പട് ന: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ ആസൂത്രണം നടത്തിയ സംഭവത്തിൽ അറസ്റ്റിലായ അതാർ പർവേസിനും, മുഹമ്മദ് ജലാലുദ്ദീനും ബാങ്ക് അക്കൗണ്ടുകൾവഴി വൻ തുക ലഭിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.
മൂന്ന് അക്കൗണ്ടുകളാണ് ഇരുവർക്കും ഉള്ളത്. 14 ലക്ഷം, 30 ലക്ഷം, 40 ലക്ഷം എന്നിങ്ങനെയാണ് അക്കൗണ്ടുകളിലേക്കെത്തിയ തുകകളുടെ കണക്കുകൾ. ഈ തുകകളുടെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബീഹാറിലെ ഫുല്‍വാരി ഷെരീഫിലായിരുന്നു ആയുധ പരിശീലനകേന്ദ്രം. ഫണ്ട് സമാഹരണം നടത്തിയ ഫുല്‍വാരി ഷെരീഫ് സ്വദേശി അര്‍മാനെ പൊലീസ് അറസ്റ്റ് ചെയ്തു.
ജാര്‍ഖണ്ഡ് പൊലീസില്‍ നിന്നും വിരമിച്ച ആളാണ് മുഹമ്മദ് ജലാലുദ്ദീന്‍. ഇവര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. മുഹമ്മദ് ജലാലുദ്ദീന്‍ നേരത്തെ സ്റ്റുഡന്‍റ് ഇസ്ലാമിക് മൂവ്മെന്‍റ് ഓഫ് ഇന്ത്യ (സിമി)യുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്നു. തീവ്രവാദം പ്രചരിപ്പക്കാനുള്ള ലഘുലേഖകളും ഇവരില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ നടത്തുന്ന സങ്കേതത്തില്‍ ആയുധപരിശീലനം നല്‍കിയിരുന്നു. ഒട്ടേറെപ്പേര്‍ ഇവിടെ പരിശീലനത്തിന് എത്തിയിരുന്നു. ബീഹാര്‍ പൊലീസും കേന്ദ്രസേനയും ചേര്‍ന്നാണ് നയാ തോളയിലെ ഇവരുടെ സങ്കേതത്തില്‍ റെയ്ഡ് നടത്തിയത്. ബംഗാള്‍, തമിഴ്നാട്, കേരളം, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നും ഇവരുടെ കേന്ദ്രത്തില്‍ യുവാക്കള്‍ പരിശീലനത്തിന് എത്തിയിരുന്നു. ഇരുവരും വ്യാജപേരുകളിലാണ് കഴിഞ്ഞിരുന്നത്.
പിന്നീട് എന്‍ ഐഎ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. മുഹമ്മദ് തൗസീഫ് എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ എട്ട് വർഷമായി പോപ്പുലർഫ്രണ്ടിന്റെ സജീവ പ്രവർത്തകനാണ് ഇയാള്‍. രാജ്യവിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ഇയാൾ ഇതിന് മുൻപും അറസ്റ്റിലായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
2014 മുതലാണ് തൗസീഫ് പോപ്പുലർഫ്രണ്ടിൽ പ്രവർത്തിക്കാൻ ആരംഭിച്ചത്. 2016 ൽ രാജ്യ വിരുദ്ധ പ്രവർത്തനത്തനം നടത്തിയതിന് ഇയാൾ അറസ്റ്റിലായിരുന്നു. സാക്കിർ നായിക്കിനെ അനുകൂലിച്ച് റാലി നടത്തുകയും, അതിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കുകയും ചെയ്തതിനാണ് പോലീസ് തൗസീഫിനെ അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യം ലഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: