ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശ് പുറത്തിറക്കിയ പത്രക്കുറിപ്പിനെ വളച്ചൊടിച്ച് വ്യാജവാര്‍ത്തയുമായി സിപിഎം മുഖപത്രം. യുപിയില്‍ അടുത്തിടെ ആരംഭിച്ച ലുലുമാളില്‍ നിസ്‌കരിച്ചവര്‍ ഹിന്ദുക്കളാണെന്നാണ് ദേശാഭിമാനി വ്യാജവാര്‍ത്ത പടച്ചത്. ലുലു മാളിലേക്ക് ഹിന്ദുമഹാസഭാ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ അറസ്റ്റിലായവരുടെ പേരാണ് നിസ്‌കരിച്ചവര്‍ എന്നരീതിയില്‍ വ്യാജവാര്‍ത്തയാക്കിയത്.
യുപി പോലീസ് ഇതുസംബന്ധിച്ച് ഹിന്ദിയിലും ഇംഗ്ലീഷിലും പത്രക്കുറിപ്പുകള്‍ ഇറക്കിയിരുന്നു. എന്നാല്‍, ദേശാഭിമാനി അടക്കമുള്ള ഇടതുപക്ഷ മാധ്യമങ്ങള്‍ വ്യാജവാര്‍ത്ത ചമയ്‌ക്കുകയായിരുന്നു. യുപിക്കെതിരെ വ്യാജവാര്‍ത്തകള്‍ ചമയ്‌ക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പോലീസും വ്യക്തമാക്കിയിട്ടുണ്ട്.
മാളിലേക്ക് പ്രകടനം നടത്തിയ സരോജ് നാഥ് യോഗി, കൃഷ്ണകുമാര്‍ പതക്, ഗൗരവ് ഗോസ്വാമി, അര്‍ഷദ് അലി എന്നിവരെ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ മാളില്‍ നിസ്‌കരിച്ചതിന് പിടിയിലായവരാണെന്നാണ് ദേശാഭിമാനി വാര്‍ത്ത നല്‍കിയത്. ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങളില്‍ വന്ന വ്യാജവാര്‍ത്തകള്‍ക്കെതിരെ യുപി പോലീസ് രംഗത്തെത്തിയിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിലെ പ്രചാരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ലുലു മാളില്‍ ജൂലൈ 12ന് നിസ്‌കാരം നടത്തിയവരെയല്ല ഇപ്പോള്‍ അറസ്റ്റ് ചെയ്തതെന്നും ലക്‌നൗ പോലീസ് കമ്മീഷണറേറ്റ് ട്വിറ്ററിലൂടെ വ്യക്തമാക്കി. കൃഷ്ണകുമാര്‍ പാഠക്, സരോജ് നാഥ് യോഗി, ഗൗരവ് ഗോസാമി എന്നിവരെയാണ് ഹനുമാന്‍ ചാലിസ വായിക്കാന്‍ ശ്രമിച്ചതിന് അറസ്റ്റ് ചെയ്തത്. അര്‍ഷദ് അലി എന്ന വ്യക്തിയാണ് നിസ്‌കാരം നടത്താന്‍ ശ്രമിച്ചതിന് അറസ്റ്റിലായത് എന്നും കമ്മീഷണറേറ്റ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: