ന്യൂദൽഹി: പ്രവാചക നിന്ദാ കേസിൽ നൂപുർ ശർമ്മയ്ക്കെതിരെ തിടുക്കപ്പെട്ട് ഒരു നടപടിയും എടുക്കരുതെന്ന് സുപ്രീംകോടതി. ഓഗസ്റ്റ് 10 വരെ നൂപുർ ശർമ്മയെ അറസ്റ്റ് ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്തമാക്കി. നൂപുർ ശർമ്മയ്ക്കെതിരെ കേസെടുത്ത സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു.
അറസ്റ്റ് തടയണമെന്നും തനിക്കെതിരെ ചുമത്തപ്പെട്ട ഒൻപത് കേസുകൾ ഒരുമിച്ച് പരിഗണിക്കണം എന്നും ആവശ്യപ്പെട്ടുള്ള നൂപുർ ശർമ്മയുടെ അപേക്ഷ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ നിർദ്ദേശം. കേസുകൾ ഒരുമിച്ച് പരിഗണിക്കുന്ന കാര്യം സുപ്രീം കോടതി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ ശ്രദ്ധയിൽ പെടുത്തി.
നൂപുർ ശർമ്മയുടെ ജീവന് ഭീഷണിയുണ്ടെന്ന അഭിഭാഷകന്റെ വാദം സുപ്രീം കോടതി പരിഗണിച്ചു. നൂപുർ ശർമ്മയെ വധിക്കണമെന്ന് ആവശ്യപ്പെട്ട സൽമാൻ ചിസ്തിയുടെ വിവാദ പ്രസ്താവനയും കോടതി വിശദമായി പരിശോധിച്ചു. ഉത്തർ പ്രദേശിൽ നിന്നും നൂപുർ ശർമ്മയ്ക്ക് ലഭിച്ച മറ്റൊരു വധഭീഷണിയും കോടതി പരിശോധിച്ചു.
ചാനൽ ചർച്ചയ്ക്കിടെ മുഹമ്മദ് നബിയെ നിന്ദിച്ചുവെന്നാരോപിച്ചാണ് മതമൗലിവാദികൾ നൂപുർ ശർമ്മയ്ക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. വിവിധ മുസ്ലീം രാജ്യങ്ങളിൽ നിന്നുൾപ്പെടെ നൂപുർ ശർമ്മയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: