തിരുവനന്തപുരം : വാര്‍ത്താ അവതരണത്തിനിടയില്‍ എളമരം കരീമിനെതിരെ പരാമര്‍ശം നടത്തിയതിന് ഏഷ്യനെറ്റ് അവതാരകന് വിനു വി ജോണിനെതിരെ തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തു. എളമരം കരീം നല്കിയ പരാതിയില്‍ ആണ് കേസ്. ടി വി ചാനല്‍ പ്രോഗ്രാം വഴി ഭീഷണിപ്പെടുത്തണമെന്നും മറ്റുള്ളവരെക്കൊണ്ട് ആക്രമിപ്പിക്കണമെന്നും മനപ്പൂര്‍വ്വം അപമാനിച്ച് സമാധാന ലംഘനം നടത്തണമെന്ന ഉദ്ദേശത്തോടെ വിനു വി ജോണ്‍ പ്രവര്‍ത്തിച്ചുവെന്നാണ് എഫ് ഐ ആറില്‍ പറയുന്നത് .
വിനു ഇതറിയുന്നത് പാസ്പോര്‍ട്ട് പുതുക്കാനുള്ള അപേക്ഷ പോലീസ് നിരസിച്ചപ്പോഴാണ്. തിരക്കിയപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദമാണ് കേസെടുക്കാന്‍ കാരണമെന്ന് പോലീസ് അറിയിച്ചതായി ബിനു പറഞ്ഞു. ‘സംഭവം നടന്ന് ഒരുമാസം കഴിഞ്ഞാണ് കേസ് എടുത്തിരിക്കുന്നത്. അതാകട്ടെ എന്നോടു പറഞ്ഞിട്ടുമില്ല മാര്‍ച്ച് 28 നാണ് വാര്‍ത്താ അവതരണത്തിനിടയില്‍ പരാമര്‍ശം നടത്തിയത്. ഒരുമാസം മിണ്ടാതിരുന്നിട്ട്്് ഏപ്രില്‍ മാസം 28 ന് കേസെടുത്തു. ഫാസിസ്റ്റ് കേരളം ഭരിക്കുമ്പോള്‍ ഇതിനപ്പുറം സംഭവിക്കും. നാളെ എന്നെ അറസ്റ്റ് ചെയ്തേക്കാം . കാരണഭൂതനായ പിണറായിക്ക് നൂറുകോടി അഭിവാദ്യങ്ങള്‍’ ബിനു പറഞ്ഞു.
വിനു വി. ജോണിനെതിരേ കള്ളക്കേസെടുത്ത് പാസ്പോര്‍ട്ട് പോലും നിഷേധിക്കാനുള്ള കേരള പോലീസിന്റെ നീക്കത്തെ തിരുവനന്തപുരം പ്രസ്ക്ലബ് ശക്തമായി അപലപിച്ചു. ഒരു ഭരണകക്ഷി നേതാവിനെതിരേ വാര്‍ത്താ അവതരണത്തിനിടയില്‍ പരാമര്‍ശം നടത്തിയതിനാണ് ഫാസിസ്റ്റ് സ്വഭാവമുള്ള ഈ വേട്ടയാടലെന്ന് പ്രസ്ക്ലബ്പ്രസിഡന്റ് എം. രാധാകൃഷ്ണനും സെക്രട്ടറി എച്ച്. ഹണിയും പ്രസ്താവനയില്‍ പറഞ്ഞു.
രാജ്യവ്യാപക ഹര്‍ത്താലുമായി ബന്ധപ്പെട്ട് കേരളത്തില്‍ നടന്ന അക്രമങ്ങള്‍ക്കെതിരായ ചാനല്‍ ചര്‍ച്ചയ്ക്കിടെ എളമരം കരീം എം.പിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് വിനു വി. ജോണിനെതിരേ കേസെടുത്തതും പ്രതികാര നടപടികള്‍ക്ക് പോലീസ് തയ്യാറാകുന്നതും. കേസെടുത്ത വിവരം വിനുവിനെ അറിയിക്കാന്‍ പോലും പോലീസ് തയ്യാറായില്ല. പാസ്പോര്‍ട്ട് വെരിഫിക്കേഷന് വേളയിലാണ് മാര്‍ച്ചില്‍ നടന്ന സംഭവത്തിന് ഏപ്രിലില്‍ കേസെടുത്തിരിക്കുന്നതായി മനസ്സിലായത് തന്നെ.
മാധ്യമസ്വാതന്ത്ര്യവും പൗരാവകാശവുമൊക്കെ തകര്‍ക്കുന്ന ഹീനമായ നീക്കമാണ് പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ഭരണകക്ഷി നേതാക്കളുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങി മാധ്യമ പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കി നിശബ്ദരാക്കാനുള്ള നീക്കത്തില്‍ നിന്ന് പോലീസും സര്‍ക്കാരും പിന്മാറണം.
വിനു വി. ജോണിനെതിരായ കള്ളക്കേസ് പിന്‍വലിക്കാനും മാധ്യമ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാനും സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മാധ്യമപ്രവര്‍ത്തകര്‍ മുന്നോട്ടു പോകുമെന്ന ്പ്രസ് ക്ലബ് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: