണ്ടാക്കിയോ. അതോ മുന്‍മന്ത്രി മണി പറഞ്ഞപോലെ ….ണ്ടാക്കിയോ!
പ്രതികരിക്കാൻ ഇവിടെ എഴുതുക: