ന്യൂദല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ബഹിരാകാശ ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടന് മാധവന് സംവിധാനം ചെയ്ത് അഭിനയിച്ച ‘റോക്കട്രി’ എന്ന സിനിമയില്‍ ഇടത് ലിബറല്‍ ജേണലിസ്റ്റുകള്‍ കണ്ടെത്തിയ പ്രധാന കുഴപ്പം ഇതായിരുന്നു- ‘സിനിമയില്‍ നമ്പി നാരായണനെ വല്ലാതെ ഹിന്ദുവാക്കി ചിത്രീകരിച്ചിരിക്കുന്നു’.
ഇടത് ലിബറല്‍ സിനിമാ വിമര്‍ശകയായ ജേണലിസ്റ്റ് അനുപമ ചോപ്ര എഴുതിയത് ഈ സിനിമയില്‍ നമ്പി നാരായണന് ‘വല്ലാതെ’ രാജ്യസ്നേഹിയും ‘വല്ലാതെ’ ഹിന്ദുവും ആയിപ്പോയി. തന്റെ സ്വന്തം സിനിമാ വാര്‍ത്താപോര്‍ട്ടലായ കമ്പാനിയനില്‍ ആയിരുന്നു അനുപമ ചോപ്രയുടെ ഈ വിമര്‍ശനം. ഹിന്ദു വിരുദ്ധ പ്രചാരണത്തിന് കുടപിടിക്കുന്ന ന്യൂസ് മിനിറ്റിലെ ജേണലിസ്റ്റ് സൗമ്യ രാജേന്ദ്രന് എഴുതിയത് ഇതേ ലൈനിലാണ്. വേദമന്ത്രോച്ചാരണങ്ങളുടെ പശ്ചാത്തലത്തില്‍ നമ്പി നാരായണനെ കണ്ടതും അദ്ദേഹം അടിക്കടി സിനിമയില്‍ പഞ്ചാംഗം ഉപയോഗിക്കുന്നതു കാണുന്നതും വലിയ അസ്വസ്ഥതയായാണ് സൗമ്യ രാജേന്ദ്രന് എഴുതിയത്. പിന്നീട് പല ലെഫ്റ്റിസ്റ്റുകളും ലിബറലുകളും എന്‍ജിഒ പശ്ചാത്തലമുള്ളവരും ഇതുതന്നെ ഏറ്റുപാടി.
ഇപ്പോള്‍ ഇവര്‍ക്കെല്ലാം മറുപടിയായി നമ്പി നാരായണന് പുതിയൊരു വീഡിയോയില്‍ വന്നിരിക്കുകയാണ്. “ഞാന്‍ ഒരു ഹിന്ദുവാണ്. അത് പറയുന്നതില്‍ എനിക്ക് നാണക്കേടില്ല. ഒരു ഹിന്ദുവാകുന്നത് പാപമാണോ?”- വീഡിയോയില്‍ നമ്പി നാരായണന് തിരിച്ചടിക്കുന്നു.
“പലപ്പോഴും ഇത് തമാശയായി തോന്നു. നമ്പി നാരായണനെ സിനിമയില്‍ ഹിന്ദുവായി കാണിച്ചിരിക്കുന്നു എന്നാണ് ചിലര്‍ വിമര്‍ശിച്ചിരിക്കുന്നത്. നമ്പി നാരായണന് സുപ്രഭാതം ചൊല്ലുന്നു. നമ്പി നാരായണന് പഞ്ചാംഗം നോക്കുന്നു. ഇയാള്‍ ബ്രാഹ്മണനാണ്. ഹിന്ദുവാണ്. ഹിന്ദുത്വ വല്ലാതെ കാണിക്കുന്നു. ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ. ഞാന്‍ ഒരു ഹിന്ദുവാണ്. അങ്ങഇനെ പറയുന്നതില്‍ എനിക്ക് നാണക്കേടില്ല”- നമ്പി നാരായണന് ആഞ്ഞടിക്കുന്നു.
“തന്നെ ഒരു മുസ്ലിമോ, ക്രിസ്ത്യാനിയോ ആയി കാണിക്കാന്‍ കഴിയാത്തതിനാലാണ് ഹിന്ദുവായി സിനിമയില്‍ കാണിച്ചിരിക്കുന്നത്. താന്‍ ഒരു ബ്രാഹ്മണനല്ലെന്നും ഇനി അങ്ങിനെയാണെങ്കില്‍ തന്നെ എന്തിനാണ് ആ ഭാഗം നീക്കം ചെച്ചണമെന്ന് ആളുകള്‍ ആവശ്യപ്പെടുന്നത്?”- നമ്പി നാരായണന് ചോദിക്കുന്നു.
ചിത്രത്തില്‍ ഹിന്ദു കഥാപാത്രമായി തന്നെ ചിത്രീകരിച്ചതിനെ അടിവരയിട്ട് വിമര്‍ശിച്ച എല്ലാ ഇടത്, ലിബറല്‍, എന്‍ജിഒ ജേണലിസ്റ്റുകള്‍ക്കും കര്‍ശനമായ മറുപടിയാണ് നമ്പി നാരായാണന് ഈ വീഡിയോയില്‍ നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: