കൊച്ചി: കേരളത്തിലെ റോഡുകളുടെ തകര്‍ച്ചയില്‍ പൊതുമരാമത്ത് വകുപ്പിനെ നിര്‍ത്തിപ്പൊരിച്ച് ഹൈക്കോടതി. റോഡുകളുടെ ദയനീയ അവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സര്‍ക്കാരിനെ പരിഹസിക്കുകയും വകുപ്പിന്റെ കാര്യക്ഷമത ചോദ്യം ചെയ്യുകയും ചെയ്തത്. റോഡിലെ കുഴികള്‍ അടയ്ക്കാന്‍ പേരു മാറ്റി ‘കെ റോഡ്’ എന്നാക്കണോയെന്നും ഹൈക്കോടതി ചോദിച്ചു.
കേരളത്തിലൂടെ സഞ്ചരിക്കാന്‍ കഴിയാത്തവിധത്തില്‍ റോഡുകള്‍ തകര്‍ന്നു കിടക്കുകയാണ്. വാഹനങ്ങള്‍ കുഴിയില്‍ വീണും അല്ലാതെയും എല്ലാ ദിവസവും നടക്കുന്ന അപകടങ്ങള്‍ കണ്ടു നില്‍ക്കാനാവില്ലെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വ്യക്തമാക്കി.
നല്ല റോഡുകള്‍ ടാക്സ് അടയ്ക്കുന്ന പൗരന്റെ അവകാശമാണ്. കേരളത്തില്‍ എല്ലായിടത്തും ഒരുപോലെയാണ് മഴ പെയ്യുന്നത്. പിന്നെങ്ങനെയാണ് ചില സ്ഥലങ്ങളിലെ മാത്രം റോഡ് തകരുന്നതെന്നും ഹൈക്കോടതി ചോദിച്ചു. നിര്‍മാണം നടത്തി ആറു മാസത്തിനകമാണ് റോഡു തകര്‍ന്നതെങ്കില്‍ ഉത്തരവാദികളായ എന്‍ജിനീയര്‍മാര്‍ക്കും കരാറുകാര്‍ക്കും എതിരെ വിജിലന്‍സ് കേസെടുക്കണമെന്നു കോടതി നിര്‍ദേശിച്ചു. അറ്റകുറ്റപ്പണി നടത്തുന്ന റോഡുകളുടെ കാര്യത്തിലും ഇതു ബാധകമാണെന്നും കോടതി താക്കീത് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: