ശ്രീജ ഹരീഷ്
1
തമസെന്നൊരു രാക്ഷസപക്ഷി
ചിറകുകള്‍ വീശി
ആ കൊച്ചു വെണ്‍പ്രാവിനെ
വിഴുങ്ങുവാന്‍ നാവു നീട്ടുമ്പോള്‍,
നഗരമധ്യത്തിലൊരു
രമ്യഹര്‍മ്യത്തില്‍
ശീതമാപിനികള്‍
കുളിരുപകരും
മുറികളിലൊന്നില്‍,
ഭൂമിയിലെ സുഖലോലുപതകള്‍
ഒന്നൊഴിയാതെ കൈവെള്ളയില്‍
ചേര്‍ന്നുനിന്നിട്ടും,
അലയുന്നു നിദ്രകിട്ടാതെ
മനുഷ്യരില്‍ ചിലര്‍…
2
ചിന്തയുടെ കൊടുമുടിയില്‍
നിദ്രയെയും ഇരുട്ടിനെയും
എന്നേക്കുമായി ഭയന്ന്,
എകാന്തതയുടെ തടവറകളില്‍
സ്വയം തീര്‍ത്തൊരു കനല്‍ച്ചൂളയില്‍
കാരണമേതുമില്ലാതെ
വെന്തെരിയുന്നവര്‍…
3
മറ്റൊരിടത്ത്,
ഒരു പീടികത്തിണ്ണയില്‍
പകലന്തിയോളം പണിയെടുത്തു
പാതിയൊഴിഞ്ഞവയറുമായി
ഇരുട്ടിലലയുന്നു തേവാങ്കുകള്‍.
കീറിയ ചാക്കുകളിലും
പഴംപായയിലും
ഗാഡനിദ്രതേടുന്നവര്‍…
4
ഇളംചുണ്ടില്‍ പാല്‍മണമുള്ള
പൈതലുണ്ടതില്‍.
ജരാനരകള്‍ ഹൃദയത്തിലും
വദനത്തിലും
ആവരണം ചാര്‍ത്തിയ
ശുഷ്‌കിച്ച വാര്‍ദ്ധക്യവുമുണ്ട്.
ഒരായിരം സ്വപ്‌നങ്ങള്‍
മറന്നൊരു കൗമാരവുമുണ്ട്.
ഇരുട്ടിന്റെ മറയില്‍,
പകലിന്റെ സന്താപങ്ങളെല്ലാം
ഒളിപ്പിക്കുന്നവര്‍…
മണ്ണിലും വിണ്ണിലും
അര്‍ത്ഥമില്ലാത്തവര്‍…
മൃത്യുവെന്ന മഹാസമുദ്രത്തെപ്പോലും
മിഥ്യയെന്നുകരുതി
മാറോടുചേര്‍ത്ത
ഇരുട്ടിന്റെ പാവം
തേവാങ്കുകള്‍…
















