ജനീവ: പടിഞ്ഞാറന്‍ യൂറോപ്പിനെ വെന്തുരുക്കുന്ന ഉഷ്ണതരംഗം കുറഞ്ഞത് 2060 വരെയെങ്കിലും ആവര്‍ത്തിക്കുമെന്ന് യുഎന്‍. അന്തരീക്ഷത്തിലേക്ക് കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന രാജ്യങ്ങള്‍ക്കുള്ള മുന്നറിയിപ്പാണ് ഇപ്പോഴത്തെ ഉഷ്ണതരംഗമെന്നും യുഎന്നിന്റെ കീഴിലുള്ള വേള്‍ഡ് മെറ്റീരിയോളജിക്കല്‍ ഓര്ഗനൈസേഷന് പറഞ്ഞു.
”കാലാവസ്ഥാ വ്യതിയാനം മൂലം താപനിലയിലെ റെക്കോര്‍ഡുകളെല്ലാം ഭേദിക്കപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഭാവിയില്‍ ഇത്തരത്തിലുള്ള ഉഷ്ണ തരംഗങ്ങള്‍ അതിസാധാരണമാകും, ഇതിലും തീവ്രതയോടെ അനുഭവപ്പെടാം” ഡബ്ല്യുഎംഒ മേധാവി പെറ്റെരി താലസ് പറഞ്ഞു.
”കാര്‍ബണ്‍ പുറന്തള്ളല്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2060 ാടെ ഇപ്പോഴത്തേതിലും ശക്തമായ ഉഷ്ണതരംഗം ഉണ്ടാകും, പ്രത്യേകിച്ചും ഏറ്റവും കൂടുതല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറന്തള്ളുന്ന ഏഷ്യന്‍ രാജ്യങ്ങളില്‍”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനീവയില്‍ നടന്ന പത്രസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ബ്രിട്ടനില്‍ ഇതാദ്യമായാണ് താപനില 40 ഡിഗ്രി സെല്‍ഷ്യസില്‍ (104 ഡിഗ്രി ഫാരന്‍ഹീറ്റ്) എത്തുന്നത്. ഫ്രാന്‍സ്, യുകെ, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ എക്കാലത്തെയും ഉയര്‍ന്ന താപനില ഉണ്ടാകുമെന്നാണ് കരുതല്‍. ഇത് എപ്പോള്‍ അവസാനിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നും അടുത്തയാഴ്ചയും ചൂട് തുടരുമെന്നും ഡബ്ല്യുഎംഒയുടെ അപ്ലൈഡ് ക്ലൈമറ്റ് സര്‍വീസ് മേധാവി റോബര്‍ട്ട് സ്റ്റെഫാന്‍സ്കി പറഞ്ഞു. നിലവിലെ ഉഷ്ണതരംഗം പലയിടങ്ങളിലും കാട്ടുതീ ഉണ്ടാകുന്നതിനും കാരണമായിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം തെക്കന്‍ ഇറ്റലിയിലെ സിസിലിയില്‍ താപനില 48.8 ഡിഗ്രി സെല്‍ഷ്യസില്‍ ആയിരുന്നു. യൂറോപ്പിലെ ചൂടിനും റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി. 1977നു ശേഷം 2021ലാണ് ഏറ്റവും ഉയര്‍ന്ന താപനില ഗ്രീസില്‍ രേഖപ്പെടുത്തിത്. ഈ വര്‍ഷവും സമാനമായ ചൂട് അനുഭവപ്പെടുമെന്നും റോബര്‍ട്ട് സ്റ്റെഫാന്‍സ്കി അറിയിച്ചു. 2003ല്‍ യൂറോപിലുണ്ടായ ഉഷ്ണ തംരംഗം 70,000-ലധികം പേരെ ബാധിച്ചിരുന്നതായി ലോകാരോഗ്യ സംഘടനയുടെ പരിസ്ഥിതി-കാലാവസ്ഥ- ആരോഗ്യ വിഭാഗം ഡയറക്ടര്‍ മരിയ നെയ്റ ചൂണ്ടിക്കാട്ടി.
”ഇപ്പോഴത്തെ ഈ ഉയര്‍ന്ന ചൂട്, ആന്തരിക താപനില നിയന്ത്രിക്കാനുള്ള നമ്മുടെ ശരീരത്തിന്റെ ശേഷിയെയും ബാധിച്ചേക്കാം. ഇത് ക്ഷീണം, ഹീറ്റ് സ്ട്രോക്ക്, ഹൈപ്പര്‍തെര്‍മിയ തുടങ്ങിയ രോഗങ്ങള്‍ക്കും കാരണമായേക്കാം”, മരിയ നെയ്റ കൂട്ടിച്ചേര്‍ത്തു. കടുത്ത ചൂട് കാരണം ഇംഗ്ലണ്ടിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: