കാസര്‍കോട്: കന്നട ഭാഷ ന്യൂനപക്ഷങ്ങള്‍ക്ക് സംവരണം നടപ്പാക്കുന്നതിനെ എതിര്‍ക്കുന്ന പൊതു വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ സംവരണത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. പിഎസ്സിയുടെ എല്‍ഡി ക്ലര്‍ക്ക് നിയമനത്തിന് മുന്നോടിയായി കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളില്‍ കന്നട ഭാഷ ന്യൂനപക്ഷങ്ങളുടെ കണക്ക് ശേഖരിക്കുന്നു. തുല്യതയും തുല്യനീതിയും ഇല്ലാതാക്കുന്നതാണ് പുതിയ കണക്കെടുപ്പെന്നാണ് ഇവരുടെ പരാതി.
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലാണ് കന്നട ഭാഷാ ന്യൂനപക്ഷങ്ങള്‍ കൂടുതലായുള്ളത്. എല്‍ഡി ക്ലര്‍ക്ക് നിയമനത്തിനായി കന്നട-മലയാളം അറിയുന്നവര്‍ക്കായി പ്രത്യേക നിയമനം നടത്താറുണ്ട്. ഈ വിഭാഗത്തില്‍ പെട്ടവര്‍ക്ക് പിഎസ്സി നടത്തിയ പരീക്ഷയുടെ ചുരുക്ക പട്ടിക നിലവിലുണ്ട്. 98 പേരാണ് ഈ ചുരുക്ക പട്ടികയിലുള്ളത്. എന്നാല്‍ എല്ലാ വിഭാഗത്തിലും പെട്ടവര്‍ക്കുള്ള എല്‍ഡി ക്ലര്‍ക്കിന്റെ നിയമനത്തിനുള്ള ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ച് റാങ്ക് ലിസ്റ്റ് പ്രതീക്ഷിച്ച്കൊണ്ടിരിക്കുന്നതിനിടയിലാണ് ട്രിബ്യൂണലിന്റെ ഉത്തരവും ജില്ലാ ഭരണകൂടത്തിന് പുതിയ നടപടി ഉണ്ടാവുന്നത്.
കന്നട അറിയാവുന്ന എത്ര ഉദ്യോഗസ്ഥരെ വേണമെന്ന കണക്കെടുത്ത ശേഷം നിയമനം നടത്താനുള്ള നടപടിയാണ് പുരോഗമിച്ചു കൊണ്ടിരിക്കുന്നത്. നേരത്തെ 2020ല്‍ കാസര്‍കോട് ജില്ലാ കലക്ടര്‍ 50 ശതമാനം വീതം നിയമനം കന്നട ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്നതിന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജില്ലയിലെ ന്യൂനപക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ കന്നട ഭാഷയില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരുടെ മതിയായ പ്രാതിനിധ്യം ഉറപ്പുവരുത്തുന്നതിന് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ഓഫീസിലെ ക്ലര്‍ക്കുമാരുടെ 50 ശതമാനം കന്നട ഭാഷാ പ്രാവീണ്യമുള്ളവര്‍ക്ക് നല്കാന് തീരുമാനിക്കുകയായിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ കേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ച് ഉത്തരവ് റദ്ദാക്കിയിരുന്നു.
കന്നട ഭാഷാ ന്യൂനപക്ഷ മേഖലയിലെ ഓഫീസുകളില്‍ എത്ര എല്‍ഡി ക്ലര്‍ക്കുമാരെ ആവശ്യമുണ്ടെന്ന് ജില്ലയിലെ വകുപ്പ് മേധാവികള്‍ ഉറപ്പുവരുത്തണമെന്നും ജൂണ്‍ ഏഴിലെ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. പിഎസ്സിയുമായി ബന്ധപ്പെട്ട് രണ്ട് മാസത്തിനകം നടപടി പൂര്‍ത്തിയാക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്. ആഗസ്റ്റ് ആറിന് ട്രിബ്യൂണല്‍ നിര്‍ദേശിച്ച കാലാവധി അവസാനിക്കാനിരിക്കെയാണ് എഡിഎം കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ വകുപ്പ് മേധാവികളെ യോഗം വിളിച്ച് കണക്കെടുപ്പിന് നിര്‍ദേശം നല്‍കിയത്.
അതേ സമയം ട്രിബ്യൂണല്‍ ഉത്തരവില്‍ പറഞ്ഞ നിര്ദേശങ്ങള്ക്കെതിരേയും ജില്ല ഭരണകൂടത്തിന്റെ നടപടികള്‍ക്കെതിരേയും ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്ന് എല്‍ഡി ക്ലര്‍ക്ക് (പൊതു വിഭാഗം) റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു. ഏറ്റവും കൂടുതല്‍ എല്‍ഡി ക്ലര്‍ക്ക് നിയമനങ്ങള്‍ ഭരണ സിരാ കേന്ദ്രമായ കാസര്‍കോട്ടാണ് നടക്കുന്നത്.
1977 ല്‍ പൊതു ഭരണ വകുപ്പ് ഇറക്കിയ ഒരു സര്‍ക്കുലറിന്റെ മറ പിടിച്ചാണ് ഇത്തരം ഭരണഘടനാ വിരുദ്ധമായ സംവരണത്തിന് നടപടി സ്വീകരിക്കുന്നതെന്ന് റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷന് പറയുന്നത്. 1999ലും 2000ലും 42 പേരെ ഈ സര്‍ക്കുലറിന്റെ ഭാഗമായി ഭാഷാ ന്യൂനപക്ഷമായി ക്ലര്‍ക്കുമാരായി നിയമിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി 2013ലും സംവരണ നടപടി തുടര്‍ന്നിരുന്നു 2020ല്‍ കാസര്‍കോട് ജില്ലാ കലക്ടറുടെ വിവേചന അധികാര പ്രകാരം ഇറക്കിയ എ10 സര്‍കുലറിലാണ് 50 ശതമാനം സംവരണം ഭാഷാ ന്യുനപക്ഷങ്ങള്‍ക്ക് നല്കാന് നിര്‍ദേശിച്ചത്. 1078 പേരുടെ ഷോര്‍ട്ട് ലിസ്റ്റാണ് എല്‍ഡി ക്ലര്‍ക്ക് നിയമനത്തിനായി തയ്യാറാക്കിയിട്ടുള്ളത്. 58 വാകന്‍സി മാത്രമാണ് ഇപ്പോഴുള്ളത്.
കന്നട, മലയാളം എല്‍ഡി ക്ലര്‍ക്ക് ലിസ്റ്റില്‍ 98 പേരെയാണ് ഉള്‍പെടുത്തിയിട്ടുള്ളത്. 48 ഒഴിവുകള്‍ ഇപ്പോള്‍ തന്നെ ഇവര്‍ക്ക് വേണ്ടി നീക്കി വെക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് റാങ്ക് ഹോള്‍ഡേഴ്സ് ആരോപിക്കുന്നത്.വെള്ളരിക്കുണ്ട്, ഹൊസ്ദുര്‍ഗ് താലൂക്കുകളില്‍ മാത്രമായി പൊതു വിഭാഗത്തിലുള്ളവര്‍ക്കുള്ള എല്‍ഡി ക്ലര്‍ക്ക് നിയമനം ഒതുങ്ങുമെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: