കൊളംബോ : സാമ്പത്തിക തകര്‍ച്ച രൂക്ഷമായ ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ സാന്നിധ്യത്തിലാണ് ഗുണവര്‍ധന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
മുന്‍ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവര്‍ധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഗോതബായ രാജപക്‌സെ സര്‍ക്കാര്‍ രാജിവെക്കണമന്നാവശ്യപ്പെട്ട് ശ്രീലങ്കന്‍ തെരുവുകളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറിയിരുന്നത്. ജനങ്ങള്‍ പ്രസിഡന്റ്, പ്രധാനമന്ത്രി എന്നിവരുടെ ഔദ്യോഗിക വസതികളും സര്‍ക്കാര്‍ ഓഫീസുകളും മറ്റും കയ്യേറുകയും ചെയ്തു. അതിനിടെ ഗോതാബായ കുടുംബാംഗങ്ങള്‍ക്കൊപ്പം മാലിദ്വീപിലേക്ക് കടക്കുകയും ചെയ്തു.
ശ്രീലങ്കയില്‍ പുതിയ ഭരണാധികാരികള്‍ സ്ഥാനമേറ്റെടുത്തെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിഗതികളില്‍ വലിയ മാറ്റമുണ്ടായിട്ടില്ല. അതേസമയം പ്രക്ഷോഭകരെ അടിച്ചമര്‍ത്തുന്നതിനുള്ള ശ്രമങ്ങള്‍ സര്‍ക്കാരിന്റെയും സൈന്യത്തിന്റെയും ഭാഗത്ത് നിന്നും ആരംഭിച്ചു കഴിഞ്ഞു. തെരുവില്‍ പ്രതിഷേധം നടത്തുന്ന പ്രക്ഷോഭക്കാര്‍ക്കെതിരെ സൈന്യം നടപടികള്‍ തുടങ്ങി. കഴിഞ്ഞ ദിവസം റനില്‍ വിക്രമസിംഗെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഇപ്പോള്‍ സൈനിക നടപടികള്‍ക്ക് തുടക്കമിട്ടിരിക്കുന്നത്.
സെക്രട്ടേറിയേറ്റിന് മുന്നിലെ പ്രക്ഷോഭകരുടെ സമരപ്പന്തലുകള്‍ തകര്‍ത്തു. ഇതിനെതിരെ പ്രതിഷേധം ഉടലെടുത്തതോടെ സൈന്യം ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. സൈന്യത്തിന്റെ നീക്കത്തിനെതിരെ പ്രതിഷേധിച്ച പ്രക്ഷോഭകര്‍ക്ക് നേരെ ലാത്തിചാര്‍ജുണ്ടായി. അമ്പതോളം പേര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. സൈനിക നടപടിക്കെതിരെ പ്രതിഷേധിച്ച ഒമ്പത് പേരെ അറസ്റ്റ് ചെയ്തു.
പ്രസിഡന്റിന്റെ ഓഫീസിനകത്ത് ഉണ്ടായിരുന്ന പ്രക്ഷോഭകരെയും സൈന്യം ഒഴിപ്പിച്ചു. സര്‍ക്കാര്‍ ഓഫീസുകളിലും ഔദ്യോഗിക വസതികള്‍ക്ക് മുന്നിലും തമ്പടിച്ചിരിക്കുന്ന പ്രതിഷേധക്കാര്‍ ഇന്ന് വൈകിട്ടോടെ പൂര്‍ണമായി ഒഴിയണമെന്ന് സൈന്യം അവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പല സര്‍ക്കാര്‍ മന്ദിരങ്ങളുടെയും നിയന്ത്രണം ഇതിനോടകം പ്രക്ഷോഭകരില്‍ നിന്നും സൈന്യം ഏറ്റെടുത്തു കഴിഞ്ഞു.
റനില്‍ വിക്രമസിംഗെ സ്ഥാനമേറ്റെടുത്തതിന് പിന്നാലെ പ്രതിഷേധക്കാര്‍ രാജ്യത്തിന്റെ പ്രസിഡന്റിന്റേയും പ്രധാനമന്ത്രിയുടെയും ഓഫീസുകള്‍ പൂര്‍ണമായി ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ മന്ദിരങ്ങളില്‍ തുടരുന്നത് നിയമവിരുദ്ധമാണെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് സൈന്യം പ്രതിഷേധക്കാര്‍ക്കെതിരെ നടപടികള്‍ക്ക് തുടക്കമിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: