അട്ടപ്പാടി: പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷന് പരിധിയിലെ സ്വകാര്യ ഭൂമിയില്‍ കാട്ടാനയുടെ അസ്ഥികള്‍ കണ്ടെത്തി. മുള്ളി ചൂണ്ടപ്പെട്ടി ഭാഗത്ത് സജിത്ത് എന്നയാളുടെ സ്ഥലത്താണ് ആനയുടെ തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം സ്ഥലത്തെ ചെടികളും മറ്റും വെട്ടിത്തെളിക്കുന്നതിനിടെയാണ് കാട്ടാനയുടെ അസ്ഥിപഞ്ജരം തൊഴിലാളികള്‍ കണ്ടത്. വിവരം വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. മുപ്പത് വയസുള്ള പിടിയാനയുടെ ഒരു വര്‍ഷത്തിലധികം പഴക്കമുള്ള അസ്ഥികളാണെന്ന് തിരിച്ചറിഞ്ഞു.
ഇന്നലെ കോഴിക്കോട് നിന്നുമെത്തിയ ഫോറസ്റ്റ് വെറ്ററിനറി സര്ജന് ഡോ. അരുണ്‍സത്യന്‍ മെറ്റല്‍ ഡിറ്റക്ടറും മറ്റും ഉപയോഗിച്ച് പരിശോധന നടത്തി. ഏകദേശം മൂന്ന് സെന്റീ മീറ്റര്‍ നീളമുള്ള തേറ്റയാണുള്ളത്. ഇത് മുള്ളന്‍പന്നി കരണ്ടിട്ടുള്ളതായും വ്യക്തമായിട്ടുണ്ട്. കാട്ടാന ചെരിഞ്ഞതില്‍ അസ്വഭാവികതയൊന്നുമില്ലെന്നാണ് പ്രാഥമിക നിഗമനം.
അരളിക്കോണം എണ്ണക്കര മലവാരത്തില്‍ നിന്നും മുപ്പത് മീറ്റര്‍ മാറിയാണ് സ്വകാര്യ സ്ഥലമുള്ളത്. ആറ് വര്‍ഷത്തോളമായി ഈ സ്ഥലം കാട് മൂടികിടക്കുകയായിരുന്നു. മൂന്ന് വശങ്ങളില് മലകളും ഒറ്റപ്പെട്ടതും വിജനവുമായ സ്ഥലവുമായതിനാലാണ് ആന ചെരിഞ്ഞത് നാളിതു വരെ അറിയാതിരിക്കാന്‍ കാരണം.
മണ്ണാര്‍ക്കാട് ഡിഎഫ്ഒ എം.കെ. സുര്‍ജിത്ത്, അട്ടപ്പാടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി. സുമേഷ്, പുതൂര്‍ ഫോറസ്റ്റ് സ്റ്റേഷന് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ബിനു സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: