തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി അതിവിപുലമായി ആഘോഷിക്കാന്‍ ബാലഗോകുലം തയ്യാറെടുക്കുന്നു. ശ്രീകൃഷ്ണ ഭക്തിയും സമാജ ശക്തിയും ഒരേപോലെ ദൃശ്യമാകുന്ന തരത്തിലാകും ആഘോഷങ്ങള്‍ സംഘടിപ്പിക്കുക. ‘സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങള്‍.
ആഗസ്റ്റ് 14 ന് ശ്രീകൃഷ്ണജയന്തി പതാകദിനമായി ആചരിക്കും. തുടര്‍ന്ന് സാംസ്കാരിക സംഗമങ്ങള്‍, ഗോപൂജ , ഉറിയടി, പ്രഭാതഭേരി, ഗോപികാ നൃത്തം തുടങ്ങി വിവിധ പരിപാടികള്‍ ആഘോഷത്തിന്റെ ഭാഗമായി നടക്കും. ആഗസ്റ്റ് 18 നാണ് ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര. ഭക്തിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതരത്തില്‍ കൂടുതല്‍ നിശ്ചലദൃശ്യങ്ങളും അലങ്കരിച്ച വാഹനങ്ങളില്‍ ഭജനസംഘങ്ങളും ശോഭായാത്രയില്‍ ഉണ്ടാവണമെന്ന് ഉറപ്പാക്കുമെന്ന് ആഘോഷ പ്രമുഖ് എം സത്യന് അറിയിച്ചു. ഭക്തിപ്രദാനംചെയ്യുന്ന പുതിയ നിശ്ചല ദൃശ്യങ്ങള്‍ ഒരുക്കാന്‍ കലാകാരന്മാരുടെ കൂട്ടായ്മ സംഘടിപ്പിക്കും. ആഘോഷത്തിന് സമൂഹമാധ്യമങ്ങളില്‍ കൂടുതല്‍ പ്രചരണം നല്‍കുന്നതിന് ജി്ല്ലാ തലത്തില്‍ ഡിജിറ്റല്‍ പ്രമുഖന്മാരെയും നിശ്ചയിക്കും
സമാജത്തിന്റെ ഒരുമയും ശക്തിയും പ്രദര്‍ശിപ്പിക്കാനുള്ള അവസരമായും ശ്രീകൃഷ്ണ ജയന്തിയെ മാറ്റുമെന്ന് ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ ,പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാര്‍ എന്നിവര്‍ അറിയിച്ചു
പതിഭകളായ കുട്ടികള്‍, സാമുദായിക സംഘടനാ നേതാക്കള്‍, റസിഡന്‍സ് അസ്സോസിയേഷന് ഭാരവാഹികള്‍, കലാകാരന്മാര്, ക്ഷേത്ര പ്രസിഡന്റുമാര്‍ , വിദ്യാലയ,പ്രിന്‍സിപ്പാള്‍, പ്രാദേശികമായ ലൈബ്രറി പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, സംഘപരിവാര്‍ ഭാരവാഹികള്‍ എന്നിവരടങ്ങിയ വിപുലമായ സ്വാഗതസംഘമാണ് ജില്ലാ, പ്രാദേശിക തലങ്ങളില്‍ രൂപീകരിച്ചിരിക്കുന്നത്.
സ്വാമി ചിദാനന്ദപുരി, ജസ്റ്റിസ് കെ.ടി. തോമസ്, എം.എ. കൃഷ്ണന്, അഡ്വ. കെ.കെ. ബാലറാം, കേന്ദ്രമന്ത്രി വി. മുരളീധരന്, പി.ടി. ഉഷ , ആര്. പ്രസന്നകുമാര്‍ എന്നിവര്‍ മുഖ്യരക്ഷാധികാരിമാരായി 1001 അംഗ സ്വാഗതസംഘമാണ് സംസ്ഥാനതലത്തില്‍ രൂപീകരിച്ചത്. പത്മശ്രീ പുരസ്കാര ജേതാവും പ്രശസ്ത പാവക്കൂത്ത് കലാകാരനുമായ രാമചന്ദ്ര പുലവരാണ് സ്വാഗതസംഘം അദ്ധ്യക്ഷന്‍. ടി.വി. പ്രസാദ് ബാബു (തിരുവനന്തപുരം) മുഖ്യസംയോജകനും എം. സത്യന് (കോഴിക്കോട്), ആഘോഷ പ്രമുഖുമാണ്. ടി.ജി. അനന്തകൃഷ്ണനാണ് ഖജാന്‍ജി. ഖേലോ ഇന്ത്യ ദേശീയ താരം അര്‍ച്ചന കെ. പാലോട് (തിരുവനന്തപുരം), നിവേദ ഗോപീകൃഷ്ണന്, മാസ്റ്റര്‍ ദേവീ പ്രസാദ് (അങ്ങാടിപ്പുറം), യദുകൃഷ്ണന് (നന്മണ്ട), മാസ്റ്റര്‍ ദേവനാരായണന്, സംഘമിത്ര (എറണാകുളം) എന്നിവര്‍ നേതൃത്വം നല്കുന്ന ബാലസമിതിയും രൂപീകരിച്ചു.
അമൃതും കാളകൂടവും ഒരുപോലെ കരുതി, പ്രകൃതിയുടെ പ്രബോധനങ്ങളെയും ഇച്ഛകളെയും ലംഘിക്കാതെ മാര്‍ഗ്ഗദര്‍ശനം നല്കിയ ശ്രീകൃഷ്ണന് യുഗപുരുഷനായി ഇന്നും വഴികാട്ടുന്നുണ്ടെന്ന് സംസ്ഥാനതല സ്വാഗതസംഘം രൂപീകരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എഴുത്തുകാരി കെ.പി. സുധീര പറഞ്ഞു. വിഷാദമേഘങ്ങള്ക്കുമേല് നൃത്തമാടിയ കണ്ണന് യുദ്ധത്തില്‍ നിന്ന് മുഖം തിരിച്ചില്ല. ധര്‍മ്മസംസ്ഥാപനത്തിനായി കൃഷ്ണന് മനുഷ്യനായി പിറക്കുകയായിരുന്നു. ആ അവതാര പുരുഷന് ആന്തരികമായ കരുത്തായി ഇന്നും നിലനില്ക്കുന്നു. അനശ്വരഗീതാതത്ത്വങ്ങളും അവിസ്മരണീയമായ പ്രേമാനുഭവങ്ങളും നല്കിയ കൃഷ്ണന് ലോകത്തിനുമുന്നില്‍ മഹാസാഗരം പോലെ വ്യാപിച്ചു നില്ക്കുന്നു. ഓരോ ഉണ്ണിക്കണ്ണനിലൂടെയും ഈ അമൃതത്ത്വം ലോകത്തിനു നല്‍കുകയാണ് ഇന്നത്തെ കര്‍ത്തവ്യം, അവര്‍ പറഞ്ഞു.സംസ്ഥാന അദ്ധ്യക്ഷന്‍ ആര്. പ്രസന്നകുമാര്‍ അദ്ധ്യക്ഷനായി. സംസ്ഥാന പൊതു കാര്യദര്‍ശി കെ.എന്‍. സജികുമാര്‍, കെ. മോഹന്‍ദാസ്, ഇല്ലിക്കെട്ട് നമ്പൂതിരി, പി. പ്രശോഭ്, എം. സത്യന് എന്നിവര്‍ സംസാരിച്ചു. സ്വത്വം വീണ്ടെടുക്കാം സ്വധര്‍മ്മാചരണത്തിലൂടെ എന്ന വിഷയം കെ.സി. വിനയരാജ് അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: