ന്യൂഡല്‍ഹിയില്‍നിന്നും ഗുവാഹതി വഴി ഇംഫാലിലേക്ക് സര്‍വീസ് നടത്തിയാണ് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2006 അവസാനത്തോടുകൂടി എയര്‍ലൈനിനു 6 വിമാനങ്ങള്‍ ഉണ്ടായിരുന്നു, 2007ല്‍ മറ്റു 9 വിമാനങ്ങള്‍കൂടി സ്വന്തമാക്കി. 2010 ഡിസംബറില്‍ എയര്‍ ഇന്ത്യയെ കടത്തിവെട്ടി 17.3 ശതമാനം മാര്‍ക്കറ്റ് വിഹിതം സ്വന്തമാക്കി ഇന്‍ഡിഗോ എയര്‍ലൈന്‍സ് കിംഗ്ഫിഷര്‍ എയര്‍ലൈന്‍സിനും ജെറ്റ് എയര്‍വേസിനും പിന്നില്‍ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ എയര്‍ലൈന്‍സായി.
2016 മാര്‍ച്ചിലെ കണക്കനുസരിച്ചു 41 ഇന്ത്യന്‍ ലക്ഷ്യസ്ഥാനങ്ങളിലേക്കും 7 വിദേശ ലക്ഷ്യസ്ഥാനങ്ങളിലേക്കും ഉള്‍പ്പെടെ 48 ലക്ഷ്യസ്ഥാനങ്ങളിലേക്കായി ഇന്‍ഡിഗോ ദിവസേന 918 ഫ്‌ളൈറ്റ് സര്‍വീസുകള്‍ നടത്തുന്നു. പ്രധാന ഹബ് സ്ഥിതിചെയ്യുന്നത് ഡല്‍ഹിയിലാണ്, കൂടാതെ ബാംഗ്ലൂര്‍, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ, ജയ്പൂര്‍, അഹമ്മദാബാദ് എന്നിവടങ്ങളിളും ഹബ്ബുകള്‍ ഉണ്ട്.
ചെലവ് കുറഞ്ഞ എയര്‍ലൈനാണ് ഇന്‍ഡിഗോ. 2017 ജനുവരിയിലെ കണക്കനുസരിച്ചു 39.8 ശതമാനം മാര്‍ക്കറ്റ് വിഹിതമുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സ് ആണ് യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഇന്ത്യയിലെ ഏറ്റവും വലിയ എയര്‍ലൈന്‍സ്. കൂടാതെ യാത്രക്കാരുടെ എണ്ണത്തിലും വിമാനങ്ങളുടെ എണ്ണത്തിലും ഏഷ്യയിലെ ഏറ്റവും വലിയ ഒറ്റയായ ചെലവ് കുറഞ്ഞ എയര്‍ലൈനുമാണ്. ഇതൊക്കെയാണെങ്കിലും ഇനി ഇന്‍ഡിഗോ വിമാനക്കമ്പനി ചുറ്റിയതുതന്നെ. അല്ലെങ്കില്‍ ചുറ്റിക്കും. ആരാണ് ഇ.പി. ജയരാജനെന്ന് ഇന്‍ഡിഗോ അറിയും. അല്ലെങ്കില്‍ അറിഞ്ഞിരിക്കും. ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്കോ? അറിയണമല്ലൊ!. യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ഇന്‍ഡിഗോയില്‍ ഇനി താനോ കുടുംബമോ യാത്ര ചെയ്യില്ലെന്ന് ജയരാജന്‍ പ്രസ്താവിച്ചിരിക്കുന്നു. വൃത്തികെട്ട, നിലവാരമില്ലാത്ത കമ്പനിയാണ് ഇന്‍ഡിഗോ. നിയമവിരുദ്ധമായ നടപടിയാണ് ഇന്‍ഡിഗോ കമ്പനി സ്വീകരിച്ചത്. നടന്നു പോയാലും ഇന്‍ഡിഗോ കമ്പനിയുടെ വിമാനത്തില്‍ ഇനി കയറില്ലെന്ന ഉറച്ച തീരുമാനമാണ് ജയരാജന്‍ എടുത്തത്. ഇന്‍ഡിഗോ കമ്പനി കളി കാണാനിരിക്കുന്നതേയുള്ളൂ.
”മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ചവര്‍ ക്രിമിനലുകളാണെന്ന് അറിഞ്ഞിട്ടും ഇന്‍ഡിഗോ കമ്പനി ടിക്കറ്റ് നല്‍കുകയായിരുന്നു. ജൂണ്‍ 13ന് താനും ഭാര്യയും ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു. മുഖ്യമന്ത്രിയും വിമാനത്തിലുണ്ടായിരുന്നു. ഭീകരവാദികളുടെ ഭീഷണി നിലനില്‍ക്കുന്ന ആളാണ് മുഖ്യമന്ത്രി. ആര്‍എസ്എസ് നേതാവ് രണ്ടു കോടിരൂപയാണ് മുഖ്യമന്ത്രിയുടെ തലയ്‌ക്കു വില പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിക്കുനേരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ തടഞ്ഞതിനുശേഷം, കമ്പനിയുടെ ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുക്കണമെന്ന് കാട്ടി അറിയിപ്പു ലഭിച്ചു. 12ന് പങ്കെടുക്കാനായിരുന്നു നിര്‍ദേശം. അന്ന് പങ്കെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും അഭിഭാഷകന്‍ വിശദാംശങ്ങള്‍ അറിയിക്കുമെന്നും കമ്പനിയെ അറിയിച്ചു. അതിനുശേഷം ഒരു തരത്തിലുമുള്ള വിവരവും കമ്പനിയില്‍നിന്ന് ലഭിച്ചില്ല. വൈകിയാണ് വിലക്കേര്‍പ്പെടുത്തിയ വാര്‍ത്ത കണ്ടത്. അപ്പോള്‍ തനിക്ക് ഇതേക്കുറിച്ചു വിവരം ഇല്ലായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോള്‍ ഇവിടുത്തെ ഇന്‍ഡിഗോ കമ്പനിക്കു നിര്‍ദേശം അയച്ചു കൊടുത്തതായി അറിയാന്‍ കഴിഞ്ഞു. ഇന്‍ഡിഗോ കമ്പനി നിയമവിരുദ്ധമായ നടപടിയാണ് സ്വീകരിച്ചത്.
സെഡ് കാറ്റഗറിയുള്ള ആള്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ ക്രിമിനല്‍ കേസിലെ പ്രതി അടക്കം 3 അംഗ സംഘം ടിക്കറ്റ് എടുത്ത് കയറി. ഈ മൂന്നു പേര്‍ക്കും ടിക്കറ്റ് കൊടുക്കരുതായിരുന്നു. ഗുരുതരമായ വീഴ്ചയാണ് ഇന്‍ഡിഗോയ്‌ക്കു പറ്റിയത്. കോണ്‍ഗ്രസിന്റെ കണ്ണൂര്‍ ഓഫിസില്‍നിന്ന് ടിക്കറ്റ് എടുക്കുമ്പോള്‍ ടിക്കറ്റ് കൊടുക്കാതിരിക്കണമായിരുന്നു. വിമാനം ലാന്‍ഡ് ചെയ്തപ്പോള്‍ പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്കടുത്തേക്ക് ചാടിവന്നു. നടവഴിയില്‍നിന്ന് താന്‍ തടഞ്ഞതിനാല്‍ മുഖ്യമന്ത്രിക്ക് അടുത്തെത്താന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയെ ആക്രമിച്ചിരുന്നെങ്കില്‍ ഇന്‍ഡിഗോ കമ്പനിക്കു കളങ്കം ഉണ്ടായേനേ. ഇതു വസ്തുതാപരമായി പരിശോധിക്കുന്നതിനു പകരം തെറ്റായ നടപടിയാണ് കമ്പനി സ്വീകരിച്ചത്. കുറ്റവാളികള്‍ക്കെതിരെ നടപടിയെടുക്കാനല്ല ഇന്‍ഡിഗോയ്‌ക്കു താല്‍പര്യം. മാന്യമായി സര്‍വീസ് നടത്തുന്ന കമ്പനികളിലേ ഇനി യാത്ര ചെയ്യൂ. ഇന്‍ഡിഗോ കമ്പനിയില്‍ യാത്ര ചെയ്തില്ലെങ്കില്‍ തനിക്ക് ഒന്നുമില്ല.” മട്ടന്നൂര്‍-തിരുവനന്തപുരം റൂട്ടില്‍ ആഴ്ചയിലൊരു ടിക്കറ്റ് കുറഞ്ഞാല്‍ ഇന്‍ഡിഗോ തെണ്ടിയതുതന്നെ. സംഭവം സംബന്ധിച്ച് വിശാലമായി നിയമസഭയില്‍ വിവരിച്ച മുഖ്യമന്ത്രി തനിക്കെതിരെ തോക്കുചൂണ്ടിയതടക്കമുള്ള കാര്യങ്ങള്‍ വിവരിച്ചു. പിണറായിയില്‍ തന്നെയായിരുന്നു വധശ്രമം. ഒരു കുട്ടിയുടെ ഇടപെടല്‍ കൊണ്ടാണ് രക്ഷപ്പെട്ടത്. എന്നെ തന്നെ ലക്ഷ്യമിട്ട് നിരവധി സംഭവങ്ങള്‍ നേരത്തെ ഉണ്ടായി. അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. തോലമ്പ്ര തെക്കാടിപുഴയില്‍ തനിക്കെതിരെ നിറ ഒഴിച്ചതാണ്. മമ്പറത്ത് നടന്നുപോകുമ്പോള്‍ ഒരാള്‍ മുകളില്‍ നിന്ന് തോക്കുചൂണ്ടി. നിറയൊഴിച്ചില്ല. ഈ രണ്ടു സംഭവങ്ങള്‍ നടക്കുമ്പോഴും താന്‍ എംഎല്‍എയാണ്. മുഖ്യമന്ത്രി തുടര്‍ന്നു. ഏതായാലും ജയരാജന്‍ ചെയ്ത സാഹസമൊന്നും പിറണായി ചെയ്തില്ല. നാടുവിട്ടോടിയില്ല. ഭാഗ്യം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തള്ളിമാറ്റിയ സംഭവത്തിലാണ് ഇ.പി.ജയരാജന് മൂന്നാഴ്ചത്തെ യാത്രാവിലക്ക് ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയത്. പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രണ്ടാഴ്ചത്തെ യാത്രാവിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തി. ജൂണ്‍ 12 നു മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന ഇന്‍ഡിഗോ വിമാനം തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ ഉണ്ടായ പ്രതിഷേധത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ വലിയതുറ പോലീസ് കേസെടുത്തിരുന്നു. ആ സംഭവത്തോടനുബന്ധിച്ച് നാടകീയമായാണ് മുന്‍ എംഎല്‍എ ശബരീനാഥിനെ അറസ്റ്റുചെയ്തത്. എന്നാല്‍ ജയരാജനെതിരെ ഒരു നടപടിയുടെയും ആവശ്യമില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി. എന്നാല്‍ ജയരാജന് ഒരഭിപ്രായമുണ്ട്. ഇന്‍ഡിഗോ തനിക്ക് അവാര്‍ഡ് തരണം. തടഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയെ അപായപ്പെടുത്തുമായിരുന്നില്ലെ. അങ്ങനെ സംഭവിച്ചാല്‍ എന്താകും സ്ഥിതി.
എകെജി സെന്ററിന്റെ ഗേറ്റിന് ‘ബോംബെറിഞ്ഞ’ കേസില്‍ ഇതുവരെ പ്രതികളെ ആരെയും കിട്ടിയിട്ടില്ല. അതിനെക്കുറിച്ചുള്ള ജയരാജന്റെ ആദ്യപ്രതികരണം കോണ്‍ഗ്രസെന്നാണ്. ഒടുവിലത്തെ പ്രതികരണം ‘ഇതുവരെയും സുകുമാരക്കുറുപ്പിലെ പിടിച്ചില്ലല്ലോ’ എന്നായിരുന്നു. ജയരാജനെ പിടികൂടി കുടഞ്ഞാല്‍ ആദ്യത്തെ പ്രശ്‌നം തീരും. ആര് പിടിക്കും? അതാണ് പ്രശ്‌നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: