ന്യൂദല്‍ഹി: ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി നല്കി, ലോക്സഭയിലെ സഭാ നേതാവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഏക്നാഥ് ഷിന്‍ഡെ പക്ഷത്തിലെ 12 വിമത ശിവസേനാ എംപിമാര്‍ ലോക് സഭാ സ്പീക്കറെ കണ്ടു. ഇപ്പോള്‍ ലോക്സഭയിലെ ശിവസേനയുടെ സഭാ നേതാവ് ഉദ്ധവ് പക്ഷക്കാരനായ വിനായക് റാവുത്താണ്. ഇയാള്‍ക്ക് പകരം ഷിന്‍ഡെ പക്ഷക്കാരനായ രാഹുല്‍ ഷെവാലെയെ സഭാ നേതാവാക്കണമെന്ന ആവശ്യമാണ് വിമത ശിവസേന എംപിമാര്‍ ഉയര്‍ത്തുന്നത്. ഇതോടെ ലോക്സഭയിലെ നേതൃത്വത്തെച്ചൊല്ലി ഉദ്ധവ്-ഷിന്‍ഡെ പക്ഷം പരസ്യമായി ഏറ്റുമുട്ടലിന് കളമൊരുങ്ങി.
ചൊവ്വാഴ്ചയാണ് ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് വിമത സേനാ എംപിമാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ഇപ്പോള്‍ ശിവസേനയുടെ ലോക്സഭയിലെ സഭാനേതാവ് ഉദ്ധവ് പക്ഷക്കാരനായ വിനായക് റാവുത്താണ്. ഇദ്ദേഹം കഴിഞ്ഞ ദിവസം ലോക് സഭാ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് ഏക്നാഥ് ഷിന്‍ഡെ പക്ഷത്ത് നിന്നുള്ള വിമത എംപിമാര്‍ക്ക് ഒരു നിലയ്ക്കുള്ള പ്രാതിനിധ്യവും നല്‍കരുതെന്ന് ആവശ്യമുന്നയിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് വിമത എംപിമാരുടെ വെടിപൊട്ടിക്കല്‍. ശിവസേനയുടെ ലോക്സഭയിലെ സഭാ നേതാവായി രാഹുല്‍ ഷെവാലയെ നിയമിക്കണമെന്നും വിമത എംപിമാര്‍ സ്പീക്കറോട് ആവശ്യപ്പെട്ടിട്ടുണ്ട്.
“ശിവസേനയുടെ 12 ലോക്സഭാ അംഗങ്ങള്‍ സ്പീക്കര്‍ ഓം ബിര്‍ളയെ കണ്ട് വിനായക് റാവുത്തിന് പകരം രാഹുല്‍ ഷെവാലെയെ സഭാ നേതാവാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. “- വിമത ശിവസേന എംപി ഹേമന്ത് ഗോഡ്സെ പറഞ്ഞു.
കഴിഞ്ഞ ദിവസം വിനായക് റാവുത്ത് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ താനാണ് സഭാ നേതാവെന്നും രാജന് വിചാരെ ശിവസേനയുടെ ചീഫ് വിപ്പാണെന്നും സൂചിപ്പിച്ചിരുന്നു. ഇതോടെ ലോക്സഭയിലെ നേതൃത്വത്തെച്ചൊല്ലി ഉദ്ധവ് -ഷിന്‍ഡെ വിഭാഗം മറ്റൊരു യുദ്ധത്തിലേക്ക് നീങ്ങുമെന്നുറപ്പായി.
ഭരണമാറ്റം ഉള്‍പ്പെടെ തുടര്‍ച്ചയായി ഷിന്‍ഡെ പക്ഷം ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടി കൊടുത്തുകൊണ്ടിരിക്കുകയാണ്. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഉദ്ധവ് പക്ഷത്തെ മുഴുവന്‍ എംപിമാരും ആദിവാസി ഗോത്രവിഭാഗത്തിലെ ദ്രൗപദി മുര്‍മുവിന് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടതും ഉദ്ധവ് താക്കറെയ്ക്ക് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: